ഷാജി പട്ടിക്കരയുടെ ഡോക്യുമെന്‍ററി 'ഇരുള്‍ വീണ വെള്ളിത്തിര' സത്യന്‍ അന്തിക്കാട് പോസ്റ്റര്‍ റിലീസ് ചെയ്തു

New Update

publive-image

Advertisment

പാലക്കാട്: മലയാളസിനിമയുടെ ആത്മാവിലേക്കൊരു തീര്‍ത്ഥയാത്രയായി ഷാജി പട്ടിക്കര ഒരുക്കുന്ന ഡോക്യുമെന്‍ററി 'ഇരുള്‍ വീണ വെള്ളിത്തിര'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ എത്തി. മലയാളികളുടെ പ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാട് പത്മശ്രീ ജയറാമിന് നല്‍കി പോസ്റ്റര്‍ റിലീസ് ചെയ്തു.

മലയാളത്തിലെ പ്രമുഖ താരങ്ങളുടെയും ആയിരത്തി ഇരുന്നൂറോളം സാങ്കേതിക പ്രവര്‍ത്തകരുടെയും പ്രശസ്ത സാംസ്ക്കാരിക പ്രവര്‍ത്തകരുടെയും ഫെയ്സ് ബുക്ക് പേജിലൂടെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തരംഗമായിക്കഴിഞ്ഞു.

മലയാളത്തിലെ പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളറും, ശ്രദ്ധേയനായ ചെറുകഥാകൃത്തും എഴുത്തുകാരനുമായ ഷാജി പട്ടിക്കരയുടെ പ്രഥമ സംവിധാന സംരഭമാണ് 'ഇരുള്‍ വീണ വെള്ളിത്തിര'. മലയാള സിനിമയുടെ പ്രതാപകാലം മുതല്‍ കൊറോണ തകര്‍ത്ത സിനിമയുടെ പ്രതിസന്ധി വരെയുള്ള അന്വേഷണവും സഞ്ചാരവുമാണ് 'ഇരുള്‍ വീണ വെള്ളിത്തിരയുടെ ഇതിവൃത്തം.

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള സിനിമാ തിയേറ്ററുകളും സിനിമാ പ്രവര്‍ത്തകരുടെ ജീവിതവും അന്വേഷണവിധേയമാക്കിയ ഒരു ചരിത്രപശ്ചാത്തലം കൂടി ഈ ഡോക്യുമെന്‍ററിക്ക് അവകാശപ്പെടാനുണ്ട്. മലയാളസിനിമയുടെ ഒരു പ്രതിസന്ധിഘട്ടത്തിന്‍റെ ചരിത്രം കൂടി ഒപ്പിയെടുക്കുന്നതാണ് 'ഇരുള്‍ വീണ വെള്ളിത്തിര.

ഫുള്‍മാര്‍ക്ക് സിനിമയുടെ ബാനറില്‍ ജെഷീദ ഷാജിയാണ് നിര്‍മ്മാണം.ആശയവും സംവിധാനവും ഷാജി പട്ടിക്കര നിര്‍വ്വഹിക്കുന്നു.അനില്‍ പേരാമ്പ്ര ക്യാമറായും ഷബീറലി കലാസംവിധാനവും നിര്‍വ്വഹിച്ചു, ഗാനരചന- ആന്‍റണി പോള്‍, സംഗീതം-അജയ്ജോസഫ്, സന്ദീപ് നന്ദകുമാറാണ് എഡിറ്റര്‍. 'ഇരുള്‍ വീണ വെള്ളിത്തിര' വൈകാതെ പ്രേക്ഷകരിലെത്തും.

palakkad news
Advertisment