/sathyam/media/post_attachments/dp5Jj8RVACunP9h8Eraf.jpg)
പാലക്കാട്: പാകിസ്ഥാൻ മതാധിഷ്ഠിത രാഷ്ട്രമായി മാറിയപ്പോൾ അത് ചൂണ്ടിക്കാട്ടി ഭാരതത്തെയും മതാധിഷ്ഠിത രാജ്യമാക്കാനുള്ള ശ്രമങ്ങളെ നിരാകരിച്ച് മതേതര രാഷ്ട്രമായി ഇന്ത്യയെ രൂപപ്പെടുത്താൻ ദേശീയ നേതൃത്വത്തിന് കഴിഞ്ഞെങ്കിൽ, ഇപ്പോൾ അതിവേഗം രാജ്യത്തെ വർഗീയ വൽക്കരിക്കാൻ ആണ് ബിജെപിയും സംഘപരിവാറും ശ്രമിക്കുന്നതെന്ന് എൻസിപി സംസ്ഥാന പ്രസിഡൻറ് പിസി ചാക്കോ അഭിപ്രായപ്പെട്ടു.
വർഗീയശക്തികളെ ചെറുത്തുതോൽപ്പിക്കാൻ മതേതര ബദലിന് മുൻകൈയെടുക്കാൻ ബാധ്യതപ്പെട്ട പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് പാർട്ടി സ്വീകരിച്ച വഴിപിഴച്ച നിലപാടു മൂലമാണ് 2019 ലോക്സഭാ 5 സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിലും ബിജെപിയെ തോൽപ്പിക്കാൻ കഴിയാതെപോയത്.
സിപിഎം പാർട്ടി കോൺഗ്രസ് അംഗീകരിച്ച സംസ്ഥാനങ്ങളുടെ സാഹചര്യം അനുസരിച്ചുള്ള മതേതര ശക്തികളുടെ കൂട്ടായ്മ എന്ന ആശയം മാസങ്ങൾക്കുമുമ്പുതന്നെ എൻസിപിയും ശരത് പവാറും മുന്നോട്ടുവെച്ചതാണെന്നും ചാക്കോ കൂട്ടിച്ചേർത്തു. 2024 ലെ തെരഞ്ഞെടുപ്പിൻ്റെ പ്രാധാന്യം കണക്കിലെടുത്ത് എല്ലാ മതേതര ശക്തികളും ബിജെപിക്കെതിരായ നിലപാടിൽ ഒറ്റക്കെട്ടായി മുന്നോട്ട് വരണം എന്ന് ചാക്കോ അഭ്യർത്ഥിച്ചു.
എൻസിപി പാലക്കാട് ജില്ലാ പ്രതിനിധി സമ്മേളനം തൃപ്തി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻറ് എ രാമസ്വാമി അധ്യക്ഷതവഹിച്ചു. എൻ സി പി സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ പി കെ രാജൻ മാസ്റ്റർ അഡ്വക്കേറ്റ് പി എം സുരേഷ് ബാബു ലതികാസുഭാഷ് സംസ്ഥാന ജനറൽ സെക്രട്ടറി ടി എൻ ശിവശങ്കരൻ സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലാകൽ സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ഓട്ടൂർ ഉണ്ണികൃഷ്ണൻ കാപ്പിൽ സൈതലവി പി അബ്ദുറഹ്മാൻ എന്നിവർ പ്രസംഗിച്ചു.
ജില്ലാസെക്രട്ടറി കൈപ്പടം പ്രഭാകരൻ സ്വാഗതവും എംടി സണ്ണി നന്ദിയും പ്രകാശിപ്പിച്ചു. മുൻ വനിതാ കമ്മീഷൻ അധ്യക്ഷയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ജോസഫൈൻ, പാലക്കാട് നഗരസഭാ മുൻ ചെയർപേഴ്സൺ പി എ രമണി ഭായ് എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ടുള്ള പ്രമേയം ജില്ലാ സെക്രട്ടറി മോഹൻ ഐസക് അവതരിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us