/sathyam/media/post_attachments/CYtP57iTEJEYXNLgsDMU.jpg)
പാലക്കാട്: പുരാവസ്തു വിൽപ്പനയുടെ പേരിൽ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോൻസൻ മാവുങ്കലിനെ സർക്കാരുമായി ബന്ധിപ്പിക്കുന്ന കണ്ണികളെ സംബന്ധിച്ച് അന്വേഷണം നടക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
ഇയാളെയും സംസ്ഥാന സർക്കാരിനെയും തമ്മിൽ ബന്ധിപ്പിച്ച ഇടനിലക്കാരിയെ പറ്റി അന്വേഷിക്കണമെന്നും മങ്കരയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥൻമാരുമായും ഐഎഎസ്സുകാരുമായും രാഷ്ട്രീയ നേതാക്കളുമായുമുള്ള മോൻസന്റെ ബന്ധം ക്രൈബ്രാഞ്ച് അന്വേഷിച്ചാൽ പുറത്തുകൊണ്ടു വരാനാവില്ല.
ഇടനിലക്കാരിക്ക് അഖില കേരള സഭയിൽ നിർണായക പങ്കാളിത്തമുണ്ടായെന്നാണ് സംശയിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ പല വിദേശയാത്രകളിലും ഇവർ പങ്കെടുത്തിട്ടുണ്ടെന്ന വിവരങ്ങളുണ്ട്. ഇടനിലക്കാരും അധികാരത്തിന്റെ ഇടനാഴിയിൽ അഴിമതിക്ക് വേണ്ടി സഹായിച്ചവരും കുടുങ്ങണം.
മോൻസനുമായി ബന്ധമുള്ള കോൺഗ്രസ് നേതാക്കളെ കുറിച്ച് അന്വേഷിക്കണ്ടെന്ന സർക്കാരിന്റെ നിലപാട് ഒത്തുതീർപ്പ് രാഷ്ട്രീയമാണ്. മുഖ്യമന്ത്രിയുടെ മൗനം എന്താണെന്ന് മനസിലാവുന്നില്ല. സർക്കാരിനെ ആദ്യം മുതൽ നയിക്കുന്നത് ഇടനിലക്കാരികളാണെന്ന് എല്ലാവർക്കും അറിയാം. ഇവർക്കെങ്ങനെ തന്റെ സർക്കാരിൽ ഇത്രയും സ്വാധീനമുണ്ടാവുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.