/sathyam/media/post_attachments/6Xps7gGvrqZ2bkSR9wfV.jpg)
പാലക്കാട്: അട്ടപ്പാടിയിലെ ഭൂമി കൈയേറ്റവും മരണങ്ങളും മനുഷ്യകടത്തും സിറ്റിങ്ങ് ജഡ്ജി അന്വേഷിക്കണമെന്ന് ആസാദ് ഹിന്ദ് ഫൗജ് ചെയർമാൻ ഡോ. ഷിഹാബുദീൻ സൈനുദീൻ കൊച്ചുതമ്പി റാവുത്തർ. അട്ടപ്പാടിയിലെ ഭൂമി കൈയേറ്റം അവസാനിപ്പിക്കാൻ സുപ്രീം കോടതിയെ സമീപിക്കുമെന്നും റാവുത്തർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
1960 ലെ സുപ്രീം കോടതി വിധി പ്രകാരം അട്ടപ്പാടി താലൂക്കിലെ മുഴുവൻ ഭൂമിയും വനഭൂമിയാണ് ' 1960 ലെ സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിൽ സംസ്ഥാന ഭരണകൂടങ്ങൾ പരാജയപ്പെട്ടു. ഇത് മുതലെടുത്താണ് മുൻ ചീഫ് സെക്രട്ടറി രാമചന്ദ്രൻ നായരും എച്ച്ആര്‍ഡിഎസും വ്യാപകമായി ഭൂമി കൈയേറിയത്.
വനഭൂമി ക്രയവിക്രയം പാടില്ലെന്ന നിയമം രാഷ്ടീയ സംഘടനകളും സഹകരണ സംഘങ്ങളും ലംഘിച്ചിട്ടുണ്ട്. അട്ടപ്പാടിയിലെ വീട്ടമ്മമാരും യുവതികളും വ്യാപകമായി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്. ഇതാണ് ഗർഭസ്ഥ ശിശുക്കളുടെയും ഗർഭിണികളുടെയും മരണത്തിനിടയാക്കുന്നത്. മയക്ക് മരുന്ന് ആര് എത്തിക്കുന്നു എന്നത് വ്യക്തമല്ല.
ഗുരുതരമായ രോഗങ്ങൾക്കിടയാക്കുന്ന ആഴ്സനിക്ക് ആൽബം ഡോക്ടറുടെ നിർദ്ദേശമില്ലാതെ അട്ടപ്പാടിയിൽ വിതരണം ചെയ്തു. എച്ച്ആര്‍ഡിഎസ് എന്ന സംഘടനയാണ് വിതരണം ചെയ്തത്. ഇവർക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
ഏതാനും വർഷങ്ങൾക്കകത്ത് 6872 ദുരൂഹ മരണങ്ങളാണ് അട്ടപ്പാടിയിൽ സംഭവിച്ചത്. ഇത് സംബന്ധിച്ചും അന്വേഷണമുണ്ടായിട്ടില്ല. മനുഷ്യകടത്തും അട്ടപ്പാടിയിൽ നടക്കുന്നുണ്ട്. ചില സംഘടനകൾ ആദിവാസി സമൂഹത്തെ ചൂഷണം ചെയ്യുന്നുണ്ട്.
നിരവധി ദുഷ്പ്രവർത്തികൾ അരങ്ങേറിയിട്ടും നടപടി ഉണ്ടാവാത്തതിനാലാണ് സിറ്റിംഗ് ജഡ്ജിയുടെ അന്വേഷണം ആവശ്യപ്പെടുന്നതെന്നും റാവുത്തർ പറഞ്ഞു. ആദിവാസി സമരസമിതി ചെയർമാൻ പി.വി സുരേഷും തായ്കുല സംഘം ഭാരവാഹികളും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.