/sathyam/media/post_attachments/X1LwT913UTo32yRbMsOz.jpg)
പാലക്കാട്: ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കെ - സ്വിഫ്റ്റ് എന്ന കമ്പനി കെഎസ്ആർടിസിയുടെ അന്തകവിത്താണെന്നും ഇന്ന് നടക്കുന്നത് കെഎസ്ആർടിസി ജീവനക്കാരന്റെ പട്ടിണിയിലേക്കുള്ള ഫ്ളാഗ് ഓഫ് ആണെന്നും കെഎസ്‌ടി എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി പി.കെ.ബൈജു പറഞ്ഞു.
ജീവനക്കാരെ പിരിച്ചു വിടുമെന്നും ശമ്പളം നൽകാൻ സാധിക്കില്ല എന്നുമുള്ള ബഹുമാന വകുപ്പുമന്ത്രിയുടെ പ്രസ്താവന ഇതിനോട് ചേർത്ത് വായിക്കേണ്ടതാണെന്നും അദ്ദേഹം ആരോപിച്ചു. ശമ്പളമില്ലാതെ പട്ടിണിയിലായ കെ എസ് ആർ ടി സി ജീവനക്കാരനെ അവഹേളിക്കുന്ന നടപടിയാണ് ഈ ഉദ്ഘാടന മാമാങ്കം.
മനസാക്ഷിയുള്ള ഒരു ഭരണകൂടത്തിന് ഇത്തരത്തിൽ പ്രവർത്തിക്കാൻ സാധിക്കയില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ - സ്വിഫ്റ്റ് ഉദ്ഘാടനത്തിനെതിരെ കെ എസ് ആർ ടി സി ഡിപ്പോകളിൽ കെ എസ് ടി എംപ്ലോയീസ് സംഘ് ഏപ്രിൽ 11 ന് നടത്തുന്ന പ്രതിഷേധ ദിനത്തിന്റെ ഭാഗമായി പാലക്കാട് ഡിപ്പോയിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒന്നാം പിണറായി സർക്കാർ അധികാരമേറ്റതു മുതൽ കെഎസ്ആർടിസിയെ തകർക്കാൻ ആരംഭിച്ച ശ്രമങ്ങളുടെ തുടർച്ചയാണ് മന്ത്രിയുടെ പ്രസ്താവന. മൂവായിരത്തിലധികം ബസ്സുകൾ നിരത്തൊഴിഞ്ഞിട്ടും ഇക്കഴിഞ്ഞ ആറു വർഷങ്ങളായി കെഎസ്ആർടിസിക്കായി വാങ്ങിയത് 106 ബസ്സുകൾ മാത്രമാണ്.
സാധാരണക്കാരൻ്റെ ഗതാഗത സംരംഭത്തെ തകർത്തെറിഞ്ഞ്, ആഡംഭര വാഹനങ്ങൾ മാത്രമായി, കെഎസ്ആർടിസിക്ക് സമാന്തരമായി കെ-സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനി രൂപീകരിക്കുകയും കെഎസ്ആർടിസിക്ക് പ്ലാൻ ഫണ്ടിൽ അനുവദിച്ച 116 കോടി വകമാറ്റി സ്വിഫ്റ്റ് കമ്പനിക്ക് ബസ് വാങ്ങുകയും ചെയ്തു.
പിഎസ്‌സിയേയും, എംപ്ലോയ്മെൻ്റ് എക്സേഞ്ചിനേയും നോക്കുകുത്തിയാക്കി, നിലവിലുള്ള യാതൊരു നിയമന മാനദണ്ഡവും പാലിക്കാതെ സി പി എം പിണിയാളുകളെ മാത്രം നിയമിച്ച് ഒരു പാർട്ടി സംരംഭമായി പൊതുഗതാഗതത്തെ മാറ്റാനുള്ള ആസൂത്രിത നീക്കമാണ് കെ- സ്വിഫ്റ്റിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്
കെഎസ്ആർടിസിയെ തകർക്കാനും, ജീവനക്കാരെ വഴിയാധാരമാക്കാനുമുള്ള നീക്കങ്ങൾക്കെതിരെ കെഎസ്‌ടി എംപ്ലോയീസ് സംഘ് ശക്തമായ പ്രക്ഷോഭ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ജില്ലാ വർക്കിംഗ് പ്രസിഡൻറ് കെ.സുരേഷ് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.വി.രമേഷ്കുമാർ ,എൽ.മുരുകേശൻ, എന്നിവർ സംസാരിച്ചു യു. തുളസീദാസ് , വി.കണ്ണൻ, കെ.സുധീഷ് , എൽ. മധു , എൽ. രവി പ്രകാശ്, നാഗ നന്ദകുമാർ,ശശാങ്കൻ, എസ്. ശ്രീജിത്ത്, കെ.വിനോദ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us