/sathyam/media/post_attachments/DjgPlVqQBXl2EvT8Le8e.jpg)
പാലക്കാട്: ജ്യോതീബായ് പരിയാടത്തിന്റെ കവിതാസമാഹാരം മൂളിയലങ്കാരി കവി മനോജ് കുറൂർ പ്രകാശനം ചെയ്തു. ഡി.സി. ബുക്സ് പുറത്തിറക്കിയ ഇരുപത്തൊന്നു കേരളപ്പിറവി പുസ്തകങ്ങളിൽ ഒന്നാണു മൂളിയലങ്കാരി. പേശാമടന്ത, കൊടിച്ചി എന്നിവയാണ് മറ്റു കവിതാസമാഹാരങ്ങൾ. മയിലമ്മ ഒരു ജീവിതം എന്ന ആത്മകഥാഖ്യാനം ആണ് മറ്റൊരു കൃതി.
തനി ദ്രാവിഡമായ സുന്ദരനാമം മൂളിയലങ്കാരി എന്ന കുറ്റപ്പേരിലേക്കു പരിവർത്തനപ്പെടുന്നത് എപ്പോഴാണ് ? കാൽവണ്ണകളിൽ ചാരിവെച്ച കാരക്കോൽ തട്ടിയെറിഞ്ഞ് മനസ്സു പറയും മട്ടിൽ ഒന്നു നടക്കാനാഞ്ഞാൽ സമൂഹം വിധിച്ച നടപ്പുശീലങ്ങളിൽ നിന്നും അവൾ കടുകിടയെങ്കിലും മാറിയാൽ തീർന്നു. വാഴ്ത്തുപാട്ടുകൾ ആ നിമിഷം നിലക്കും. അത്രനാളും അലങ്കാരമായി കൊണ്ടതൊക്കെ ആഭാസമാവും. പെൺമതം വൻമദമാവും. കൈയടിയ്ക്ക് ഒരു നായിക. ശാപത്തിനും പുലഭ്യത്തിനും പ്രതിനായിക. എഴുത്തായാലും സിനിമയായാലും നാടകവും ജീവിതവുമായാലും എല്ലാ കാലത്തും അങ്ങനെ തന്നെ.
അങ്ങനെ നോക്കുമ്പോൾ സർവ്വഗുണ സമ്പന്നകളായ നായികമാരേക്കാൾ സാഹചര്യങ്ങളും കാലവും പ്രതിനായികമാരാക്കിയ പച്ചയായ മനുഷ്യസ്ത്രീകളെക്കൂടി അറിയേണ്ടതുണ്ടെന്ന തോന്നലിൽ നിന്നാണ് തന്റെ മൂന്നാമത്തെ കവിത സമാഹാരത്തിനു മൂളിയലങ്കാരി എന്ന് പേര് കണ്ടെത്തിയതെന്ന് ജ്യോതീബായ് പരിയാടത്ത് പുസ്തകത്തിന്റെ ആമുഖത്തിൽ കുറിയ്ക്കുന്നു.
വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചതും അല്ലാത്തതുമായ അറുപതു കവിതകളാണ് മൂളിയലങ്കാരിയിൽ ഉള്ളത്. അവതാരിക പ്രശസ്ത നിരൂപകൻ ആഷാമേനോനും പഠനം കവി പി.എൻ. ഗോപീകൃഷ്ണനും എഴുതിയിരിക്കുന്നു. പുസ്തകം ഡി സി ബുക്‌സിന്റെ ബുക് ഷോപ്പുകളിലും ഓൺലൈൻ സ്റ്റോറുകളിലും ലഭ്യമാണ്.