/sathyam/media/post_attachments/8Gse3wdjAnvgiYRXhPlJ.jpg)
അട്ടപ്പാടി: ഒരു കാലത്ത് കാർഷിക വൃത്തിയുടേയും തമിഴ് ആഘോഷങ്ങളുടേയും അവിഭാജ്യ ഘടകമായിരുന്നതും പിന്നിട് ആധുനികതയുടെ തള്ളി കയറ്റത്തിൽ ഏതാണ്ട് പൂർണ്ണമായും മാഞ്ഞു പോവുകയും ചെയ്ത അതിപ്രാചീന തമിഴ് നൃത്തമായ "കുമ്മിയടി "ക്ക് അട്ടപ്പാടി പുതൂരിൽ പുനർജനനം.
ശ്രീ പുതൂർ മാരിയമ്മൻ ക്ഷേത്ര മഹോൽസവത്തിന്റെ ഭാഗമായി മഹിളാ ഭക്തർ തിങ്കളാഴ്ച വൈകിട്ട് ക്ഷേത്രത്തിൽ ഒത്തു ചേർന്ന് പഴയ വരികൾ ഓർത്തെടുത്ത് കുമ്മിപ്പാട്ട് പാടി കുമ്മിയടിച്ചപ്പോൾ അത് അപൂർവ്വ ചരിത്ര നിമിഷമായി.
ഉൽസവത്തിന്റെ ഭാഗമായി ദേവിക്ക് മുൻപാകെ സ്ഥാപിച്ചിട്ടുള്ള കമ്പം..പൂവോട് ചുറ്റിയാണ് ഭക്തർ കുമ്മിയടിച്ചത്. പ്രകൃതിയേയും ദേവിയേയും സ്തുതിക്കുന്ന വരികൾ ഉൾക്കൊണ്ട കുമ്മിപ്പാട്ടിനും ഇതിനനുസൃതമായിട്ടുള്ള കുമ്മി നൃത്തത്തിനും വൻ സ്വീകാര്യതയാണ് പുതു തലമുറയിൽ നിന്നു പോലും ലഭിച്ചത്.
ഒരു പ്രത്യേക ഈണത്തിലുള്ള പാട്ടുകൾ പാടി പ്രത്യേക രീതിയിൽ തമിഴ്നാട്ടിലും കേരളത്തിലും സ്ത്രീകൾ നടത്താറുള്ള നൃത്തരൂപത്തെ കുമ്മി എന്നു പറയുന്നു. ഇതിന് കുമ്മിയടിക്കുക എന്നും പറയും. സ്വതേ നാടൻ നൃത്തരൂപമാണ് കുമ്മി. കുമ്മിക്ക് പാടാറുള്ള പാട്ടുകൾ അടങ്ങുന്ന ഒരു ഗാനസഞ്ചയംതന്നെ കുമ്മിപ്പാട്ടുകൾ എന്ന പേരിൽ ഉണ്ട്.
പഴയ തമിഴകത്ത് രൂപം കൊണ്ട അതിപ്രാചീനമായ ഈ നൃത്തം വാദ്യങ്ങൾ രൂപപ്പെടും മുമ്പേതന്നെ നിലവിലിരുന്നു. വാദ്യങ്ങളില്ലാതെ കൈകൊട്ടി താളമിട്ടുകൊണ്ടാണ് നൃത്തം നടക്കുന്നത്. കുടുംബവിശേഷങ്ങൾക്കും കൊയ്ത്തുത്സവങ്ങൾക്കുമൊക്കെ പണ്ട് കുമ്മിയാട്ടം നടത്തിയിരുന്നു.
പുതൂർ മാരിയമ്മൻ ഉൽസവം ഒരു പ്രകൃതി ഉൽസവമാണെന്നത് കുമ്മി പാട്ടിന്റേയും നൃത്തത്തിന്റേയും പുനർ ജനനത്തിന് തുണയായി. തമിഴ്നാട്ടിൽ പോലും അത്യപൂർവ്വമായി തീർന്നിരിക്കുന്ന കുമ്മിയടി കലാരൂപത്തിന്റെ അട്ടപ്പാടിയിലെ ഉയിർത്തെഴുന്നേൽപ്പ് കലാ സാംസ്കാരിക കേരളത്തിന് അഭിമാനമായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us