പറുദീസായുടെ പാറാവുകാരൻ കൂടുമാറി... പാലക്കാട് ജില്ലാ ജയിലിൻ്റെ തരിശുഭൂമി പറുദീസയാക്കി മാറ്റിയ ജയിൽ സൂപ്രണ്ട് കെ. അനിൽകുമാർ കൂടുമാറി, സ്ഥലം മാറ്റം വിയ്യൂർ ജയിലിലേക്ക്

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

മലമ്പുഴ: പാലക്കാട് ജില്ല ജയിലിൻ്റെ തരിശുഭൂമി പറുദീസയാക്കി മാറ്റിയ ജയിൽ സൂപ്രണ്ട് കെ.അനിൽകുമാർ കൂടുമാറി. ഔദ്യോഗിക സ്ഥലം മാറ്റം വിയ്യൂർ ജയിലിലേക്ക്.

ചൊവ്വാഴ്ച്ച ജയിൽ ഓഡിറ്റോറിയത്തിൽനടന്ന യാത്രയയപ്പ് സമ്മേളനം എ. പ്രഭാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികൾ, കലാ സാംസ്ക്കാരിക പ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിലുള്ളവർ യാത്രയയപ്പ് സമ്മേളനത്തിൽ പങ്കെടുത്തു.

2019 നവംബർ 15 നാണ് കെ. അനിൽകുമാർ പാലക്കാട് ജില്ലാ ജയിൽ സൂപ്രണ്ടായി ചാർജെടുക്കുന്നത്. എട്ട് ഏക്കർ വിസ്തീർണ്ണമുള്ള ജയിൽ വളപ്പിൽ രണ്ട് ഏക്കർ സ്ഥലത്ത് ജയിൽ കെട്ടിടങ്ങൾ, ബാക്കി ആറ് ഏക്കർ സ്ഥലം തരിശുഭൂമിയായി കിടക്കുന്നതുകണ്ടപ്പോൾ സൂപ്രണ്ട്‌ കെ. അനിൽകുമാറിലെ പ്രകൃതി സ്നേഹവും കാർഷിക താൽപര്യവും സടകുടഞ്ഞെഴുന്നേറ്റു.

publive-image

അധികാരികളിൽ നിന്നും അനുവാദം വാങ്ങി സഹപ്രവർത്തകരേയും തടവുകാരേയും ചേർത്തു പിടിച്ച് മണ്ണിലേക്കിറങ്ങി. രണ്ടു വർഷം കൊണ്ട് ജയിൽ വളപ്പ് പറുദീസയാക്കി മാറ്റി. മാത്രമല്ല വിവിധ പദ്ധതികളിലൂടെ സർക്കാരിലേക്ക് നല്ലൊരു വരുമാനമാർഗ്ഗവും തുറന്നുകൊടുത്തു.

നെല്ല്, ചോളം, രാഖി, കരിമ്പ്, വിവിധയിനം വാഴ തുടങ്ങി പച്ചക്കറി കൃഷിയിൽ നിന്നും ലഭിക്കുന്ന ഉൽപന്നങ്ങൾ ആവശ്യം കഴിഞ്ഞ് വിൽക്കുന്നതിൽ നിന്നും ലഭിക്കുന്ന തുക സർക്കാരിലേക്ക് അടക്കുന്നു.

പൂക്കൃഷിയിൽ നിന്നും നല്ലൊരു തുക സർക്കാരിന് ലഭിക്കുന്നുണ്ട്. ശലഭോദ്യാനം, നക്ഷത്ര വനം, ക്ഷീരപഥം എന്ന ഗോശാല എന്നിവ ശ്രദ്ധേയമാണ്. ഥാർ പാർക്കർ ഇനത്തിൽ പെട്ട പശുവിനെയാണ് ആദ്യം സമ്മാനമായി ലഭിച്ചത്. ഇപ്പോൾ ഒരു മൂരിയും മൂന്ന് പശുക്കളും അതിൽ കൗമുദി പശു പ്രസവിച്ച ഒരു മൂരിക്കുട്ടനുമുണ്ട്.

പശുവിൻ ചാണകവും മൂത്രവും കൃഷിക്ക് വളമായി ഉപയോഗിക്കുന്നു. പാൽ തടവുകാർക്ക് ചായയായി നൽകുന്നു. ബയോഗ്യാസ് പ്ലാൻ്റ് വഴി പാചകവാതക സിലൻ്ററിൻ്റെ ഉപയോഗം ഗണ്യമായി കുറയുന്നതുകൊണ്ട് പാചകവാതക ചിലവ് കുറയുന്ന ഇനത്തിലും സർക്കാരിന് ലാഭം ഉണ്ടാകുന്നു. സോളാർ പ്ലാൻ്റാണ് മറ്റൊരു പദ്ധതി. ഇതിലൂടെ വൈദ്യുതി ബില്ലിലും ഗണ്യമായ ലാഭമാണ് സർക്കാരിനുണ്ടാകുന്നത്.

publive-image

നാരങ്ങ, മാതള നാരങ്ങ, വിവിധ ഇനം പേര, റംബൂട്ടാൻ, പപ്പായ, സപ്പോട്ട, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങി വൻ പഴവർഗ്ഗ ചെടികളുടെ ശേഖരം തന്നെ ഇവിടെയുണ്ട്. അവയിൽ പലതും ഫലം തന്നു തുടങ്ങിയിട്ടുണ്ട്.

തരിശു കിടന്ന ഭൂമിയെ ഇത്തരത്തിൽ ഹരിതാഭമാക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നും അതിനായി സഹകരിക്കുകയും സഹായിക്കുകയും ചെയ്ത സഹപ്രവർത്തകരോടും അധികാരികളോടും തടവുകാരോടും പ്രത്യേകം നന്ദിയുണ്ടന്നും ഇത് എൻ്റെ മാത്രം നേട്ടമല്ല ഒരു ടീമിൻ്റെ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

എറണാംകുളം, കണ്ണൂർ, കോഴിക്കോട്, വിയ്യൂർ എന്നീ ജയിലുകളിൽ മുമ്പ് ജോലി ചെയ്തിട്ടുള്ള ഇദ്ദേഹം അവിടെയെല്ലാം പുതുമയും ഉപകാരപ്രദമായ പല പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. വീണ്ടും വിയ്യൂർ ജയിലിൽ എത്തുമ്പോൾ ഇദ്ദേഹത്തിൻ്റെ മനസ്സിൽ നിന്നും വരുന്ന നവീന ആശയം നമുക്ക് കാത്തിരുന്ന് കാണാം.

palakkad news
Advertisment