വയോജന സംരക്ഷണ ബോധവൽക്കരണത്തിന് പാലക്കാട് ജനമൈത്രി പോലീസിന്റെ ചെറുസിനിമ ‘ഒപ്പം ഉണ്ട്' പുറത്തിറങ്ങി

New Update

publive-image

Advertisment

പാലക്കാട്: വയോജനങ്ങൾ വീടകങ്ങളിൽ സ്വന്തം മക്കളാൽ തന്നെ അവഗണിക്കപ്പെടുന്ന സാഹചര്യത്തിൽ ജനങ്ങളെ കൂടുതൽ ബോധവാന്മാരാക്കുന്നതിന് പോലീസുകാർ ഒരുക്കിയ ചെറുസിനിമ പുറത്തിറങ്ങി. ചിത്രത്തിന്റെ പ്രിവ്യൂ പ്രദർശനം പാലക്കാട് പ്രിയ തിയേറ്ററിൽ നടന്നു.

വയോജന സംരക്ഷണ ബോധവൽക്കരണ കർമപദ്ധതികളുടെ ഭാഗമായി പാലക്കാട്‌ ജില്ലാ ജനമൈത്രി പോലീസ് പുറത്തിറക്കിയ ഷോര്‍ട്ട് ഫിലിമിന്റെ രചന നിര്‍വഹിച്ചതും പ്രധാന വേഷത്തിൽ അഭിനയിച്ചവരും പോലീസ് ഉദ്യോഗസ്ഥരാണ്.

വരദം മീഡിയയുടെ മുഖ്യ സഹകരണത്തോടെ 'ഒപ്പം ഉണ്ട് ' എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത് ഉണ്ണി വരദം ആണ്.തിരക്കഥയും സംഭാഷണവും കൂടുതൽ വിപുലപ്പെടുത്താതെ സന്ദേശം മാത്രം കൈമാറുന്നവിധം വ്യത്യസ്തവും ആകർഷകവുമായ രീതിയിലാണ് ആവിഷ്‌ക്കാരം.

സിജിൽ കൊടുങ്ങല്ലൂർ രചിച്ച ആമുഖ ഗാനവും ചിത്രത്തെ സ്വീകാര്യമാക്കുന്നുണ്ട്. ജനമൈത്രി ബീറ്റ് ഓഫീസർമാർ വീടുകൾ കേന്ദ്രീകരിച്ച് നടത്തുന്ന ആശയ വിനിമയത്തിലൂടെയും ഗൃഹസന്ദർശനത്തിലൂടെയുമാണ് സമൂഹത്തിനെ ഉണർത്താനാവശ്യമായ മാനുഷിക സന്ദേശം ഈ ചിത്രത്തിലൂടെ നൽകുന്നത്.

അണു കുടുംബമായി ജീവിക്കുന്ന ആധുനിക കാലത്ത് വീടുകളിൽ പ്രായമായവർ അനുഭവിക്കുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ എന്താണെന്ന് ആളുകളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ നിർമിച്ച ഷോർട്ട് ഫിലിം മികച്ച സന്ദേശം തന്നെയാണ് നൽകുന്നത്.

മുതിർന്നവരോടും രക്ഷിതാക്കളോടും പ്രകടിപ്പിക്കുന്ന മക്കളുടെ തെറ്റായ വാക്കുകളും പ്രയോഗങ്ങളും ഒഴിവാക്കണമെന്നും ഷോർട്ട് ഫിലിം ആവശ്യപ്പെടുന്നു. മൊബൈൽഫോൺ ദുരുപയോഗത്തിലേക്ക് പോകുന്ന കുട്ടികളുടെ മേൽ രക്ഷിതാക്കൾക്കൊരു കണ്ണു വേണമെന്ന സാന്ദർഭികമായ ഓർമപ്പെടുത്തലും ഈ കൊച്ചു സിനിമ മനോഹരമായി കൈകാര്യം ചെയ്തിരിക്കുന്നു.

പോലീസ് സാധാരണ ജനങ്ങളോടും വയോജനങ്ങളോടും കാണിക്കേണ്ട സ്നേഹപൂർവമായ ഇടപെടൽ ആവിഷ്ക്കരിച്ചു കൊണ്ടാണ് ഫിലിം അവസാനിക്കുന്നത്. ഒറ്റപ്പെടലിന്റെ ഏകാന്തതയിൽ വിഷമിച്ച്‌ കഴിയേണ്ടവരല്ല മുതിർന്ന പൗരന്മാർ എന്ന് സമൂഹത്തെ ഓര്‍മപ്പെടുത്തുകയും സ്നേഹവും കരുണയും നിറഞ്ഞ കുടുംബജീവിതത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ജനമൈത്രി പോലീസ് തയ്യാറാക്കിയ ഈ ചിത്രം രഘു പാലക്കാട് എഡിറ്റിംഗും സജിത്ത് ടി. സി.ക്യാമറയും നിർവ്വഹിച്ചിരിക്കുന്നു.

സ്ക്രിപ്റ്റ് :വിശ്വരാജ് തേങ്കുറുശ്ശി, നിർവഹണം: ശ്രീനി ചക്കുമാശ്ശേരി, ജയേന്ദ്രശർമ. പിആർഒ: സമദ് കല്ലടിക്കോട്, രാകേഷ് റാം, സതീഷ് ചന്ദ്രൻ, പ്രമിത എം,ശരത് പാലക്കാട്‌, കൃഷ്ണൻ കെ. നായർ, സുജയ് തുടങ്ങിയവർ അണിയറ പ്രവർത്തകരാണ്.

പ്രിയ തിയേറ്ററിൽ നടന്ന പ്രദർശനം കാണാൻ ജില്ലാ പോലീസ് മേധാവി വിശ്വനാഥ്‌ ആർ. ഐ പി എസ്, സി.ഡി.ശ്രീനിവാസൻ (ഡി വൈ എസ് പി നാർക്കോട്ടിക് സെൽ & എസ് പി സി പ്രോജക്ട്) തുടങ്ങിയവർ എത്തിയിരുന്നു. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി ചിത്രം പ്രേക്ഷകരിലെത്തിക്കുമെന്ന് ജനമൈത്രി പോലീസ് പാലക്കാട് ജില്ലാ ഘടകം അറിയിച്ചു.

palakkad news
Advertisment