/sathyam/media/post_attachments/fx4hhFHKlw7x7dID0Gn5.jpg)
പാലക്കാട്: ആദിവാസിയുവാവിന്റെ കൊലപാതകത്തെ ആത്മഹത്യയാക്കുന്ന പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് കൊല്ലങ്കോട് പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ച എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടിയെ പോലിസ് കള്ളക്കേസില്‍ കുടുക്കിയതായി ആരോപണം.
ജുലൈ 24ന് ഗോവിന്ദാപുരം അംബേദ്കര്‍ കോളനി സ്വദേശി ശിവരാജന്‍ (24) മീങ്കര ഡാമില്‍ മുങ്ങിമരിച്ച സംഭവം ഉന്നത പോലിസ് സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കൊല്ലങ്കോട് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
മാര്‍ച്ചിനെ അഭിവാദ്യം ചെയ്ത് കൊണ്ട് വിളയോടി ശിവന്‍കുട്ടി സംസാരിച്ചു. പ്രസംഗത്തില്‍ പോലിസിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മാര്‍ച്ചിന് ശേഷം കഴിഞ്ഞ ദിവസം മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ പോലിസ് പിന്തുടര്‍ന്നതായും കൊല്ലങ്കോടി സി.ഐ വിബിന്‍ദാസ് റോഡില്‍ തടഞ്ഞ് നിര്‍ത്തി പോലിസ് സ്‌റ്റേഷനിലേക്ക് വരാന്‍ പറഞ്ഞതായും വിളയോടി ശവന്‍കുട്ടി പറഞ്ഞു.
യാതൊരു കേസും വാറണ്ടുമില്ലാതെ സ്റ്റേഷനിലേക്ക് വരാന്‍ തയ്യാറല്ലെന്ന് അദ്ദേഹം പോലിസിനെ അറിയിച്ചു. ഇതേ തുടര്‍ന്ന് ഡിവൈഎസ്പി ബന്ധപ്പെടും എന്നറിയിച്ച് കൊല്ലങ്കോടി സിഐ വിബിന്‍ദാസ് ഔദ്യോഗിക വാഹനത്തില്‍ ഇരുന്ന് വിളയോടി ശിവന്‍കുട്ടിയുടെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.
തുടര്‍ന്ന് ഇന്ന് രാവിലെ ചിറ്റൂരിലുള്ള വിളയോടി ശിവന്‍കുട്ടിയുടെ വീട്ടില്‍ രണ്ട് പോലിസുകാര്‍ എത്തുകയും എഎസ്പി ഓഫിസിലേക്ക് കൂട്ടിക്കൊണ്ട് പോകുകയുമായിരുന്നു. സാമൂഹ്യ പ്രവർത്തകനെ അപമാനിച്ച ഈ സംഭവത്തിൽ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്.