/sathyam/media/post_attachments/vH6CKu8qxcJH8rgtPSqx.jpg)
പാലക്കാട്: 1997ൽ കേരളത്തിലെ പരിഷ്കരിച്ച സ്കൂൾ പാഠ്യപദ്ധതിയെ സമ്മിശ്രവികാരങ്ങളോടെയാണ് അധ്യാപകസമൂഹം സമീപിച്ചത്. അത് നന്നായി നടപ്പാക്കുന്ന ഇടങ്ങളിൽ കുട്ടികള്‍ക്ക് പഠനത്തില്‍ സദ്ഫലങ്ങളുണ്ടാകുന്നുവെന്നത് പൊതുവേ, അവരിൽ ആത്മവിശ്വാസം വളര്‍ത്തി.
എന്നിരുന്നാലും പരിഷ്കരണത്തെ പൂർണമായി അധ്യാപകർ ഉൾക്കൊണ്ടുവെന്നു പറയാനാവില്ല. ഇക്കാര്യത്തില്‍ ഫിന്‍ലന്‍ഡ് ഉള്‍പ്പെടെയുള്ള നോര്‍ദിക് രാജ്യങ്ങളുടെ അനുഭവങ്ങള്‍ പഠിക്കുന്നത് പാഠ്യപദ്ധതിരൂപീകരണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ആശയവ്യക്തത നല്കാന്‍ സഹായിക്കുമെന്നത് തീര്‍ച്ചയാണ്.
അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഉത്തരവാദിത്വങ്ങളും റോളും പുനര്‍നിര്‍വചിച്ച് കൃത്യമാക്കാന്‍ അത് ഏറെ സഹായകമാവുകയും ചെയ്യും. ഇതിനുതകുന്ന ധാരാളം പുസ്തകങ്ങള്‍ ലോകവിദ്യാഭ്യാസ സാഹിത്യത്തില്‍ ഇന്നു ലഭ്യമാണ്.
അവയില്‍ എന്തുകൊണ്ടും ഈടുറ്റ ഒരു ഗ്രന്ഥമാണ് 'സ്കൂൾ പഠനത്തിന്റെ ഫിൻലാൻഡ് മാതൃക'. ക്ലാസുമുറിയിലെ സര്‍ഗാത്മകമായ ഒട്ടേറെ പഠന സന്ദര്‍ഭങ്ങളെ വിവരിക്കുകയും അവയെ അപഗ്രഥിച്ച് പലതിന്റെയും സൈദ്ധാന്തികവശങ്ങള്‍ ലളിതമായി അവതരിപ്പിക്കുകയുമാണ് 'സ്കൂൾ പഠനത്തിന്റെ ഫിൻലാൻഡ് മാതൃക' എന്ന പുസ്തകം ചെയ്യുന്നത്.