/sathyam/media/post_attachments/Pzy4zKLUfSwfS4AfttoZ.jpg)
പാലക്കാട്: കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസിയിൽ ഇപ്പോഴും 2011ലെ ശമ്പളത്തിനാണ് തൊഴിൽ ചെയ്യുന്നത്. കേരളത്തിലെ എല്ലാ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലും പതിനൊന്നാം ശമ്പളകമ്മീഷൻ പ്രകാരമുള്ള ശമ്പളം വാങ്ങുമ്പോൾ ഒമ്പതാം കമ്മീഷൻ പ്രകാരമുള്ള ശമ്പളം വാങ്ങുന്ന കെഎസ്ആർടിസി ജീവനക്കാരൻ 2 പരിഷ്കാരം പുറകിലാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ 2021 ജൂൺ മാസത്തിൽ കെഎസ്ആർടിസിയിൽ ശമ്പള പരിഷ്കരണം നടത്തുമെന്ന് വാർത്താ സമ്മേളനത്തിൽ ഉറപ്പു നൽകിയിരുന്നെങ്കിലും ഇതുവരെ അത് നടന്നിട്ടില്ല. ആയതിനാൽ മുഖ്യമന്ത്രി വാക്കുപാലിക്കുക, ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്‌ടി എംപ്ലോയീസ് സംഘ് സംസ്ഥാന വ്യാപകമായി കെഎസ്ആർടിസിയിലെ എല്ലാ ഡിപ്പോകളിലും ഏകദിന ഉപവാസം നടത്തുകയാണ്.
ഇതിന്റെ ഭാഗമായി ചിറ്റൂർ ഡിപ്പോയിൽ സംഘടിപ്പിച്ച ഏകദിന ഉപവാസം ജില്ലാ സെക്രട്ടറി ടി.വി.രമേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ എല്ലാ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലും ശമ്പള പരിഷ്കരണം നടത്തിയിട്ടും കെഎസ്ആർടിസി ജീവനക്കാരെ മാത്രം അവഗണിക്കുന്ന സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.
യൂണിറ്റ് പ്രസിഡൻറ് വി.കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോ.സെക്രട്ടറി കെ.കണ്ണൻ, യൂണിറ്റ് സെക്രട്ടറി യു. തുളസീദാസ് , പ്രസിഡൻറ് വി. കണ്ണൻ, സി. ശശാങ്കൻ, കെ..ശിവദാസ് , എ.എസ്.അർജ്ജുൻ , സി. രതീഷ് , വി.ചന്ദ്രപ്രകാശ്, ഹരിദാസൻ , ഷാജുമോൻ എന്നിവർ ഉപവസിച്ചു.
ജില്ലാ ട്രഷറർ മഹേഷ് ഉൾപ്പടെ ബി.എം.എസ്.ന്റെ വിവിധ യൂണിയനുകളിലെ സംഘടനാ നേതാക്കൾ യോഗത്തിന് ആശംസകൾ അറിയിച്ചു. കെഎസ്‌ടി എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി കെ.രാജേഷ് സമാരോപ് പ്രഭാഷണം നടത്തി.