പാലക്കാട്: 2500 ൽ അധികം വരുന്ന ബസുകൾ ഒതുക്കിയിട്ട് കൃത്രിമ യാത്രാ ക്ലേശം സൃഷ്ടിച്ച് അതിന്റെ മറവിൽ സ്വകാര്യ ബസുകൾ വാടകക്ക് എടുക്കാനുള്ള ഇടതു സർക്കാർ നയത്തിനെതിരെ കെഎസ്‌ടി എംപ്ലോയീസ് സംഘ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി പാലക്കാട് ഡിപ്പോയിലും പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി.
സ്റ്റാന്റിനു മുൻഭാഗത്തായി കണ്ടം ചെയ്ത കെഎസ്ആർടിസി ബസിനെ മിൽമ ബൂത്താക്കി നിയമസഭാ സ്പീക്കർ ഉദ്ഘാടനം ചെയ്ത് കച്ചവടം പൊടിപൊടിക്കുമ്പോൾ ജനങ്ങളുടെ യാത്രാസൗകര്യം ഉറപ്പു വരുത്തുക എന്ന പൊതു ഗതാഗത സംവിധാനത്തിന്റെ അടിസ്ഥാന കാഴ്ചപ്പാടിൽ നിന്നും വ്യതിചലിക്കുന്ന കാഴ്ചയാണ് സ്റ്റാൻറിനുള്ളിൽ കാണുന്നത്.
ആവശ്യത്തിനു ബസുകളില്ലാത്തതിനാൽ യാത്രാ ദുരിതം അനുഭവിക്കുന്ന ജനക്കൂട്ടമാണ് സ്റ്റാൻറിനുള്ളിൽ. സർവ്വീസ് നടത്തിയിരുന്ന 2500 ബസുകൾ കൊറോണയുടെ പേരുപറഞ്ഞ് പല ഡിപ്പോകളിലായി ഒതുക്കിയിട്ടാണ് കെഎസ്ആർടിസി പൊതുജനങ്ങൾക്ക് ഈ യാത്രാ ദുരിതം സമ്മാനിക്കുന്നത്.
പാലക്കാട് ജില്ലയിലെ ചിറ്റൂർ ഡിപ്പോയിൽ മാത്രം ഇത്തരത്തിൽ 128 ബസുകളാണ് സർവീസ് നടത്താതെ ഒതുക്കിയിട്ട് തുരുമ്പ് പിടിപ്പിക്കുന്നത്. ഇത്തരത്തിൽ ആസൂത്രിതമായി യാത്രാ ക്ലേശം സൃഷ്ടിച്ച് യാത്രക്കാരെ കെഎസ്ആർടിസിയിൽ നിന്നും അകറ്റാനുള്ള ഇടതു സർക്കാർ ശ്രമം എന്തു വില കൊടുത്തും ചെറുത്തു തോൽപ്പിക്കുമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത് കെഎസ്‌ടി എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി പി.കെ. ബൈജു പറഞ്ഞു.
ചിറ്റൂർ ഡിപ്പോയിൽ നിർത്തിയിട്ടതിനെ തുടർന്ന് നശിച്ചു കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസുകള്‍
ബസുകൾ ഒതുക്കിയിട്ട് യാത്രാ ക്ലേശം സൃഷ്ടിക്കാനും ജീവനക്കാരെ പിരിച്ചു വിടുവാനുമുള്ള നീക്കം പൊതുഗതാഗതം ഇടത് സ്വകാര്യ കുത്തകകൾക്ക് കൈമാറാനുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. പൊതുജനങ്ങളുടെ യാത്രാസൗകര്യം ഉറപ്പു വരുത്തുന്നതിനു വേണ്ടി പൊതു വിദ്യാഭ്യാസവും പൊതുജനാരോഗ്യവും പോലെ പൊതുഗതാഗതവും ഗവൺമെൻറ് ഡിപ്പാർട്ട്മെൻറാക്കി മാറ്റണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മറ്റ് സംസ്ഥാനങ്ങളിൽ വർഷംതോറും ബഡ്ജറ്റിൽ തുക വകയിരുത്തി ആയിരവും രണ്ടായിരവും ബസുകൾ വാങ്ങുമ്പോൾ പിണറായി സർക്കാർ കഴിഞ്ഞ 6 വർഷത്തിനിടയിൽ ആകെ വാങ്ങിയ ബസുകൾ 106 എണ്ണം മാത്രമാണെന്നതും സ്വകാര്യവത്ക്കരണം എന്നത് സർക്കാരിന്റെ ആസൂത്രിത പദ്ധതിയാണെന്ന് വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
യൂണിറ്റ് പ്രസിഡൻറ് എസ്.സരേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.വി.രമേഷ്കുമാർ , ജോ.സെക്രട്ടറി എം കണ്ണൻ, കെ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് എൽ. രവി പ്രകാശ്, കെ.വിനോദ്, നാഗ നന്ദകുമാർ, സി.രാജഗോപാൽ, ആർ.ശിവകുമാർ എന്നിവർ നേതൃത്വം നൽകി.