/sathyam/media/post_attachments/9bwqSNsbfz6pRgahpsk8.jpg)
പാലക്കാട്:സ്വാതന്ത്ര്യത്തിലേക്ക് വീറോടെ നടന്നടുക്കാൻ ഇന്ത്യൻ ജനതയെ പ്രേരിപ്പിച്ച ചരിത്ര പ്രസിദ്ധമായ ദണ്ഡിയാത്രയുടെ അനുസ്മരണം നാളെ രാവിലെ 9.30 മുതൽ രാമശ്ശേരി ഗാന്ധി ആശ്രമത്തിൽ നടക്കും.
പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും എം.എൽ.എയുമായിരുന്ന എ.കെ. രാമൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന സിവിൽ നിയമലംഘന പ്രസ്ഥാനമടക്കമുള്ള സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് സാക്ഷ്യംവഹിച്ച മണ്ണിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
1930 മാർച്ച് 12ന് ഗുജറാത്തിലെ സബർമതി ആശ്രമത്തിൽ നിന്നും ഗാന്ധിജിയും 78 സത്യാഗ്രഹികകളും ചേർന്ന് 24 ദിവസം കൊണ്ട് 384 കി.മീ. പദയാത്രയായി ദണ്ഡി കടപ്പുറത്തേക്ക് നടത്തിയ മാർച്ചിനെ ജനലക്ഷങ്ങൾ അനുഗമിച്ചതോടെ ബ്രിട്ടീഷ് ഭരണാധികാരികളുടെ ഉറക്കം നഷ്ടപ്പെട്ടു.
സ്വരാജ്യം സമ്പാദിച്ചതിനു ശേഷമേ ഞാനിനി ഈ ആശ്രമത്തിലേക്ക് തിരിച്ച് വരികയുള്ളു എന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ സർവ്വ സൈന്യാധിപനായ ഗാന്ധിയുടെ വാക്കുകൾ ഏറ്റുപിടിച്ച് കേരളഗാന്ധി കെ. കേളപ്പൻ്റെ നേതൃത്വത്തിൽ കേരളത്തിലും പയ്യന്നൂരിലെ ഉളിയത്തു കടവിലേക്ക് ഉപ്പുസത്യാഗ്രഹ വോളണ്ടിയർമാർ മാർച്ച് ചെയ്ത് ഉപ്പ് നിയമ ലംഘനത്തിൽ അണിചേർന്നു.
ദണ്ഡിമാർച്ച് അനുസ്മരണ പരിപാടിയും ഗാന്ധി ആശ്രമം കർമ്മ പരിപാടികളുടെ ആസൂത്രണവും പാലക്കാട് എം.പി. വി.കെ.ശ്രീകണ്ഠൻ ഉൽഘാടനം ചെയ്യും. സർവ്വോദയ കേന്ദ്രം ചെയർമാനും മുൻ മന്ത്രിയുമായ വി.സി.കബീർ അധ്യക്ഷനാവും.
പ്രമുഖ ഗാന്ധിയൻ ഡോ.എം.പി. മത്തായി ദണ്ഡിയാത്ര അനുസ്മരണ പ്രഭാഷണം നടത്തും. ഗാന്ധിമാർഗ്ഗ പ്രവർത്തകരും, ജനപ്രതിനിധികളും, സാമൂഹ്യ - രാഷ്ട്രീയ - സാംസ്കാരിക - പൗരാവകാശ രംഗത്തെ പ്രമുഖരും പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുമെന്ന് സർവ്വോദയ കേന്ദ്രം ഡയറക്ടർ പുതുശ്ശേരി ശ്രീനിവാസൻ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us