അനാഥമായിക്കിടക്കുന്ന മലമ്പുഴ ബസ്റ്റാൻ്റ്... സാമൂഹ്യ വിരുദ്ധരുടെ താവളമായി ബസ് സ്റ്റാന്‍റ് മാറിയിരിക്കുന്നുവെന്ന് ആരോപണവുമായി നാട്ടുകാര്‍ 

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

മലമ്പുഴ:ലക്ഷങ്ങൾ മുടക്കി ജലസേചന വകുപ്പിൻ്റെ കീഴിൽ പണിത മലമ്പുഴ ബസ്റ്റാൻ്റ് അനാഥമായി കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ പലതു കഴിഞ്ഞു. എന്നിട്ടും ശാപമോഷമായിട്ടില്ല.

Advertisment

പരിസരത്ത് പൊന്തക്കാടുകൾ നിറഞ്ഞു ക്ഷുദ്രജീവികളുടേയും ഇഴജന്തുക്കളുടെ ശല്യവും വർദ്ധിച്ചതോടൊപ്പം തന്നെ തെരുവുനായ്ക്കളും സാമൂഹ്യ വിരുദ്ധരും വിലസുന്ന താവളമായി ബസ്റ്റാൻ്റ് മാറിയിരിക്കയാണെന്ന് നാട്ടുകാർ ആരോപിച്ചു.

മലമ്പുഴയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ടായിരുന്നു ഉദ്യാനത്തിനു മുന്നിലുണ്ടായിരുന്ന കാലപഴക്കം ചെന്ന പഴയ ബസ്റ്റാൻ്റ് പൊളിച്ചുമാറ്റി ഇപ്പോൾ 'നിൽക്കുന്ന സ്ഥലത്ത് (പുല്ലംകണ്ടം) ബസ്റ്റാൻ്റ് പണിതത്.

എന്നാൽ ബസുകൾ വരാതെ ലക്ഷ്യം പാളിയപ്പോൾ പരാതികളും സമരങ്ങളുമായി നിർബ്ബന്ധപൂർവ്വം ബസുകൾ വരുത്തിയെങ്കിലും ബസ്റ്റാൻ്റിലേക്ക് യാത്രക്കാരില്ലാതെ കാലിയായി വന്നു പോകുന്ന സമയനഷ്ടം ഇന്ധനനഷ്ടം എന്നിവ കണക്കിലെടുത്ത് ബസുകൾ ഉദ്യാന കവാടത്തിനു മുന്നിൽ തന്നെ പഴയ പോലെ ട്രിപ്പ് അവസാനിപ്പിക്കുകയാണ്.

ബസ്റ്റാൻ്റിലെത്തുന്ന യാത്രക്കാർക്കും ബസ് ജീവനക്കാർക്കും ശൗചാലയം ഇല്ലാത്തതും ഏറെ ബുദ്ധിമുട്ടിച്ചു. ബസ്റ്റാൻ്റിനു മുന്നിൽ റോക്ക് ഗാർഡൻ പ്രവർത്തിക്കുന്നുണ്ടെങ്കിലും വിനോദസഞ്ചരികളിൽ ഒരു ശതമാനം പോലും എത്തി നോക്കാറില്ല എന്നതാണ് പരമാർത്ഥം.

വേണ്ടത്ര അറിവു് വിനോദ സഞ്ചാരികൾക്ക് റോക്ക് ഗാർഡനെക്കുറിച്ചില്ലാത്തതാകാം അവർ എത്താത്തതെന്നു് നാട്ടുകാർ പറഞ്ഞു. വേണ്ടത്ര പരസ്യം നൽകി വിനോദ സഞ്ചാരികളെ ആകർഷിക്കണമെന്ന ആവശ്യവും ജനങ്ങൾ ഉന്നയിച്ചു. അങ്ങിനെ വന്നാൽ റോക്ക് ഗാർഡൻ കാണാനെത്തുന്നവരെങ്കിലും ബസിൽ സ്റ്റാൻ്റുവരെ എത്തുമായിരുന്നു.

ആനക്കൽ ഭാഗത്തേക്കുള്ളവർക്കാണ് ഇവിടെ ബസിറങ്ങേണ്ടതായ മറ്റു യാത്രക്കാർ. പക്ഷെ ഇവിടെ ഓട്ടോസ്റ്റാൻ്റ് ഇല്ലാത്തതിനാൽ ഉദ്യാന കവാടത്തിനു മുന്നിൽ അവർ ഇറങ്ങി അവിടെ നിന്നും ഓട്ടോ വിളിച്ചാണ് പലരും പോകുന്നത്.

ഉപയോഗശൂന്യമായിക്കിടക്കുന്ന ബസ്റ്റാൻ്റ് ചെറിയ ഓഡിറ്റോറിയമാക്കി രൂപാന്തരപ്പെടുത്തിയാൽ ഉപയോഗപ്രദവും സർക്കാരിലേക്ക് സാമ്പത്തിക വരുമാനവും ഉണ്ടാകുമെന്നും ഉള്ള ആശയവും ജനങ്ങൾ പങ്കുവെക്കുന്നു.

Advertisment