അട്ടപ്പാടി പ്രശ്നത്തിൽ മുഖ്യമന്ത്രി ഇടപെടണം: സൗഹൃദം ദേശീയ വേദി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: അട്ടപ്പാടിയിലെ ശിശു മരണം, അഴിമതി, ചൂഷണം തുടങ്ങിയവ തടഞ്ഞ് ആദിവാസി വികസനവും സുരക്ഷയും യാഥാർത്ഥ്യമാക്കാൻ മുഖ്യമന്ത്രി ഈ വിഷയത്തിൽ സത്വര ഇടപെടൽ നടത്തണമെന്ന് സൗഹൃദം ദേശീയ വേദി ആവശ്യപ്പെട്ടു.

Advertisment

അട്ടപ്പാടിയിലെ ആദിവാസികളുടേത് അസ്തിത്വ പ്രശ്നമാണ്. കണ്ണിൽ പൊടിയിടുന്ന തൊലിപ്പുറത്തെ ചികിൽസ തന്നെ ഇനിയും തുടർന്നാൽ ആദിവാസികളും അട്ടപ്പാടിയും കൂടുതൽ അപകടത്തിലാവും. ആദിവാസികളെ അടിയന്തിരമായും ശാശ്വതമായും രക്ഷിക്കാൻ അടിയന്തിര-ഹ്രസ്വ-ദീർഘകാല പദ്ധതികൾ കൂട്ടിയിണക്കി സമയബന്ധിതമായി ദീർഘവീക്ഷണത്തോടെ നടപ്പിലാക്കണം.

ഏറ്റവും അടിയന്തിരമായി ആ ദിവാസി അമ്മമാരുടേയും കുഞ്ഞുങ്ങളുടേയും രക്ഷയ്ക്ക് " അമ്മയും കുഞ്ഞും" പദ്ധതി നടപ്പിലാക്കി കുഞ്ഞുങ്ങളുടേയും ഗർഭിണികളുടേയും ഗർഭസ്ഥ ശിശുക്കളുടേയും സുരക്ഷ ഉറപ്പു വരുത്തണം. മുൻ ചീഫ് സെക്രട്ടറിയായ വിജയാനന്ദ് അട്ടപ്പാടി പ്രോജക്ട് ഓഫീസറായിരിക്കെ ഹെൽത്ത് വളണ്ടിയർ മാരെ നിയമിച്ചിരുന്നു. ഇത് പിന്നീട് ഇല്ലാതായി.

ആ ദിവാസി വിഭാഗത്തിൽ നിന്ന് തന്നെ എല്ലാ ഊരുകളിലും സ്ത്രീ പുരുഷ വിഭാഗങ്ങളിൽ നിന്ന് ഹെൽത്ത് വളണ്ടിയർമാരെ നിയമിക്കണം. തൊട്ടടുത്ത മൂന്നു മുതൽ അഞ്ച് വരെ ഊരുകൾക്ക് ആ ദിവാസി വിഭാഗത്തിൽ നിന്നു തന്നെ സോഷ്യൽ വളണ്ടിയർ മാരെ നിയമിക്കണം. ഊര് തലത്തിൽ രക്ഷാ സമിതികൾ രൂപീകരിക്കണം.

നിലവിലെ സാഹചര്യത്തിൽ ഉടൻ ചികിൽസയും സഹായവും വേണ്ട വരുടെ പട്ടിക തയ്യാറാക്കാൻ ആശ വർക്കർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ, അംഗൻവാടി പ്രവർത്തകർ, അദ്ധ്യാപകർ, സന്നദ്ധ പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവരുടെ സേവനം ഉറപ്പു വരുത്താവുന്നതാണ്.

അതി ദാരിദ്യ നിർമാർജ്ജന സംവിധാനത്തിന്റെ സേവനവും പ്രയോജനപ്പെടുത്താവുന്നതാണ്. അടിത്തട്ടിലുള്ള ആരോഗ്യ ഉപകേന്ദ്രങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം വിപുലീകരിക്കുന്ന തോടൊപ്പം അഗളി ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയർത്തുന്ന തോടൊപ്പം കോട്ടത്തറ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയെ പേരിൽ മാത്രം 'സൂപ്പർ' എന്ന അവസ്ഥയിൽ നിന്നും മാറ്റി എല്ലാ വിധ അത്യാന്താ ധുനിക ചികിൽസാ സൗകര്യങ്ങളും ഇവിടെ ലഭ്യമാക്കുകയും ഉറപ്പ് വരുത്തുകയും വേണം.

