New Update
/sathyam/media/post_attachments/VFxxt2oA9Nc6m1Nd1mTh.jpg)
Advertisment
പാലക്കാട്: ഒരു ലക്ഷം വിദ്യാർത്ഥികൾ മുപ്പതിനായിരം നൂതന ആശയങ്ങൾ എന്ന ലക്ഷ്യവുമായി കേരള ഡവലപ്പ്മെൻ്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിൻ്റെ (കെ-ഡിസ്ക്)നേതൃത്വത്തിൽ യംങ് ഇന്നവേഷൻ പരിപാടിക്ക് തുടക്കമായി.
ഇതിൻ്റെ ഭാഗമായി വൈ ഐപി 2021 ജില്ലാതല ആശയം രൂപീകരണ സെമിനാർ ധോണി ലീഡ് കോളേജിൽ ചേർന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉത്ഘാടനം നിർവ്വഹിച്ചു.
വലിയ പ്രതീക്ഷയോടെയാണ് ഈ പദ്ധതി പ്രവർത്തനത്തെ നോക്കി കാണുന്നത്.
കൂടാതെ അറിവും ശൈലിയും നൈപുണ്യവും വ്യക്തികത വികാസത്തിനും നാടിൻ്റെ നന്മക്കുമായി ഉപയോഗപ്പെടുത്തുവാൻ ഇതിലൂടെ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ ബാലഗോപാൽ, വി.ശിവൻകുട്ടി, ആൻ്റണി രാജു എന്നിവർ സംസാരിച്ചു. കേരള സർക്കാർ രൂപീകരിച്ച തന്ത്രപരമായ ഉപദേശക സമിതിയാണ് കെ-ഡിസ്ക്.
കേരള സർക്കാരിൻ്റെ ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പിനു കീഴിൽ 2018 മാർച്ച് 24ന് പ്രവർത്തനമാരംഭിച്ചു. സാങ്കേതിക വിദ്യയിൽ പുതിയ ദിശകൾ സൃഷ്ടിക്കുക, ഉല്പന്നങ്ങൾ - പ്രക്രിയകൾ എന്നിവയുടെ നവീകരണം സാധ്യമാക്കുക, സാങ്കേതിക വിദ്യയുടെ സാമൂഹിക രൂപീകരണത്തിന് വഴിയൊരുക്കുക, പുത്തൻ ആശയങ്ങൾ ഉല്പന്നങ്ങളും പ്രക്രിയകളും സംരംഭങ്ങളുമായി മാറാൻ അനുകൂലങ്ങളും ആരോഗ്യപരമായ ഒരു ആവാസ വ്യവസ്ഥ സൃഷ്ടിക്കുക എന്നിവയിലൂടെ കേരള വികസനരംഗത്ത് നാളിതുവരെ സഞ്ചരിച്ചിട്ടില്ലാത്ത തന്ത്രപരമായ പാതകൾ വെട്ടിത്തെളിക്കുകയാണ് കെ-ഡിസ്കിൻ്റെ ലക്ഷ്യം.
സ്കൂൾ, കോളേജ് ഗവേഷണതലത്തിലുള്ള പതിമൂന്നിനും മുപ്പത്തിയഞ്ചിനും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് അവരുടെ നൂതന ആശയങ്ങൾ വികസിപ്പിക്കുവാനും അവ പ്രാവർത്തികമാക്കുവാനും ആവശ്യമായ സാങ്കേതിക സഹായവും സാമ്പത്തിക സഹായവും നല്കാനായി കെ-ഡിസ്ക് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പരിപാടിയാണ് യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം(വൈ ഐ പി).
പുത്തൻ ആശയങ്ങൾ രൂപവത്ക്കരിച്ച് മുന്നോട്ടു വരുന്ന വിദ്യാർത്ഥികൾക്ക് നല്ലൊരു വേദിയാവും വൈ.ഐ.പി. 2021 ൽ ഒരുപാട് വിദ്യാർത്ഥികളാണ് ഈ സംരംഭത്തിനായി മുന്നോട്ടുവന്നിട്ടുള്ളത്. ജില്ലാതല മൂല്യനിർണയത്തിൽ വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് 25,000 രൂപയും സംസ്ഥാന തല മൂല്യനിർണയത്തിൽ വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് 50,000 രൂപയും സമ്മാനമായി ലഭിക്കും.
കൂടാതെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആകർഷകമായ സമ്മാനവും ലഭിയ്ക്കും. സൗത്ത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഇന്നവേറ്റീവ് പരിപാടി എന്ന സവിശേഷത ഇതിനുണ്ട്.
ലീഡ് കോളേജിൽ നടന്ന പരിപാടിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ ഷാബിറ.എ അദ്ധ്യക്ഷത വഹിച്ചു. പാലക്കാട് സബ് കലക്ടർ ബൽ പ്രീത് സിംങ് മുഖ്യ പ്രഭാഷണം നടത്തി. 400 വിദ്യാഭ്യാസ സ്ഥാപനങ്ങൾ വൈ ഐ പി യിൽ ഇതിനോടകം രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ലീഡ് കോളേജ് പ്രിൻസിപ്പൽ ഡോ.തോമസ് ജോർജ്, കെ-ഡിസ്ക് കോർഡിനേറ്റർ കിരൺദേവ്, കോളേജ് അധ്യാപകർ വിദ്യാർത്ഥികൾ എന്നിവരും പങ്കെടുത്തു.