ഇരു വൃക്കകളും തകരാറിലായ യുവാവ് സുമനസുകളുടെ കാരുണ്യം തേടുന്നു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പട്ടാമ്പി:ഇരു വൃക്കകളും തകരാറിലായ യുവാവ് സുമനസുകളുടെ കാരുണ്യം തേടുന്നു. വിളയൂർ കുപ്പൂത്ത് സ്വദേശി ബഷീർ കരുവാൻകുഴി എന്ന നാൽപത്തൊന്നുകാരനാണ് കരുണ വറ്റാത്തവരുടെ മുമ്പിൽ കാരുണ്യം തേടുന്നത്.

Advertisment

ജീവിത പ്രാരബ്ദങ്ങൾക്ക് വഴിതേടി പ്രവാസലോകത്തേക്ക് പോയി തന്റെ കുടുംബത്തിന് താങ്ങും തണലുമായി കഴിഞ്ഞു വരുമ്പോഴാണ് ചില ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഡോക്ടറെ കാണുന്നത്.

വിവരങ്ങൾ ചോദിച്ചറിഞ്ഞ ഡോക്ടർ ചില പരിശോധനകൾ നിർദ്ദേശിക്കുകയും റിസൽട്ടുകൾ പ്രതികൂലമാവുകയും ബഷീറിന്റെ ഇരു വൃക്കകളും തകരാറിലാണെന്ന സത്യം ഡോക്ടർ അറിയിക്കുകയും ചെയ്തു.

ഇതോടെ ബഷീറും കുടുംബാംഗങ്ങളും തളർന്നുപോയി. ഇപ്പോൾ ഡയാലിസിസ് തുടങ്ങിയിട്ട് മൂന്നു മാസമായി. വൃക്ക മാറ്റിവെക്കൽ ശാസ്ത്രക്രിയയല്ലാതെ പോംവഴിയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയിരിക്കുകയാണ്. എത്രയും പെട്ടെന്ന് വൃക്ക മാറ്റിവെക്കൽ ശാസ്ത്രക്രിയക്കായി തയ്യാറെടുക്കാനാണ് വിദഗ്ദ്ധരുടെ നിർദ്ധേശം.

കൂടുതൽ ടെസ്റ്റുകൾക്കായി വിധേയനായപ്പോഴാണ് ബഷീറിന് ഹൃദയ സംബന്ധമായ അസുഖവും ഉണ്ടെന്ന് മനസ്സിലായത്. ഇപ്പോൾ അതിനുള്ള ചികിത്സയും ഡയാലിസിസും അനുബന്ധടെസ്റ്റുകളുമായി എറണാംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ കഴിയുകയാണ് ഈ ചെറുപ്പക്കാരൻ.

പ്രവാസ ജീവിതത്തിൽ ആകെയുള്ള സമ്പാദ്യമായുള്ളത് ചെറിയൊരു വീട് മാത്രമാണ്. പ്രായമായ രോഗിയായ ഉമ്മയും ഭാര്യയും രണ്ടു പെൺകുട്ടികളും അടങ്ങുന്നതാണ് ബഷീറിന്റെ കുടുംബം.

ബഷീറിന്‍റെ ചികിത്സക്കായി 40 ലക്ഷത്തോളം രൂപ ചെലവ് വരും. വഴിത്താരയിൽ തകർന്നു പോയ ബഷീറിന്റെയും കുടുംബത്തിന്റെയും ദയനീയതയിൽ 'ബഷീര്‍ ചികിത്സാ സഹായ സമിതി' എന്ന പേരില്‍ നാട്ടുകാർ ചികിത്സാ സമിതി രൂപീകരിച്ച് ആലംബമാകാനുള്ള ഒരുക്കത്തിലാണ്. ജാതി മത രാഷ്ട്രീയ ഭേദമന്യ ഒരു നാട് ഒന്നായി ബഷീറിനുളള സഹായഭ്യർത്ഥനയിലാണ്.

സമിതിയുടെ പേരിൽ ഫെഡറൽ ബാങ്കിന്റെ പുലാമന്തോൾ ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ 11850200006273, (ഐ.എഫ്.എസ്.സി കോഡ് : എഫ്.ഡി.ആർ.എൽ 0001185). 8113828501 എന്ന നമ്പറിലും സഹായങ്ങൾ അയക്കാം.

Advertisment