മണ്ണാർക്കാട്: ഓട്ടോറിക്ഷയിൽ പ്രസവിച്ച യുവതിയെ ശുശ്രൂഷിച്ചത് കോട്ടോപ്പാടം പിഎച്ച്സിയിലെ ആശ പ്രവർത്തക മൈമൂന. അലനല്ലൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള കോട്ടോപ്പാടം പിഎച്ച്സിയിലെ ഒന്നാം വാർഡിൽ കാപ്പുപറമ്പിൽ പ്രവർത്തിക്കുന്ന ആശ വർക്കർ ആണ് മൈമൂന.
അർദ്ധ രാത്രിക്കാണ് ചൂരിയോട് ആദിവാസി കോളിനിയിലെ ബാബു എന്ന ആളുടെ ഭാര്യ ലീലക്ക് പ്രസവ വേദന വന്നതായി മൈമൂന വിവരമറിയുന്നത്. ഇടയ്ക്ക് കോളനി സന്ദർശിക്കുന്ന സമയം ലീലയെ കാണുകയും എന്തെങ്കിലും സഹായം വേണമെങ്കിൽ എന്നെ വിളിക്കണമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.
രാത്രി മൂന്നു മണിക്ക് ലീലയുടെ ഭർത്താവ് മൈമൂനയെ ഫോണിൽ വിളിച്ച് ഭാര്യക്ക് തീരെ സുഖമില്ലെന്ന് അറിയിച്ചു. രാത്രി പല ഡ്രൈവർമാരെയും വിളിച്ചെങ്കിലും അർദ്ധരാത്രി ആയതുകൊണ്ടും ദുർഘടം പിടിച്ച വഴി ആയതിനാലും ആരും വരാൻ തയ്യാറായില്ല.
മൈമൂന തന്നെ സ്വന്തം പരിചയത്തിലുള്ള ഒരു ഓട്ടോ ഡ്രൈവറേ വിളിക്കുകയും അദ്ദേഹം വരാമെന്ന് പറയുകയും ചെയ്തു. അപ്പോഴേക്കും സമയം പുലർച്ചെ അഞ്ചു മണിയോടടുത്തു. വീട്ടു പടിക്കൽ എത്തിയ ഓട്ടോയിൽ ലീലയെയും കയറ്റി മണ്ണാർക്കാട് താലൂക്ക് ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു.
റോഡ് വളരെ മോശം. കൂടുതൽ സ്പീഡിൽ പോകാൻ കഴിയാത്ത അവസ്ഥ. അപ്പോഴേക്കും ലീലയുടെ നിലവിളി ഉയർന്നു. സഹിക്കാൻ കഴിയാത്ത പ്രസവ വേദന അടുത്തിരിക്കുന്നു. മൈമൂന ലീലയെ പതുക്കെ സീറ്റിൽ പിടിച്ചു കിടത്തി. ഓട്ടോ ഡ്രൈവറോട് ഇറങ്ങി മാറി നിൽക്കാൻ ആവശ്യപ്പെട്ട മൈമൂന വഴിമധ്യേ ആ ഓട്ടോറിക്ഷയിൽ വച്ചു തന്നെ പ്രസവം എടുക്കുകയായിരുന്നു.
ആ പാവപ്പെട്ട അമ്മയെയും കുഞ്ഞിനേയും യഥാർത്ഥത്തിൽ രക്ഷിക്കുകയായിരുന്നു ഈ ആശ പ്രവർത്തക. തുടർന്ന് അവർ ലീലയെയും കുഞ്ഞിനേയും ആശുപത്രിയിൽ എത്തിച്ചു. ഇപ്പോൾ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
ഇക്കാലത്ത് ഒരു എംബിബിഎസ് ഡോക്ടർപോലും പ്രസവം എടുക്കാൻ മടിക്കുന്ന കാലഘട്ടത്തിൽ ധൈര്യപൂർവ്വം ഒരു ആശ വർക്കർ ഒരു ആദിവാസി പെൺ കുട്ടിയുടെ പ്രസവം എടുത്തു മാതൃക കാണിക്കുകയായിരുന്നു.
ആ സമയത്തു ലീലയെ പോലെ ഒരാൾക്കു മൈമൂന തുണയായത് ഒരു വലിയ അനുഗ്രഹം തന്നെ ആണ്. ഇതിന് മുമ്പും മൈമൂന ഇതേ വിധത്തിൽ തോടുകാട് കോളനിയിലെ ആദിവാസി സ്ത്രീയുടെ പ്രസവം എടുത്തിട്ടുണ്ട്. മൂന്നു കോളനികളുടെ ചുമതലയാണ് ഇവർക്കുള്ളത്. ഭർത്താവ് അബൂബക്കർ കൂലിപ്പണിക്കാരനാണ്. മക്കൾ: ഡാലിയ, ഫാഇസ്, അബുറമീസ്.
സമൂഹത്തെ പൊതുജനാരോഗ്യവുമായി ബന്ധിപ്പിക്കുന്ന കണ്ണികളാണ് ആശ പ്രവർത്തകർ. കോവിഡ് ആരംഭിച്ചതിൽ പിന്നെ മൈമൂനയെ പോലുള്ള ആശാ പ്രവർത്തകർക്ക് ഒഴിവുനേരമില്ല. നാടിന്റെയും ജനങ്ങളുടെയും സുരക്ഷയ്ക്കായി തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്ത് ഓടുകയാണിവർ. ഓരോ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലും പൊതുജനാരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് ഇത്തരം ആശമാരുണ്ട്.
ആയിരം പേര്‍ക്ക് ഒരു ആശ എന്ന നിലയിലാണ് ഗ്രാമങ്ങളില്‍ ആശമാര്‍ പ്രവര്‍ത്തിക്കുന്നത്.
എന്നാൽ മൈമൂനയെ പോലുള്ളവർ രണ്ടായിരം പേർക്ക് ഒരാൾ എന്ന നിലയിലാണ് സേവനം ചെയ്യുന്നത്. ആരോഗ്യവകുപ്പിന്റെ പ്രാഥമിക വിവരസ്രോതസ്സാണ് ആശമാര്‍.
പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നടക്കുന്ന അവലോകനയോഗങ്ങളിൽ ഇവര്‍ പങ്കെടുക്കുന്നു. ആശമാരുടെ പ്രവര്‍ത്തനപരിധിയില്‍ വരുന്ന ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിക്കുകയും അത് വിശകലനം ചെയ്ത് അവലോകനയോഗങ്ങളില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു ഇവർ.
ഇതിനൊപ്പം പ്രാദേശികമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പകര്‍ച്ചവ്യാധികളെക്കുറിച്ചും അത് നേരിടാന്‍ കൈക്കൊണ്ട പ്രതിരോധ നടപടികളെപ്പറ്റിയും ചര്‍ച്ചചെയ്യുന്നു.പല വിധത്തിൽ എന്ന നിലയില്‍ ആശമാരുടെ പ്രവര്‍ത്തനം സമൂഹത്തിന്റെ പ്രത്യാശയാവുകയാണ്.