കൂടെയുണ്ട്, നീതി ലഭിക്കും വരെ... മൈലംപുള്ളിയില്‍ ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച റിൻസിയയുടെ കുടുംബത്തെ ബിജെപി നേതാക്കൾ സന്ദർശിച്ചു

New Update

publive-image

Advertisment

പാലക്കാട്‌: ഭർത്താവിന്റെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കരിമ്പ ചെറുള്ളി അഹ്‌മദ്‌ സാഹിബിന്റെ മകൾ റിൻസിയയുടെ വീട് ബിജെപി നേതാക്കൾ സന്ദർശിച്ചു. കഴിഞ്ഞ മാർച്ച് 6ന് അർധരാത്രിയിലാണ് റിൻസിയ എന്ന 23 കാരിയെ മൈലംപുള്ളിയിലെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മകൾ സ്വയം മരിച്ചതല്ലെന്നും കൊലപാതകമാണ് നടന്നതെന്നും മാതാപിതാക്കൾ ഉറപ്പിച്ചു പറയുന്നു. പലതരത്തിലുള്ള മാനസിക പീഡനങ്ങൾ റിൻസിയ അനുഭവിച്ചിട്ടുണ്ടെന്നും ഭർത്താവിന്റെ സഹോദരനിൽ നിന്നുള്ള തെറ്റായ സമ്പർക്കം റിൻസിയയുടെ മരണത്തിൽ എത്തിച്ചിരിക്കാമെന്നും, കൊലപാതകം ആത്മഹത്യയായി അവതരിപ്പിക്കാൻ ഭർതൃവീട്ടുകാർ തിരക്കിട്ട ശ്രമങ്ങൾ നടത്തിയതായും റിൻസിയയുടെ സഹോദരൻ റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.

ഏഴു മാസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഉണ്ടായില്ല. ഇതൊരു മാനുഷിക പ്രശ്നമായി കണ്ട് രാഷ്ട്രീയ പാർട്ടികളുടെ ശരിയായ ഇടപെടലും ഉണ്ടായില്ല. അതിനാലാണ് ബിജെപി ഈ വിഷയത്തിൽ ഇടപെടുന്നതെന്നും കുടുംബത്തിന് നീതി  ലഭിക്കാൻ എല്ലാ സഹായവും ബിജെപിയുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും നേതാക്കൾ പറഞ്ഞു.

കോങ്ങാട് പോലീസാണ് റിൻസിയയുടെ മരണം അന്വേഷണം നടത്തുന്നത്. ‘അസ്വാഭാവിക മരണത്തിന് കേസ്' എന്ന നിലയിലാണ് അന്വേഷണം നടക്കുന്നത്. എന്നാൽ പോലീസ് ഇടപെടൽ നീതിയുക്തമല്ലെന്നും രാഷ്ട്രീയ സ്വാധീനം മൂലം കേസ് അട്ടിമറിക്കപെടുമോ എന്നും റിൻസിയയുടെ കുടുംബം സംശയിക്കുന്നു.

ന്യൂനപക്ഷ മോർച്ച സംസ്ഥാന കമ്മിറ്റി അംഗം ഗഫാർ കല്ലടിക്കോട്, ബിജെപി കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണൻ പുല്ലായിൽ, വൈസ് പ്രസിഡന്റുമാരായ ജയപ്രകാശ് പനയംമ്പാടം, ഗോപാലകൃഷ്ണൻ കാഞ്ഞിരാനി തുടങ്ങിയവരാണ് സന്ദർശനം നടത്തിയത്.

palakkad news
Advertisment