/sathyam/media/post_attachments/RFqQ8ZCsxMUrFvZviv13.jpeg)
പാലക്കാട്: മാജിക് മിഷന്‍ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അഖില കേരള മാന്ത്രിക കണ്‍വെന്‍ഷന്‍ 'മാസ്മര 2022' മെയ് 22 ന് പട്ടാമ്പി ഗവണ്‍മെന്‍റ് സംസ്കൃത കോളജില്‍ നടക്കും. ഇതിന്‍റെ ഭാഗമായുള്ള ലോഗോ പ്രകാശനം പട്ടാമ്പി മീഡിയാ സെന്‍ററില്‍ വച്ച് നടന്നു. മാജിക് മിഷന്‍ പാലക്കാട് രക്ഷാധികാരി കുമ്പിടി രാധാകൃഷ്ണന്‍, മുരളീധരന്‍ വേളേരിമഠത്തിന് നല്‍കിയാണ് ലോഗോ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്.
കണ്‍വെന്‍ഷനില്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം മാന്ത്രികര്‍ പങ്കെടുക്കും. കണ്‍വെന്‍ഷന് മുന്നോടിയായി വര്‍ഗിയതയ്ക്കും അക്രമത്തിനും വംശീയതയ്ക്കുമെതിരെ പൊതു സമൂഹത്തിന്‍റെ കണ്ണു തുറപ്പിക്കാന്‍ പട്ടാമ്പി ടൗണില്‍ നിന്ന് പട്ടാമ്പി കോളജ് വരെ മജീഷ്യന്‍മാര്‍ കണ്ണുകെട്ടി ബൈക്ക് ഓടിക്കും. അതോടൊപ്പം മറ്റ് വിവിധ പരിപാടികളും നടത്താനുദ്ദേശിക്കുന്നുണ്ടെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സമൂഹത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കലകൊണ്ട് പ്രതിരോധം തീര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് കൺവെന്‍ഷന്‍ സംഘടിപ്പിക്കുന്നത്.
പ്രശസ്ത മാന്ത്രികനും ഇല്യുഷനിസ്റ്റുമായ പി.എം മിത്ര കണ്‍വെന്‍ഷന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മാജിക് മിഷന്‍ ഭാരവാഹികളായ പി.എം. ഉപേന്ദ്ര, കുമ്പിടി രാധാകൃഷ്ണന്‍, സലിം വല്ലപ്പുഴ, മുരളീധരന്‍ പട്ടാമ്പി, സുരേഷ് പട്ടാമ്പി, വി.അഖില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us