പട്ടാമ്പി കോളേജിൽ നാക് പിയർ ടീം സന്ദർശനത്തിനെത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പട്ടാമ്പി: നാഷണൽ അസ്സസ് മെന്റ് ആന്റ് അക്രഡിറ്റേഷൻ ടീം പട്ടാമ്പി കോളേജിലെത്തി. കഴിഞ്ഞ അഞ്ച് വർഷത്തെ കോളേജിന്റെ ഭൗതിക സാഹചര്യങ്ങളും അക്കാദമിക അനക്കാദമിക പ്രവർത്തനങ്ങളും വിലയിരുത്തി ഗ്രെയ്ഡിംഗ് നടത്താനാണ് ഈ അഖിലേന്ത്യാ സമിതി വിസിറ്റ് ചെയ്യുന്നത്.

Advertisment

പ്രിൻസിപ്പൽ ഡോ. ജെ സുനിൽജോണിന്റെ നേതൃത്വത്തിൽ കോളേജ് അധികൃതർ സംഘത്തെ വരവേറ്റു. സ്വീകരണത്തിന്റെ ഭാഗമായി എൻ സി സി കേഡറ്റുകൾ ഗാർഡ് ഓഫ് ഓണർ നൽകി.

ഒറീസ്സ കേന്ദ്ര സർവ്വകലാശാല മുൻ വൈസ് ചാൻസലർ പ്രെഫ. സച്ചിദാനന്ദ മൊഹന്തി ചെയർമാനും കർണ്ണാടക തുംകൂർ യൂനിവേഴ്സിറ്റി ഡീൻ പ്രൊഫ.പി പരമശിവയ്യ മെമ്പർ കോഡിനേറ്ററും, ഡെറാഡൂൺ ഗവ. പി.ജി കോളേജ് മുൻ പ്രിൻസിപ്പൽ പ്രെഫ. ഗോവിന്ദ സിംഗ് രജ്‌വാർ മെമ്പറുമായ മൂന്നംഗ സമിതിയാണ് നാക് പിയർ ടീം.

കോളേജ് നാക്ക് സമിതിക്കു മുമ്പാകെ സെൽഫ് സ്റ്റഡി റിപ്പോർട്ട് കഴിഞ്ഞ വർഷം സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലിന്റെ അന്തിമഘട്ടമാണ് ഈ സന്ദർശനം.

ഇത് മൂന്നാം തവണയാണ് കോളേജ് നാക്ക് വിലയിരുത്തലിനു വിധേയമാകുന്നത്. കേരളത്തിലെ സർക്കാർ കോളേജുകളിലെ ഏറ്റവും വലിയ സയൻസ് ബ്ളോക്ക് കെട്ടിടം, ഉയർന്ന പഠന നിലവാരം, മികച്ച പാഠ്യേതര പ്രവർത്തനങ്ങൾ തുടങ്ങി ഭൗതികസാഹചര്യങ്ങളും അക്കാദമിക നേട്ടങ്ങളിലും മുൻപന്തിയിൽ നില്ക്കുന്ന കോളേജിന് ഉയർന്ന ഗ്രെയ്ഡ് ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്.

വിപുലമായ ലൈബ്രറിക്കു പുറമെ ഒരു ഡിജിറ്റൽ ആർക്കൈവും ആർക്കിയോളജിക്കൽ മ്യൂസിയവും കോളേജിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. കുട്ടിവനം, ബയോഡൈവേഴ്സിറ്റി പാർക്ക്, മാലിന്യസംസ്കരണ സംവിധാനങ്ങൾ എന്നിവയടങ്ങിയ കോളേജിന്റെ ഹരിതവത്കരണ പദ്ധതികളും ലേണിങ്ങ് മാനേജ്മെന്റ് സംവിധാനവും സംഘം സന്ദർശിച്ചു.

Advertisment