/sathyam/media/post_attachments/SGcNSVoVPEngxn6k2jPE.jpg)
പാലക്കാട്: വികലാംഗരായ ചില്ലറ ലോട്ടറിക്കാരെ ചൂഷണം ചെയ്യുന്ന തട്ടിപ്പ് സംഘം പാലക്കാട് ജില്ലയിൽ സജീവമായി. കേരള സംസ്ഥാന ലോട്ടറി ടിക്കറ്റ് വിൽപന നടത്തുന്ന വികലാംഗരായവരെയും വൃദ്ധരെയും കേന്ദ്രീകരിച്ചാണ് ഇവരുടെ തട്ടിപ്പ് അരങ്ങേറുന്നത്.
അമ്പല പറമ്പുകളിലും തെരുവോരങ്ങളിൽ ഒറ്റയ്ക്ക് ലോട്ടറി വിൽപന നടത്തുന്നവരെയും സമീപിച്ച് അവസാന നമ്പറുകൾ തിരുത്തി 100 രൂപ മുതൽ ആയിരം രൂപ വരെ ടിക്കറ്റിൽ സമ്മാനം ഉണ്ടന്ന് ധരിപ്പിച്ച് പണം വാങ്ങിയാണ് ഈ സംഘം തട്ടിപ്പ് നടത്തുന്നത്.
അംഗവൈക്യല്യoമുള്ള ലോട്ടറി വിൽപനക്കാർ സ്ഥാപനങ്ങളിൽ എത്തി ടിക്കറ്റ് മാറാൻ ശ്രമിക്കുമ്പോഴാണ് തട്ടിപ്പിന് ഇരയായ വിവരം അറിയുന്നത്. ചില്ലറ വിൽപ്പനക്കാരുടെ കൈയ്യിൽ സ്കാനിംഗ് മിഷ്യന്‍ ഇല്ലാത്തതിനാല്‍ ഇത്തരം തട്ടിപ്പുകാര്‍ ഇവരെ തിരഞ്ഞെടുത്ത് തട്ടിപ്പ് നടത്തുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ നെന്മാറ, ഒറ്റപ്പാലം, മണ്ണാർക്കാട് തുടങ്ങിയ പ്രദേശങ്ങളിലായാണ് വിവിധ തട്ടിപ്പ് സംഭവങ്ങളിലായി പോലീസിൽ പരാതി എത്തിയിരിക്കുന്നത്. കൊല്ലങ്കോട് അന്ധനായ ലോട്ടറി വിൽപനക്കാരനോട് ലോട്ടറി വാങ്ങിക്കാനാണന്ന വ്യാജേന മുഴുവൻ ടിക്കറ്റും വാങ്ങിച്ച് പഴയ ടിക്കറ്റുകൾ നൽകി തട്ടിപ്പ് നടത്തിയ സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പോക്കറ്റടി സംഘങ്ങളും പുതിയ ഇരയായി ചില്ലറ ലോട്ടറി വിൽപനക്കാരെ വേട്ടയാടുകയാണ്. ഔദ്യോഗിക ചില്ലറ ലോട്ടറി വില്‍പനക്കാർക്ക് സ്കാനിംഗ് മിഷ്യന്‍ നൽക്കണമെന്ന ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്.
-സുദേവൻ നെന്മാറ