/sathyam/media/post_attachments/7GC7nWGXDV2OntdOpUMi.jpg)
പാലക്കാട്: കോവിഡ് 19 മഹാമാരിക്കാലത്ത് വീട്ടിലിരുന്നു ജോലി ചെയ്യുന്നവര്‍ നടുവേദനയെ സൂക്ഷിക്കമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍. ചെറിയ നടുവ് വേദനപോലും ലളിതമായ ജോലികള്‍ക്കു പോലും തടസ്സമാകും. ജോലി സംബന്ധമായ പിഴവുകളുടെ പ്രധാന കാരണങ്ങളില്‍ ഒന്ന് നടുവേദനയാണെന്ന് നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ന്യൂറോളജിക്കല്‍ ഡിസോര്‍ഡേഴ്‌സ് ആന്‍ഡ് സ്‌റ്റോക്കിന്റെ (എന്‍.ഐ.ഡി.എസ്) പഠനം വ്യക്തമാക്കുന്നു.
നടുവേദനയെക്കുറിച്ചും നട്ടെല്ലിനെക്കുറിച്ചും ജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കണമെന്നും എന്‍.ഐ.ഡി.എസ് ചൂണ്ടിക്കാട്ടുന്നു. ശരിയായ രീതിയിലുള്ള കിടപ്പും ഇരിപ്പും, നട്ടെല്ലു സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ സഹായകമാണ്.
കാല്‍മുട്ടുകള്‍ ഇടുപ്പിന്റെ ലെവലില്‍ 90 ഡിഗ്രിയില്‍ ആയിരിക്കണം. ശരീരത്തിന്റെ ഭാരം, വണ്ണം എന്നിവയുടെ വ്യത്യാസം കൂടാതെ ആര്‍ക്കും നടുവുവേദന അനുഭവപ്പെടാമെന്ന് കൊച്ചി രാജഗിരി ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് സ്‌പൈന്‍ സര്‍ജന്‍ ഡോ. അമീര്‍ എസ്. തെരുവത്ത് പറഞ്ഞു.
ജീവിതത്തിൽ ഒരിക്കൽ എങ്കിലും നടുവേദന വരാത്ത ആരും കാണില്ല. 80% ആൾക്കാർക്കും ജീവിതത്തിൽ ഒരിക്കൽ അല്ലെങ്കിൽ മറ്റൊരിക്കൽ നടുവേദന ഉണ്ടാകാറുണ്ട്. പ്രായഭേദമില്ലാതെ കണ്ടുവരുന്ന ഡിസ്‌ക് തേയ്മാനമാണ് നടുവേദനയിലേക്ക് നയിക്കുന്നത്. ഒട്ടുമിക്കവർക്കും വ്യായാമത്തിലൂടെ തന്നെ നടുവേദന നിയന്ത്രണത്തിൽ എത്തിക്കാൻ സാധിക്കും.
നമ്മുടെ ശരീരത്തിൽ തേയ്മാനം സംഭവിച്ച ഭാഗം പൂര്‍വസ്ഥിതിയിലാക്കാന്‍ പറ്റില്ലെങ്കിലും നട്ടെല്ലിനു ചുറ്റുമുള്ള പേശികളെ ബലപ്പെടുത്താൻ കഴിയും. കൃത്യമായി വ്യായാമം ചെയ്യാത്തവരിൽ നടുവേദന കൂടുതലായി കാണാറുണ്ട്. വ്യായാമം ചെയ്യാതെ വരികയും ഭക്ഷണം ക്രമീകരിക്കാതെ വരികയും ചെയ്യുമ്പോൾ ശരീരഭാരം വർധിക്കും. ഇത് നടുവേദന ഉൾപ്പടെ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.