ശമ്പള വിതരണത്തിലെ ചേരിതിരിവ്: പാലക്കാട് കെഎസ്ആർടിസി ജീവനക്കാർ പ്രതിഷേധിച്ചു

New Update

publive-image

പാലക്കാട്: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് തുടർച്ചയായി പ്രതിഷേധങ്ങളും സമരങ്ങളും നടത്തിയ കെ.എസ്.ടി എംപ്ലോയീസ് സംഘിൻ്റെ വിജയമായിരുന്നു ശമ്പളം അനുവദിക്കാമെന്ന അധികൃതരുടെ വാക്ക്. എന്നാൽ കെഎസ്ആർടിസിയും വകുപ്പുമന്ത്രിയും ജീവനക്കാർക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നതിനു വേണ്ടി ഒരു വിഭാഗം ജീവനക്കാർക്കു മാത്രം ശമ്പളം നൽകി മറ്റു ജീവനക്കാരെ ദുരിതക്കയത്തിലാക്കിയിരിക്കുന്നു.

Advertisment

ഇത്തരത്തിൽ ജീവനക്കാരെ രണ്ടുതട്ടിലാക്കുന്ന ഇടതുദുർഭരണത്തിനെതിരെയും, ശമ്പളം സമയത്ത് നൽകണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി പാലക്കാട് ഡിപ്പോയിലും കെ എസ് ടി എംപ്ലോയീസ് സംഘ് പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി.

ധർണ്ണ സംസ്ഥാന സെക്രട്ടറി പി.കെ.ബൈജു ഉദ്ഘാടനം ചെയ്തു. കെഎസ്ആർടിസി ജീവനക്കാരെ 2 തട്ടിലാക്കി പ്രതിഷേധത്തിന്റെ മുനയൊടിച്ച് ജീവനക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന നയം തിരുത്താൻ സർക്കാർ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

50 ദിവസമായിട്ടും ജീവനക്കാരന് ശമ്പളം മുടക്കി ജീവനക്കാരന്റെ ക്ഷമ പരീക്ഷിക്കുന്ന സർക്കാർ തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നതെന്നും ഇതിനെതിരെ ജീവനക്കാരെ അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിന് കെ എസ് ടി എംപ്ലോയീസ് സംഘ് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ വർക്കിംഗ് പ്രസിഡൻറ് കെ.സുരേഷ് കൃഷ്ണൻ, സെക്രട്ടറി ടി.വി രമേഷ്കുമാർ, ജോ.സെക്രട്ടറി എം.കണ്ണൻ, എൻ.കാളിദാസ് എന്നിവർ സംസാരിച്ചു.

Advertisment