/sathyam/media/post_attachments/GhcktQ4jnjREQm2ggbxD.jpg)
പാലക്കാട്: വരുന്ന ലോകസഭ തെരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടി സുസജ്ജമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. സംസ്ഥാന സർക്കാറിൻ്റെ ജന വിരുദ്ധ തീവ്രവാദ കൂട്ടുകെട്ടിനെതിരെ വ്യാപക പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും കെ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മത തീവ്രവാദ സംഘടനകളുമായുള്ള ബാന്ധവം സിപിഎം അവസാനിപ്പിക്കണം. കൊലക്കേസ് പ്രതികളായ എസ്ഡിപിഐക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎമ്മും സർക്കാരും സ്വീകരിക്കുന്നത്. ഇതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കും.
ബിജെപി വളർച്ചയുടെ വഴിത്തിരിവിലാണ്. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി 140 മണ്ഡലം കമ്മിറ്റികളെ വിഭജിച്ച് 280 കമ്മിറ്റികളാക്കും. പുനസംഘടന ഈ മാസം തന്നെ നടക്കും. കേരളത്തിലെ കൊലപാതക രാഷ്ടീയത്തെ കുറിച്ച് വിവരങ്ങൾ സഹിതം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക് വിവരങ്ങൾ കൈമാറും.
കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ എൻഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെടും. കർഷക സമരം ബിജെപിക്ക് ദോഷം ചെയ്യില്ല. കർഷക സമരം ആരംഭിച്ചതിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി മുന്നേറ്റമുണ്ടാക്കി.
മണ്ടി സമ്പ്രദായത്തെ അനുകൂലിക്കുന്നവർ കേരളത്തിലും നടപ്പിലാക്കാൻ ആർജവം കാണിക്കണം. ഹലാൽ വിഷയം തീവ്രവാദത്തിൻ്റെ ഭാഗമാണ്, ഇതിനെ ബിജെപി അംഗീകരിക്കുന്നില്ല. കെ റയിൽ പദ്ധതി കോടികളുടെ അഴിമതി നടത്താനുള്ളതാണ്. ഇതിനെതിരെ സമരസമിതികളുമായി സഹകരിച്ച് പ്രക്ഷോഭം ശക്തമാക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ബിജെപി സംസ്ഥാന്ന ട്രഷറർ അഡ്വ. ഇ കൃഷ്ണദാസ്, ജില്ല പ്രസിഡണ്ട് കെഎം ഹരിദാസ് എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.