കൂട്ടാതെ അട്ടപ്പാടിയിൽ ട്രൈബൽ മെഡിക്കൽ കോളേജും തുടങ്ങണം. കേന്ദ്ര, സംസ്ഥാന, പ്രാദേശിക സർക്കാരുകൾ സംയുക്തമായി വികസന പദ്ധതികൾ നടപ്പിലാക്കണം. വിദൂര ഊരുകളിലേക്ക് യാത്രാ സൗകര്യം മെച്ചപ്പെടുത്തണം. അട്ടപ്പാടിയിൽ പാരമ്പര്യ കൃഷി തിരികെ കൊണ്ടു വരണം. ഭൂമിയില്ലാത്തവർക്ക് കൃഷിയോഗ്യമായ ഭൂമി നൽകണം.

എല്ലാവർക്കും ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, വീട്, വെളിച്ചം, തൊഴിൽ എന്നിവ ഉറപ്പ് വരുത്തണം. ഒരു കുടുംബത്തിൽ ഒരാൾക്ക് തൊഴിൽ ഉറപ്പ് വരുത്തണം. ഇതിനായി അട്ടപ്പാടിയിലെ സർക്കാർ, അർദ്ധ സർക്കാർ തൊഴിലിൽ 75 ശതമാനവും ആ ദിവാസി വിഭാഗത്തിൽ പ്പെട്ട വർക്ക് സംവരണം ചെയ്യണം. ഇതിനായി സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തണം.

അട്ടപ്പാടിയിൽ ലഹരി പൂർണ്ണമായും തടയണം. അനീമിയ, സിക്കിൾ സെൽ അനീമിയ തുടങ്ങിയ രോഗങ്ങൾക്ക് പ്രത്യേക ചികിൽസാ പദ്ധതി വേണം. കോട്ടത്തറ ഉൾപ്പെടെ അട്ടപ്പാടിയിലെ ആശുപത്രികളുടേയും അംഗൻ വാടികളുടേയും, സാമൂഹ്യ നീതി, സിവിൽ സപ്ലൈ, പട്ടിക വർഗ്ഗ വിദ്യാഭ്യാസ വകുപ്പുകളുടേയും ഇതര വകുപ്പുകളുടേയും പ്രവർത്തനങ്ങൾ സാമൂഹ്യ പ്രവർത്തകർ ഉൾപ്പെട്ട ജനകീയ സമിതികൾക്ക് കീഴിൽ ആക്കണം. അട്ടപ്പാടിയുടെ സമഗ്ര പ്രവർത്തനത്തിന് ഐ.എ.എസ് ഓഫീസറെ നോഡൽ ഓഫീസറായി നിയമിക്കണം തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.

സൂപ്പർ സ്പെ ഷ്യാലിറ്റിയുടെ പ്രവർത്തനം വിദഗ്ദ്ധ സമിതിക്ക് കീഴിലാക്കണം. മുഖ്യമന്ത്രിയുടെ കീഴിൽ മന്ത്രി തല സംഘം അട്ടപ്പാടി സന്ദർശിക്കണം. ആരോഗ്യ മന്ത്രി മാസത്തിലൊരിക്കൽ അട്ടപ്പാടി സന്ദർശിച്ച് പുരോഗതി വിലയിരുത്തണം. ഫണ്ട് വിനിയോഗത്തെക്കുറിച്ച് ധവള പത്രം ഇറക്കണം. ഫണ്ട് വിനിയോഗത്തിൽ സുതാര്യത ഉറപ്പ് വരുത്തുന്ന തോടൊപ്പം സോഷ്യൽ ഓഡിറ്റിങ്ങ് നിർബന്ധമാക്കണം എന്നും സൗഹൃദം ദേശീയ വേദിയുടെ യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ്. പി. വി. സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീജിത്ത് തച്ചങ്കാട്, ട്രഷറർ കെ. മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.

Advertisment