മണ്ണാർക്കാട്: സൈലൻറ് വാലി ദേശീയ ഉദ്യാനത്തിനുചുറ്റും പരിസ്ഥിതി ലോല മേഖലയാക്കുന്നതിനെ സംബന്ധിച്ച് അന്തിമ കരട് വിജ്ഞാപനം ഇറക്കാനിരിക്കെ ഇക്കാര്യത്തിൽ മലയോര മേഖലയിലുള്ളവർ ആശങ്കപ്പെടേണ്ടതില്ലെന്ന് സൈലൻ്റ് വാലി വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു.
നിലവിൽ സൈലൻറ് വാലിക്ക് ചുറ്റും പ്രഖ്യാപിച്ച സംരക്ഷിത വനമേഖല തന്നെയാണ് പരിസ്ഥിതി ലോല പ്രദേശമായി കരട് വിജ്ഞാപനത്തിൽ ഉള്ളതെന്ന് വൈൽഡ് ലൈഫ് വാർഡൻ വ്യക്തമാക്കി.1984 നവംബർ 23നാണ് സൈലൻറ് വാലിയെ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചത്. 2007 ഫെബ്രുവരി 7 ന് ഉദ്യാനത്തിനു ചുറ്റും 148 ചതുരശ്ര കിലോമീറ്റർ സംരക്ഷിത വനമേഖലയും പ്രഖ്യാപിച്ചു. ഇതേ സംരക്ഷിത വനമേഖലയാണ് ഇപ്പോൾ പരിസ്ഥിതി ലോല വനമേഖലയാക്കുന്നത്.
സൈലൻറ് വാലിയുടെ സംരക്ഷിത വനമേഖലയിൽ നിന്ന് വടക്കുഭാഗത്ത് ഒന്നര കിലോമീറ്റർ വരെയും തെക്ക് - വടക്ക് ഭാഗത്ത് 2.6 കിലോമീറ്റർ മുതൽ 5.6 കിലോമീറ്റർ വരെയും കിഴക്കുഭാഗത്ത് 4.3 കിലോമീറ്റർ മുതൽ 6.55 കിലോമീറ്റർ വരെയും തെക്ക് കിഴക്ക് ഭാഗത്ത് 3.2 കിലോമീറ്റർ മുതൽ 9 കിലോമീറ്റർ വരെയും തെക്ക് ഭാഗത്ത് 0.5 കിലോമീറ്റർ മുതൽ 3.9 കിലോമീറ്റർ വരെയും തെക്ക് - പടിഞ്ഞാറ് ഭാഗത്ത് 1.3 കിലോമീറ്റർ മുതൽ മുതൽ 3 കിലോമീറ്റർ വരെയും പടിഞ്ഞാറുഭാഗത്ത് 1.5 കിലോമീറ്റർ മുതൽ 1 കിലോമീറ്റർ വരെയും യും വടക്ക് - പടിഞ്ഞാറ് ഭാഗത്ത് 1.6 കിലോമീറ്റർ മുതൽ 5 കിലോമീറ്റർ വരെയുമാണ് സംരക്ഷിത വനമേഖലയുള്ളത്. 148 കിലോമീറ്റർ സ്ഥലമാണ് ആകെയുള്ളത്.ഇതേ വനമേഖല തന്നെയാണ് പരിസ്ഥിതി ലോല വനമേഖലയിലും (ഇ എസ് സെസ്) ഉൾപ്പെട്ടിട്ടുള്ളതെന്നാണ് വൈൽഡ് ലൈഫ് വാർഡൻ പറയുന്നത്.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ വർഷം ഒക്ടോബർ 27 ന് പുനഃപ്രസിദ്ധീകരിച്ച കരട് വിജ്ഞാപനത്തിൽ മാറ്റമില്ലാതെയാണ് അംഗീകാരം നൽകാൻ തീരുമാനമുണ്ടായിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇതുവരെയും ആയിട്ടില്ലെന്നും ചില അവ്യക്തതകൾ പരിഹരിക്കാൻ വീണ്ടും നിർദേശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംരക്ഷിത വനമേഖലയിൽ 544 കുടുംബങ്ങളിലായി 2200 പേർ താമസിക്കുന്നുണ്ട്. ഇവർ പുരാതന ഗോത്രവർഗ്ഗക്കാരാണ്. മറ്റു വിഭാഗത്തിലുള്ളവർ സംരക്ഷിത വനമേഖലയിലില്ല. മറ്റുള്ളവരുടെ കൃഷിഭൂമിയും ഈ മേഖലയിൽ ഉൾപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സൈലൻറ് വാലി ദേശീയ ഉദ്യാനത്തിനുചുറ്റും 9 കിലോമീറ്റർ വരെ പരിസ്ഥിതി ലോല മേഖലയാക്കുന്നതിനുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ കരട് വിജ്ഞാപനം അതേപടി അംഗീകരിക്കാൻ തീരുമാനിച്ചതായി വാർത്തയുണ്ടായിരുന്നു.
ഇതോടെയാണ് മലയോരമേഖലയിലുള്ള ആയിരങ്ങൾക്ക് തങ്ങളുടെ ഭൂമിയും കിടപ്പാടവും കൃഷിയും നഷ്ടപ്പെടുമോയെന്ന ആശങ്ക ഉടലെടുത്തത്. ഇതിനെതിരെ കർഷക സംഘടനകൾ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. ഇതോടെയാണ് കഴിഞ്ഞ ദിവസം ചുമതലയേറ്റ വൈൽഡ് ലൈഫ് വാർഡൻ എസ്. വിനോദ് മാധ്യമങ്ങളോട് പ്രതികരിച്ചത്.