പാലക്കാട്: ലോട്ടറി വിൽപ്പന തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ലോട്ടറി ഏജൻ്റ് & സെല്ലേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെ.സിപ്രീത്. ക്ഷേമനിധി ആനുകൂല്യങ്ങൾ തടഞ്ഞുവെക്കുന്നതിൽ നിന്നും ബോർഡ് അധികൃതർ പിന്മാറണ മെന്നും കെ.സി പ്രീത് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കേരള ലോട്ടറി വിൽപ്പന ലോബികളാണ് നിയന്ത്രിക്കുന്നത്. കോവിഡ് കാലത്ത് ലോട്ടറി വിൽപ്പന വ്യാപകമായി കുറഞ്ഞിരിക്കുകയാണ്. ലോട്ടറി വില 40 രൂപയിൽ നിന്ന് 20 രൂപയാക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കണം.
ക്ഷേമനിധിയിൽ അംഗമാവാൻ 10000 രൂപയുടെ വിൽപ്പന എന്നത് 25000 ആക്കിയത് പരിശോധിക്കണം. മറ്റു തൊഴിലെടുക്കാൻ കഴിയാത്ത അവശ വിഭാഗമാണ് ലോട്ടറി വിൽപ്പന മേഖലയിലേക്ക് കടന്നു വരുന്നത്.
സർക്കാർ വരുമാനത്തിനപ്പുറം മനുഷ്യത്വപരമായി നയങ്ങൾ രൂപീകരിക്കുന്നില്ലെന്നും കെ.സി പ്രീത് ആരോപിച്ചു. ജില്ല ഭാരവാഹികളായ മധുസൂധനൻ, ശിവരാമകൃഷ്ണൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.