/sathyam/media/post_attachments/UzztFYCzKsswvTxO8MaR.jpg)
നെന്മാറ: ഗ്രാമീണ മേഖലകളായ പോത്തുണ്ടി, നെല്ലിച്ചോട്, ചാത്തമംഗലം, കരിമ്പാറ, ഒലിപ്പാറ. തുടങ്ങിയ ഒറ്റപ്പെട്ട ഗ്രാമീണ പ്രദേശങ്ങളിലേക്കുള്ള സ്വകാര്യ ബസുകൾ വിദ്യാർഥികളിൽനിന്ന് അമിതതുക ഈടാക്കുന്നതായി വ്യാപക പരാതി. മിനിമം തുകയായ രണ്ട് രൂപയ്ക്ക് പകരം 5 രൂപ നിർബന്ധിച്ച് വാങ്ങുന്നതായാണ് പെൺകുട്ടികളുടെ പരാതി.
ബസ് ജീവനക്കാരുടെ ചീത്തവിളിയും അപമാനവും പേടിച്ച് വിദ്യാർത്ഥികളായ പെൺകുട്ടികൾ അവർ ചോദിക്കുന്ന തുക നൽകുന്ന രീതിയിൽ എത്തിയിരിക്കുകയാണ്. വിദ്യാർഥികളുടെ യാത്രാ നിരക്കിന് യാതൊരു നിയന്ത്രണവും മാനദണ്ഡവും ഇല്ലാത്ത സ്ഥിതിയിലായതായി രക്ഷിതാക്കളും പരാതിപ്പെട്ടു.
5 രൂപ നൽകാൻ തയ്യാറല്ലാത്ത വിദ്യാർത്ഥികളെ ബസ്സിൽ നിന്ന് ഇറക്കി വിടുന്നതായി പരാതിയുണ്ട്. വൈകുന്നേരം വരെ ക്ലാസ്സ് ഇല്ലാത്തതും 2 ബാച്ചായി വിദ്യാർഥികൾ സ്കൂളിൽ എത്തുന്നതും ഭാഗികമായി മാത്രം ക്ലാസ്സുകൾ ഉള്ളതിനാലും വിദ്യാർത്ഥികൾ കുറവായതിനാൽ സംഘടിതമായി പരാതിപ്പെടാനും വിദ്യാർഥികൾക്ക് കഴിയുന്നില്ല.
അമിതതുക ആവശ്യപ്പെടുന്നത് നൽകാൻ ചില വിദ്യാർത്ഥികളുടെ കയ്യിൽ ഇല്ലാതെ വന്നതിനാൽ മറ്റുള്ളവരുടെ കയ്യിൽ ഉള്ള പൈസ പരസ്പരം കൈമാറി സഹകരിച്ചാണ് ബസ്സിനു നൽകി ഇറക്കിവിടൽ ഒഴിവാക്കിയതെന്ന് വിദ്യാർഥികൾ പറഞ്ഞു.
കഴിഞ്ഞ ദിവസം നെന്മാറ ബസ്റ്റാൻഡിൽ വിദ്യാർത്ഥികളും ബസ് ജീവനക്കാരും തമ്മിൽ തർക്കം ഉണ്ടായെങ്കിലും സ്റ്റാൻഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരും നടപടികൾ സ്വീകരിച്ചില്ലെന്ന് വിദ്യാർഥികൾ പരാതിപ്പെടുന്നു.
യാത്രക്കാർ കുറവ്, ഡീസൽ വില വർധന തുടങ്ങി നിരവധി ന്യായങ്ങൾ നിർത്തിയാണ് അനധികൃതമായി അധിക തുക ജീവനക്കാർ വിദ്യാർഥികളിൽനിന്ന് നിർബന്ധിച്ച് വാങ്ങുന്നത്. വിദ്യാർഥികളിൽനിന്ന് അമിത യാത്രാക്കൂലി ഈടാക്കുന്ന ബസ് ജീവനക്കാരെ മാതൃകാപരമായി ശിക്ഷിക്കണം എന്നാണ് വിദ്യാർത്ഥികളുടെ പരാതി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us