തൃത്താല: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി എസ് സി, എസ് ടി തൊഴിലാളികളുടെ മാത്രം വേതനം കുടിശ്ശിക വരുത്തുന്ന പ്രവണത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇത്തരം വിവേചനം ഇല്ലാതാക്കാനും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടാതെ കൂലി ലഭ്യമാക്കാനും അടിയന്തരമായി ഇടപെടണമെന്ന് പട്ടികജാതി അവകാശ സംരക്ഷണ സമിതി (PASS) ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡൻ്റ് ബാലൻ ടി.കെ.അദ്ധ്യക്ഷനായ യോഗത്തിൽ ജില്ലാ സെക്രട്ടറി വേലായുധൻ പി.പി. സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. വിനോദ് പി.പി. സ്വാഗതം പറഞ്ഞു. ട്രഷറർ അശോകൻ കെ.പി., രക്ഷാധികാരി ശങ്കരൻ എന്നിവർ പങ്കെടുത്തു സംസാരിച്ച യോഗത്തിൽ ജില്ല എക്സിക്യൂട്ടിവ് മെമ്പർമാരായ രാമചന്ദ്രൻ കെ.പി., ഭാസ്ക്കരൻ കെ.ടി., മോഹനൻ, ബാലകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, സുകുമാരൻ എന്നിവർ പങ്കെടുത്തു.
തൊഴിലാളികളിൽ ജാതി തിരിച്ചുള്ള നടപടി ക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രതിക്ഷേധ ധർണ സംഘടിപ്പിക്കാനും
മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും പ്രതിപക്ഷ നേതാവിനും പരാതി അറിയിക്കാനും യോഗം തീരുമാനിച്ചു.