കോഴിക്കോട്: കേരള ചലച്ചിത്ര അക്കാദമിയും പയ്യന്നൂർ ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഗാന്ധി ചലച്ചിത്രോത്സവത്തിന് ആദ്യദിവസത്തെ പന്ത്രണ്ടു മണിക്കൂറിൽ തന്നെ പതിമൂവായിരത്തിലധികം പ്രേക്ഷകരെ ആകർഷിക്കാനായി.
മറ്റൊരു ഓൺലൈൻ ഫിലിം ഫെസ്റ്റിവലിനും ലഭിക്കാത്ത സ്വീകാര്യതയാണ് ഗാന്ധി ചലച്ചിത്രോൽസവത്തിന് ലഭിക്കുന്നത്. കേരളത്തിലെ സ്കൂളുകൾ, കോളേജുകൾ, സംസ്കാരിക സംഘടനകൾ, വായനശാലകൾ, റസിഡൻഷ്യൽ അസോസിയേഷനുകൾ തുടങ്ങിയവയെല്ലാം ഈ പരിപാടി ഏറ്റെടുക്കുകയും സിനിമകൾ കാണാനുള്ള ലിങ്കുകൾ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചെയ്തതുകൊണ്ടാണ് ഇത്രയധികം പ്രേക്ഷകർ ഒറ്റദിവസംകൊണ്ട് ഉണ്ടായത്.
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ കൃത്യം ആറുമണിക്ക് ആരംഭിച്ച പ്രദർശനത്തിന് ആദ്യ മണിക്കൂറിൽ തന്നെ മൂവായിരത്തിനടുത്ത് പ്രേക്ഷകർ ഉണ്ടായി. ഒട്ടേറെ പ്രേക്ഷകർ ഒരേസമയം കയറിയത് കൊണ്ട് ഓപ്പൺ ഫ്രെയിമിന്റെ സ്ട്രീമിംഗ് പ്ലാറ്റ്ഫോം അൽപസമയം പതുക്കെയാവുകപോലുമുണ്ടായി.
എന്നാൽ പെട്ടെന്ന് തന്നെ സർവ്വറിന്റെ ശക്തി ഉയർത്തിയതിനാൽ ആളുകൾക്കെല്ലാം യാതൊരു തടസ്സവുമില്ലാതെ തുടർന്ന് സിനിമ കാണാൻ കഴിഞ്ഞു. ഗാന്ധി ചലച്ചിത്രമേളയെ ഏറ്റെടുത്തുകൊണ്ട് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നു മാത്രമല്ല ഗൾഫ് രാജ്യങ്ങളിൽ നിന്നടക്കം നിരവധി വ്യക്തികളും സ്ഥാപനങ്ങളും നടത്തിയ പ്രവർത്തനമാണ് ഇത്രയധികം പ്രേക്ഷകരെ ഇതിലേക്ക് ആകർഷിച്ചത്.
ശ്യാം ബെനഗൽ സംവിധാനം ചെയ്ത 'ദ മേക്കിങ് ഓഫ് ദ മഹാത്മ' എന്ന ഗാന്ധിസിനിമയാണ് മേളയുടെ ഒന്നാം ദിവസം പ്രദർശിപ്പിച്ചത്. ഇംഗ്ലീഷ് ഭാഷയിലുള്ള ചിത്രത്തിന് ഓപ്പൺ ഫ്രെയിം പ്രവർത്തകർ നിർമ്മിച്ച മലയാളം ഉപശീർഷകവും ഉണ്ടായിരുന്നു. കവി പി എൻ ഗോപീകൃഷ്ണൻ ഗാന്ധി ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു. ആർ നന്ദലാൽ ചിത്രം പരിചയപ്പെടുത്തി സംസാരിച്ചു.
ഗാന്ധി ചലച്ചിത്രോത്സവത്തിലെ രണ്ടാംദിവസമായ ഇന്ന് (ഒക്ടോബർ മൂന്നിന്) റിച്ചാർഡ് അറ്റൻബറോ സംവിധാനം ചെയ്ത, എട്ടു ഓസ്കാർ പുരസ്കാരങ്ങൾ നേടിയ ഗാന്ധി എന്ന വിശ്വ പ്രസിദ്ധമായ ചിത്രം മലയാളം / ഇംഗ്ലീഷ് ഉപശീർഷകത്തോടെ പ്രദർശിപ്പിക്കും.
മേളയുടെ സമാപന ദിവസം ഗിരീഷ് കാസറവള്ളി സംവിധാനം ചെയ്ത, മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരമടക്കം ഒട്ടേറെ ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ കൂർമ്മാവതാര എന്ന ചിത്രം പ്രദർശിപ്പിക്കും. ഒരാഴ്ചക്കാലം ഈ ചിത്രങ്ങൾ സൈറ്റിൽ നിലനിർത്തും.
സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികത്തോടനുബന്ധിച്ച് രാജ്യമൊട്ടാകെ ആചരിച്ചുവരുന്ന 'ആസാദി കാ അമൃത് മഹോത്സവ്' പരിപാടിയുടെ ഭാഗമായാണ് സാംസ്കാരിക കാര്യ വകുപ്പിന്റെ കൂടി നേതൃത്വത്തിൽ ഓൺലൈനിൽ ഗാന്ധി ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.
https://openframe.online/ ഈ ലിങ്കിൽ സിനിമകൾ കാണാം.