പാലക്കാട്:കെ റയിലിൻ്റെ പേരിൽ ആഭ്യന്തര മന്ത്രി നടത്തുന്ന നരനായാട്ട് അവസാനിപ്പിക്കണമെന്ന് ഗാന്ധിദർശൻ സമിതി സംസ്ഥാന പ്രസിഡണ്ട് വി.സി കബീർ മാസ്റ്റർ. ജനങ്ങൾക്കു വേണ്ടാത്ത പദ്ധതി ഉപേക്ഷിക്കാൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും വി.സി കബീർ മാസ്റ്റർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പിണറായി വിജയൻ പ്രസംഗിച്ചു നടന്നത് മനുഷ്യത്വത്തിന് നിരക്കാത്ത വികസനം മനുഷ്യന് യോജിച്ചതല്ല എന്നായിരുന്നു. അധികാരത്തിലേറിയതിന് ശേഷം മുഖ്യമന്ത്രി സ്വന്തം നിലപാട് തന്നെ അട്ടിമറിച്ചു, മൂന്ന് ലക്ഷം പേർ കുടിയിറക്കപ്പെടുകയും മൂന്നു തലമുറയിലധികം ദുരിതമനുഭവിക്കേണ്ടി വരുന്നതുമാണ്.
കെ റയിൽ ഉണ്ടാക്കുന്ന 3 ലക്ഷം കോടിയിലധികം കടബാധ്യത തീർക്കാൻ കേരളത്തിന് കഴിയില്ല. പരമ്പരാഗത കൃഷി പ്രദേശങ്ങളെയും തോട്, പുഴ, കായൽ എന്നി വെയെല്ലാം നശിപ്പിക്കും. കൊച്ചി മെട്രൊ തന്നെ വൻകടത്തിലാണ്. ഇത് തെളിവായി നിൽക്കുമ്പോഴാണ് കെ റയിൽ പദ്ധതി നടപ്പിലാക്കുന്നത്.
കണ്ണീരൊഴുക്കുന്നവരുടെ കൂടെയാണ് ഗാന്ധിദർശൻ സമിതി, ഇരകൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഏപ്രിൽ 2- ന് ആലുവ ഗാന്ധി പാർക്കിൽ ഏകദിന ഉപവാസ സമരം നടത്തും തുടർന്ന് അനിശ്ചിതകാല സമരപരിപാടികൾ ആരംഭിക്കുമെന്നും വി.സി കബീർ മാസ്റ്റർ പറഞ്ഞു. രക്ഷാധികാരി കെ.എ ചന്ദ്രൻ, വൈസ് പ്രസിഡണ്ട് പി ഹരിഗോവിന്ദൻ മാസ്റ്റർ, സെക്രട്ടറി ബൈജു വടക്കുംപുറം എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.