മുഖ്യമന്ത്രി വാക്കുപാലിക്കണം; കെഎസ്ആർടിസിയിൽ നടക്കാൻ പോകുന്ന അനിശ്ചിതകാല പണിമുടക്കിന്റെ പൂർണ്ണ ഉത്തരവാദി ഇടതു സർക്കാർ : കെഎസ്‌ടി എംപ്ലോയീസ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൽ.രാജേഷ്

New Update

publive-image

പാലക്കാട്: 2011 ലെ ശമ്പളത്തിന് പണിയെടുക്കുന്ന കെഎസ്ആർടിസി ജീവനക്കാര്‍ക്ക് ജൂൺ 30 ന് പരിഷ്കരിച്ച ശമ്പളം നൽകുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം പോലും നടപ്പാകാത്തതിൽ കെ എസ് ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ ജീവനക്കാർ നിരന്തരമായ പ്രക്ഷോഭത്തിലാണ്.

Advertisment

എന്നാൽ ഈ പ്രതിഷേധങ്ങളെല്ലാം അവഗണിക്കപ്പെടുന്ന സാഹചര്യത്തിലാണ് അനിശ്ചിത കാല പണിമുടക്കെന്ന തീരുമാനത്തിലേക്ക് യൂണിയന് പോകേണ്ടി വരുന്നത്. ഇതിനു മുന്നോടിയായി നടക്കുന്ന ജില്ലാ തല സമര പ്രഖ്യാപന കൺവെൻഷൻ പാലക്കാട് ബിഎംഎസ് കാര്യാലയത്തിൽ വച്ചു നടന്നു.

ജില്ലാ വർക്കിംഗ് പ്രസിഡൻറ് കെ.സുരേഷ്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൽ. രാജേഷ് ഉദ്ഘാടനം ചെയ്തു. തുടർച്ചയായി 2 ശമ്പള പരിഷ്കരണങ്ങൾ നിഷേധിക്കപ്പെട്ട കെ എസ് ആർ ടി സി ജീവനക്കാരനെ ഇനിയും അവഗണിക്കാനാണ് സർക്കാരിന്റെ നീക്കമെങ്കിൽ അതിശക്തമായ പ്രതിഷേധങ്ങൾക്ക് കേരളം വേദിയാകുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി.

അഴിമതിയും കെടുകാര്യസ്ഥതയും മൂലം തകർച്ചയെ നേരിടുന്ന കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തെ ബസുകൾ കൂട്ടിയിട്ട് നശിപ്പിച്ചും സ്വകാര്യവൽക്കരണത്തിന് കളമൊരുക്കിയും കൂടുതൽ തകർച്ചയിലേക്ക് നയിക്കുന്ന സമീപനമാണ് കേരള സർക്കാർ സ്വീകരിക്കുന്നത്.

തന്റേതല്ലാത്ത കാരണത്താൽ സ്ഥാപനത്തിനുണ്ടായ നഷ്ടം സഹിക്കേണ്ട ബാധ്യത പി എസ് എസി എഴുതി ജോലിക്ക് കയറിയ ജീവനക്കാരനില്ല. ശമ്പള പരിഷ്കരണമെന്ന ന്യായമായ ആവശ്യത്തിനു നേരെ ഇനിയും നിഷേധാത്മക സമീപനം തുടർന്നാൽ അനിശ്ചിത കാല പണിമുടക്കിന് നേതൃത്വം കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ബി എം എസ് സംസ്ഥാന സെക്രട്ടറി സി.ബാലചന്ദ്രൻ സമാരോപ് പ്രഭാഷണം നടത്തി. കേരളം ഇന്നുവരെ കാണാത്ത തൊഴിലാളി മുന്നേറ്റത്തിന് കെ എസ് ആർ ടി സി യിൽ ബി എം എസ് നേതൃത്വം നൽകുമെന്നും അതിന്റെ പേരിൽ ഒരു ജീവനക്കാരന്റേയും കുടുംബം പട്ടിണിയാവില്ലെന്ന് ബിഎംഎസ് ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

മുനിസിപ്പൽ എംപ്ലോയീസ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. സാബു , ഗസറ്റഡ് എംപ്ലോയീസ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ എന്നിവർ ആശംസ പ്രസംഗം നടത്തി.

ജില്ലാ സെക്രട്ടറി ടി.വി.രമേഷ് കുമാർ സ്വാഗതവും ജില്ലാ ട്രഷറർ പി.ആർ.മഹേഷ് നന്ദിയും പറഞ്ഞു. ജില്ലാ പ്രസിഡൻറ് വി.ശിവദാസ്, വൈസ് പ്രസിഡൻറ് എൻ.കെ. കണ്ണൻ, ജോ.സെക്രട്ടറിമാരായ സി. അനീഷ്, എൻ. കാളിദാസ്, എം.കണ്ണൻ എന്നിവർ സംസാരിച്ചു.

Advertisment