/sathyam/media/post_attachments/G3F7pVHCRS8hWlPYdp7O.jpg)
മണ്ണാർക്കാട്: അട്ടപ്പാടി പാലൂർ തേക്കുവട്ടയിൽ വീണ്ടും ഒറ്റയാനിറങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തെ വാഹനങ്ങൾ തകർത്ത ഒറ്റയാൻ്റെ പരാക്രമത്തിൽ ക്ഷുഭിതരായ നാട്ടുകാർ വനംവകുപ്പ് റാപ്പിഡ് റെസ്പോൺസ് ടീമിനെ തടഞ്ഞു വെച്ചിരുന്നു.
ഇതിനെ തുടർന്ന് പ്രദേശത്തെ ചെറുപ്പക്കാരേയും ബൊമ്മിയാംപടി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരെയും ഉൾപ്പെടുത്തി ഒരു ദ്രുതകർമ്മസേനയ്ക്ക് രൂപം നൽകിയിരുന്നു. കഴിഞ്ഞ ദിവസമിറങ്ങിയ ഒറ്റയാനെ കാടുകയറ്റാൻ വനം വകുപ്പ് ആവതും പരിശ്രമിച്ചെങ്കിലും വനംവകുപ്പിന്റെ വാഹനത്തിനു നേരെ ഒറ്റയാൻ പാഞ്ഞടുക്കുകയാണ് ഉണ്ടായത്.
മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് അവസാനം ഒറ്റയാൻ കാടുകയറിയത്.
കാര്‍ഷിക വിളകള്‍ക്കൊപ്പം ജലസേചനത്തിനുള്ള പൈപ്പുകളും ചവിട്ടി മെതിച്ചാണ് ആനക്കൂട്ടം കടന്നു പോകുന്നത്.
കാട്ടാനകൾ കൂട്ടത്തോടെ എത്താൻ തുടങ്ങിയതോടെ മലയോരവാസികൾ ആശങ്കയിലാണ്. എന്നാൽ ആനകൾ ജന വാസ കേന്ദ്രങ്ങളിലേക്ക് കടന്നെത്തുന്നത് തടയാൻ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം.
കാട്ടാന ശല്യം കാരണം ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ പരാതികളെ അവഗണിക്കുന്ന നിലപാടാണ് അധികൃതർക്ക്. ദ്രുതകർമ സേനകളുടെ ജാഗ്രത ഒരു പരിധിവരെ പ്രയോജനകരമാകുന്നുണ്ട്. ഓരോ പഞ്ചായത്തിലും വനം വകുപ്പിന്റെ ദ്രുതകർമ്മസേനയെ നിയോഗിക്കണം എന്ന ആവശ്യം ഇതോടെ ശക്തമാവുകയാണ്.