നായകളെ പുലി പിടിക്കുന്നത് പതിവായി; നിരങ്ങൻപാറ പ്രദേശവാസികൾ അങ്കലാപ്പിൽ

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

(പ്രതീകാത്മക ചിത്രം)

നെന്മാറ: നിരങ്ങൻപാറയിലെ ഏഴാംമത് വീട്ടിലെയും നായയെ പുലിപിടിച്ചു. കഴിഞ്ഞ 4 മാസത്തിനകം ഇതോടെ പ്രദേശത്തെ 8 നായകളെയാണ് പുലി പിടിച്ചത്. ഇതിൽ പരിശീലനം നേടിയ ആയിരങ്ങൾ വിലയുള്ള വിദേശയിനം നായകൾ വരെ ഉൾപ്പെടും.

Advertisment

കഴിഞ്ഞ ദിവസം വൈകീട്ട് 7മണിക്കുശേഷം കൂട്ടിൽ നിന്നും പുറത്തു വിട്ട ടി.സി. ബാബുവിന്റെ വീട്ടു മുറ്റത്തു നിന്നിരുന്ന നായയെ രാത്രി 8.30 ആകുമ്പോഴേക്കും കാണാതായി. പതിവുപോലെ 8. 30 ഓടെ നായയെ കൂട്ടിൽ കയറ്റാൻ നോക്കിയപ്പോഴാണ് നായയെ കാണാതായ വിവരം അറിയുന്നത്.

മഴയുണ്ടായിരുന്നതിനാൽ പുലിയുടെ കാൽപ്പാടുകൾ വ്യക്തമായില്ല. രാത്രിയും പകലും അന്വേഷിച്ചു നടന്നെങ്കിലും അയൽവീടുകളിലെ നായകൾക്ക് സംഭവിച്ച അതേ സ്ഥിതി തന്നെ തുടർന്നു. വീടിനു കാവൽ നിൽക്കുന്ന നായക്ക് കാവൽ നിൽക്കേണ്ട സ്ഥിതി ആയെന്ന് പ്രദേശത്തെ കർഷകനായ അബ്രഹാം പുതുശ്ശേരി പറഞ്ഞു.

പുലിയെ പേടിച്ച് പ്രദേശവാസികൾ ആട് വളർത്തൽ നിർത്തിയിട്ട് രണ്ടു വർഷത്തിലേറെയായി. തൊഴുത്തിൽ കെട്ടിയിരിക്കുന്ന പശുവിനെയും കിടാവിനെയും സംരക്ഷിക്കാൻ ലൈറ്റുകൾ തെളിച്ചും മറ്റും മാർഗ്ഗം പുതിയ മാർഗങ്ങൾ തേടുകയാണ് പ്രദേശവാസികൾ.

ഇതോടെ നിരങ്ങാൻ പാറ പ്രദേശത്തെ ഒരുവീട്ടിലും നായ ഇല്ലാത്ത സ്ഥിതിയായി. പുലിയെ പേടിച്ച് പ്രദേശത്തെ എല്ലാ വീടുകളിലും നായകളെ ഇരുമ്പ് വല കൊണ്ടുണ്ടാക്കിയ കൂടിനകത്താണ് വളർത്തുന്നതെങ്കിലും രാവിലെയും വൈകിട്ടും അല്പം ഓടിനടക്കുന്നതിനായി കൂടിനു പുറത്തുവിടുന്ന സമയത്താണ് നായയെ പിടിച്ചുകൊണ്ടുപോയത്.

സ്ഥിരമായി വളർത്തുമൃഗങ്ങളെ പിടിക്കുന്ന പുലിയെ കൂട് വെച്ച് പിടിച്ച് വീടിനോടു ചേർന്നുള്ള പ്രദേശത്തുനിന്ന് ഒഴിവാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. നെന്മാറ വനം ഡിവിഷനിലെ തിരുവഴിയാട് സെക്ഷനിൽ പെട്ട പ്രദേശമാണ് നിരങ്ങൻപാറ.

അതിരാവിലെ ടാപ്പിങ്ങിനും മറ്റു തൊഴിലിനും പോകുന്നവർ പലപ്രാവശ്യം പുലിയെ കണ്ടിട്ടുണ്ടെങ്കിലും വനം വകുപ്പ് വീട്ടുവളപ്പുകളിൽ എത്തുന്ന പുലിയെ പിടികൂടാനുള്ള നടപടി സ്വീകരിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു.

Advertisment