മണ്ണാർക്കാട്: സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ വിശ്രുതനായ കുമരംപത്തൂർ സീതി കോയ തങ്ങളുടെ ഫോട്ടോയും 100 വർഷങ്ങൾക്ക് ശേഷം പുറത്ത് വന്നു. 1921 ലെ മാപ്പിള ലഹളയുടെ അലയൊലികള്‍ നൂറ്റാണ്ടിനിപ്പുറവും കേരള രാഷ്ട്രീയത്തെ പ്രക്ഷുബ്ധമാക്കുമ്പോൾ, വാരിയം കുന്നന്റെ ഫോട്ടോയും പുസ്തകവും പ്രകാശിതമായ വേളയിലുമാണ്
കുമരംപത്തൂർ സീതി കോയ തങ്ങളുടെ ഫോട്ടോയും വെളിച്ചം കണ്ടിരിക്കുന്നത്.
1921ലെ മലബാർ കലാപത്തിന്റെ നെടുനായകത്വം വഹിച്ചിരുന്ന സീതി കോയ തങ്ങൾ വള്ളുവനാട്ടിലെ ബ്രിട്ടീഷ് പട്ടാളത്തിന്റെ പേടി സ്വപ്നമായിരുന്നു. തങ്ങളെ തിരഞ്ഞു ബ്രിട്ടീഷ് പട്ടാളം പള്ളികുന്നിൽ റൂട്ട് മാർച്ച് നടത്തിയതും വെടിവെപ്പ് നടത്തിയതും കുന്തിപുഴ പാലം തകർത്ത് മണ്ണാർക്കാട് മേഖലയിലേക്ക് ബ്രിട്ടീഷ് പട്ടാളത്തിന്റെ വരവിനെ തടയിട്ടതും രജിസ്ട്രാർ ഓഫീസ് കത്തിച്ചു ബ്രിട്ടീഷ് ഗവൺമെന്റിനെ തങ്ങളുടെ നേതൃത്വത്തിൽ വെല്ലുവിളിച്ചതും എല്ലാം ചരിത്ര രേഖയിൽ കാണാൻ കഴിയുന്നു.
1922 ജനുവരി 9ന് മലപ്പുറം കോട്ടകുന്നിൽ സീതി തങ്ങളെയും ചെമ്പ്രശ്ശേരി തങ്ങളെയും ബ്രിട്ടീഷ് പട്ടാളം വെടിവച്ച് കൊലപ്പെടുത്തുകയും കാള പ്പാടൻ അലി അധികാരിയുടെ നേതൃത്വത്തിൽ മൃതദേഹം പെട്രോൾ ഒഴിച്ച് കത്തിച്ചു എന്നും ചരിത്ര പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
ആ ധീരദേശാഭിമാനിയുടെ പേര കുട്ടിയാണ് മണ്ണാർക്കാട് പൊതു രംഗത്തുള്ള നൗഫൽ തങ്ങൾ.
മണ്ണാർക്കാടിന്റെ ഇന്നലെകൾ എന്ന ലേഖനം ഇതു സംബന്ധിച്ച് വ്യക്തമായ ചില ചരിത്ര സത്യങ്ങൾ ബോധിപ്പിക്കുന്നുണ്ട്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി,ആലി മുസ്‌ലിയാർ തുടങ്ങി 387 മലബാര്‍ ലഹള നേതാക്കളെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നതായുള്ള വാര്‍ത്തകളും അടുത്തിടെ പുറത്ത് വന്നിരുന്നു.
1921ലെ തടവുകാരായ ധാരാളം ദേശാഭിമാനികൾ കോളറയടക്കമുള്ള രോഗങ്ങളെ തുടർന്ന് മരണമടഞ്ഞവരുമുണ്ട്.ജനങ്ങള്‍ ആയുധമെടുത്ത് ബ്രിട്ടീഷ് സേനയ്ക്കെതിരെ പൊരുതിയ അപൂര്‍വ്വം സന്ദര്‍ഭങ്ങളിലൊന്നാണ് മാപ്പിളലഹള.പേരില്‍ മാപ്പിളയെന്നു കാണുന്നതുകൊണ്ട് അത് മതയുദ്ധമായി കുപ്രചാരണം നടത്തുകയായിരുന്നു.
അസംഖ്യം പടയാളികള്‍ ഈ ദേശ യുദ്ധത്തിന്റെ ഭാഗമായി.ജന്മിമാരുടെ ഗുണ്ടകളെയും ഒറ്റുകാരെയും നേരിടേണ്ടി വന്നത് അവര്‍ ബ്രിട്ടീഷ് താല്‍പ്പര്യങ്ങളുടെ ഏജന്റുമാരായതുകൊണ്ടാണ്. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ ചിത്രത്തോടെയാണ് ജീവചരിത്ര ഗ്രന്ഥം കഴിഞ്ഞ ദിവസം പ്രകാശനം ചെയ്യപ്പെട്ടത്. ‘സുൽത്താൻ വാരിയംകുന്നൻ' എന്ന് പേരിട്ട പുസ്തകം രചിച്ചത് ചരിത്രകാരൻ റമീസ് മുഹമ്മദ് ആണ്.
ചരിത്ര വസ്തുതകളിലും ദേശസ്നേഹ സമരത്തിലും ചില അനാവശ്യ വിവാദങ്ങൾ പുകയുമ്പോഴാണ് ഒരു നൂറ്റാണ്ടിന് ശേഷം, കുമരംപുത്തൂർ സീതി കോയ തങ്ങളുടെ ഉൾപ്പടെ ധീര ദേശാഭിമാനികളുടെ ഫോട്ടോയും പോരാട്ടവും പ്രസക്തമാകുന്നത്.