/sathyam/media/post_attachments/T3HgLHslEawbmdcxVykR.jpg)
പാലക്കാട്: കാർക്കശക്കാരായ കാക്കി ധാരികളിലും കാരുണ്യം വറ്റാത്തവർ ഉണ്ടെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കയാണ് പാലക്കാട് ടൗൺ പോലീസ് കൺട്രോൾ റൂമിലെ പോലീസുകാർ. തൊണ്ടക്ക് കാൻസർ ബാധിച്ച് ഒരാഴ്ച്ചയായി ഇൻഡോർ സ്റ്റേഡിയത്തിൽ ഭക്ഷണം കഴിക്കാതെ അവശനായി കിടന്ന പാലക്കാട് ചാത്തപുരം സ്വദേശി രമേശിനെ (31) ജില്ലാശുപത്രിയിൽ എത്തിച്ചാണ് സഹജീവികളോടുള്ള കാരുണ്യം പോലീസുകാർ തെളിയിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഇൻഡോർ സ്റ്റേഡിയം ഭാഗത്തു നിന്നും ഷട്ടിൽകളി കഴിഞ്ഞു പോകുമ്പോഴാണ് ആഷിഫും നൗഫലും ഇൻഡോർ സ്റ്റേഡിയത്തിൻ്റെ രണ്ടാം നിലയിൽ അവശനായി കിടക്കുന്ന രമേശിനെ കാണുന്നത്.
എഴുന്നേൽക്കാൻ പോലും കഴിയുന്നില്ലെന്നും ഒരാഴ്ച്ചയായി ഭക്ഷണം കഴിച്ചിട്ടില്ലെന്നും മനസ്സിലാക്കിയ ഇവർ പോലീസ് കൺട്രോൾ റൂമിലേക്ക് അറിയിച്ചതിനെ തുടർന്ന് സിവിൽ പോലീസ് ഓഫീസർമാരായ സായൂജ് നമ്പൂതിരി, രമേശ്, ഷൈജു എന്നിവർ സ്ഥലത്ത്എത്തുകയും ഉടൻ ആമ്പുലൻസ് വരുത്തി ജില്ലാശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. അവശനായ ഇയാൾക്ക് പഴ ജൂസ് വാങ്ങി നൽകാനും മറന്നില്ല. ബന്ധുക്കളെ വിവരം അറിയിച്ചതായി പോലീസ് പറഞ്ഞു.