/sathyam/media/post_attachments/TzppCtLWasJnGbAHWZr9.jpg)
പാലക്കാട്: പുതുമുഖങ്ങളെ അണിനിരത്തി പരപ്പനങ്ങാടി കോവിലകം, കരിങ്കപ്പാറ, തെന്നല, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ മലയാളചിത്രം ‘പാട്ടുപെട്ടി ’ ഒരുങ്ങുന്നു.
ഭാസ്കരൻ കരിങ്കപ്പാറയുടെ രചനയിൽ മിഥുൻ മനോഹർ ആണ് സംവിധാനം. ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ ഫെയ്സ് ബുക്കിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്യുക. നിർമാതാവില്ലാത്ത സിനിമ എന്നൊരു പ്രത്യേകതയും 'പാട്ട്പെട്ടി'ക്കുണ്ട്.
ജീവിതമേൽപ്പിച്ച കനത്ത ക്ഷതങ്ങളുടെ തീരാവേദനയുമായി പാട്ട് പെട്ടിക്ക് മുന്നിൽ കണ്ണീരണിഞ്ഞ് പാടുന്ന പ്രേമൻ എന്ന ഗായകനും, സരിത എന്ന് പേരുള്ള ടീച്ചറുമാണ് കേന്ദ്ര കഥാപാത്രം. ഭക്തിയും പ്രണയവും കളിയും ചിരിയുമെല്ലാം സമന്വയിച്ച രണ്ടു മനോഹര
ഗാനവും പൈതൃകമായി കൊണ്ടു നടക്കുന്ന ഒരു തൊഴിലും, സമൃദ്ധമായ ഗ്രാമകാഴ്ചകളുമാണ് ‘പാട്ട്പെട്ടി' എന്ന ചലച്ചിത്രത്തെ അനശ്വരമാക്കുന്നത്.
നമ്മളോരോരുത്തരും കാണേണ്ട,നമ്മുടെ നാടിനെ സ്നേഹിക്കുന്നവർ കണ്ടിരിക്കേണ്ട ഒരമൂല്യ ചിത്രമായിരിക്കും പാട്ട് പെട്ടി. പാട്ടും പച്ചയായ ജീവിതയാഥാർഥ്യങ്ങളും ഒരുമിച്ചൊന്നായി ഒഴുകി ഈ ചിത്രത്തെ ഭാവ സാന്ദ്രമാക്കുന്നു. നമ്മുടെ നാട് ഒളിപ്പിച്ചു വച്ച സൗന്ദര്യം ജീവിത ഗന്ധിയായ ഗ്രാമ ദൃശ്യങ്ങളിലൂടെ അവതരിപ്പിക്കുന്നതാണ് ഈ ചിത്രം.
1980 കാലത്തെ ഗ്രാമീണ ജീവിതം എന്ന ആശയത്തിൽ ഒരുക്കിയിട്ടുള്ള, പച്ചപ്പും ഹരിതാഭയും കൂട്ടു ജീവിതവും നിറഞ്ഞ, ഈ സിനിമ അന്താരാഷ്ട്ര ചലച്ചിത്ര വേദികൾ കൂടി മുന്നിൽ കണ്ട് ഒരുക്കുന്നതാണ്.
കേരളത്തിൽ തെരുവ് നാടകങ്ങളിലൂടെ ശ്രദ്ധേയനായ ആർ. കെ.താനൂർ, എഴുത്തുകാരായ മനോജ്‌പരപ്പനങ്ങാടി, ഊർമിളകോട്ടക്കൽ, സിന്ധു ചെമ്പ്ര, ഗീതു താനൂർ, മുകേഷ് പരപ്പനങ്ങാടി
തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഡിഒപി:രമേശ് പരപ്പനങ്ങാടി, ആർട്ട്: ഉണ്ണി ഉഗ്രപുരം, ഗാനരചന: മധു ആദൃശ്ശേരി സുധാകരൻ ചൂലൂർ, സംഗീതം: കോട്ടക്കൽ മുരളി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: മനു പാണ്ടമംഗലം, അസോ. ഡയറക്ടർ: സുവിത് എസ്.നായർ, കൃഷ്ണാമനോഹർ, പിആർഒ: സമദ് കല്ലടിക്കോട്,
ചമയം: നവാസ് തിരൂർ.