/sathyam/media/post_attachments/bUyMHUiFWU8Hf0G03KHu.jpg)
മലമ്പുഴ: ബാബു രക്ഷപ്പെട്ടപ്പോഴാണ് കൂടെ മലകയറി പകുതിയിൽ വെച്ച് മടങ്ങിയ സഹയാത്രികൾക്ക് ആശ്വാസമായത്. മലമ്പുഴ കൂർമ്പാച്ചിമലയിൽ ബാബു കുടുങ്ങിയത് പുറംലോകം അറിഞ്ഞതുമുതൽ ആശങ്കയുടെ നെറുകയിലായി ചെറാട് ദുർഗാനഗറിലെ സൂരജ് (13), പ്രതീഷ് (15), ആദി (15) എന്നീ മൂന്ന് കൂട്ടുകാരും അവരുടെ വീട്ടുകാരും. ഒരു പോറലുമില്ലാതെ ബാബു പുറത്തുവരുന്നതും കാത്തിരിക്കുകയായിരുന്നു ഇവർ.
ബാബുവിനൊപ്പം മലകയറിയവരാണ് മൂവരും. തിങ്കൾ രാവിലെ ദുർഗാ നഗറിലെ ഗ്രൗണ്ടിൽ കളിച്ചിരുന്ന ഇവരെ ബാബു വിളിച്ചിട്ടാണ് പോയതെന്ന് സൂരജ് പറഞ്ഞു. മലമുകളിൽ സ്ഥാപിച്ച കൊടിമരം തൊടുകയായിരുന്നു ലക്ഷ്യം.
രാവിലെ 10ന് യാത്ര തുടങ്ങി. പകുതിയായപ്പോൾ തിരിച്ചുപോകാമെന്ന് കുട്ടികൾ പറഞ്ഞു. എന്നാൽ കൊടിയിൽ തൊട്ടേ തിരിച്ചിറങ്ങൂവെന്ന വാശിയിലായിരുന്നു ബാബു. അൽപ്പനേരത്തിനുശേഷം മറ്റു മൂന്നുപേരും പോയവഴിയിലൂടെ തിരിച്ചിറങ്ങി. പകൽ 1.15ന് ആദിയുടെ വീട്ടിലെത്തി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയതായി കുട്ടികൾ പറഞ്ഞു.
വൈകിട്ട് മൂന്നിന് പ്രദേശവാസികൾ തിരക്കിയെത്തിയപ്പോഴാണ് ബാബു അപകടത്തിൽപ്പെട്ട വിവരം ഇവർ അറിഞ്ഞത്. ഇതോടെ ഭീതിയിലായ കുട്ടികൾ, വാർത്താ ചാനലുകാർകൂടി എത്തിയതോടെ വീടുപൂട്ടി സ്ഥലംവിടുകയായിരുന്നു.
ബാബുവിനെ സൈനികർ രക്ഷിച്ചശേഷമാണ് മടങ്ങിയെത്തിയത്. മലമ്പുഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളാണ് പ്രതീഷും, ആദിയും, ഇതേ സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് സൂരജ്. ആദ്യമായിട്ടാണ് കൂർമ്പാച്ചിമല കയറുന്നതെന്ന് കുട്ടികൾ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us