/sathyam/media/post_attachments/gF1uwNtsIDwtqvtNKIx2.jpg)
ചെർപ്പുളശ്ശേരി: ഷൊർണൂർ-നിലമ്പൂർ പാതയിലെ പ്രധാന സ്റ്റേഷനുകളിലൊന്നായ കുലുക്കല്ലൂർ റെയിൽവേ സ്റ്റേഷനിലേക്ക് റോഡ് യാഥാർത്ഥ്യമാക്കാനൊരുങ്ങി ഗ്രാമപഞ്ചായത്ത്. പലവിധ ശ്രമങ്ങൾ മുൻപുണ്ടായിരുന്നെങ്കിലും ഒന്നും ഫലവത്തായില്ല. കൊപ്പം പേങ്ങാട്ടിരി പാതയിൽ റെയിൽവേ ഗേറ്റിൽ ബസിറങ്ങി ഇരുനൂറ് മീറ്ററോളം നടന്നു വേണം ഇപ്പോൾ റെയിൽവേ സ്റ്റേഷനിലെത്താൻ.
വൃദ്ധർക്കും സ്ത്രീകൾക്കും കുട്ടികളുമായി വരുന്നവർക്കുമെല്ലാം ഇത് ദുരിതമാകുന്നുണ്ട്. റോഡ് മാർഗം സ്റ്റേഷനിൽ എത്തണമെങ്കിൽ ഇടുതറ വഴി രണ്ടരക്കിലോമീറ്ററോളം വളഞ്ഞു സഞ്ചരിക്കണം. സ്‌റ്റേഷനിലേക്ക് എളുപ്പത്തിൽ എത്താനുള്ള ഒരു റോഡ് വേണമെന്നത് ദീർഘകാലമായുള്ള ആവശ്യമാണ്. റോഡിനായുള്ള പ്രാരംഭ പ്രവർത്തനങ്ങളുമായാണ് കുലുക്കല്ലൂർ പഞ്ചായത്ത് മുന്നിട്ടിറങ്ങിയിരിക്കുന്നത്.
കുലുക്കല്ലൂർ റെയിൽവേ ഗേറ്റിൽ നിന്നും സ്റ്റേഷനിലേക്ക് ഏകദേശം 380 മീറ്റർ ദൂരം വരുന്ന അപ്രോച്ച് റോഡ് നിർമ്മിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. റെയിൽവെയുടെ അധീനതയിലുള്ള സ്ഥലത്തു കൂടിയായതിനാൽ റോഡ് നിർമാണത്തിന് റെയിൽവേയുടെ അനുമതി വേണം.
പ്രാരംഭ പ്രവർത്തനമെന്ന നിലയ്ക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പദ്ധതിയുടെ പ്ലാനും, എസ്റ്റിമേറ്റും തയ്യാറാക്കി റെയിൽവേയുടെ അനുമതിക്ക് സമർപ്പിക്കും. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം.കെ.ശ്രീകുമാർ, എൻജിനിയർ കെ.കെ.രാജീവ്, ഓവർസിയർ സനിത എന്നിവരുടെ നേതൃത്വത്തിലാണ് റെയിൽവേ സ്‌റ്റേഷൻ അപ്രോച്ച് റോഡിനായി പ്ലാനും, എസ്റ്റിമേറ്റും തയ്യാറാക്കുന്നത്. കുലുക്കല്ലൂർ, കൊപ്പം, വിളയൂർ പഞ്ചായത്തുകളിലുള്ളവരാണ് പ്രധാനമായും സ്റ്റേഷനെ ആശ്രയിക്കുന്നത്.
റെയിൽവേ അനുമതി കിട്ടിയാലുടൻ സാദ്ധ്യമായ ഫണ്ട് ഉപയോഗപ്പെടുത്തി റോഡ് യാഥാർത്ഥ്യമാക്കുകയാണ് പഞ്ചായത്ത് ലക്ഷ്യമെന്ന് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.കെ. ശ്രീകുമാർ വ്യക്തമാക്കി.