പ്രോസിക്യൂട്ടർമാർക്ക് ഫീസ് നൽകാതെ അട്ടപ്പാടി മധു കേസ് ദുർബലപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നു. സാക്ഷികളെ കൂറുമാറ്റിച്ച് കേസ് അട്ടിമറിക്കാൻ പ്രതികളും ശ്രമിക്കുന്നു - ആരോപണവുമായി മധുവിൻ്റെ കുടുംബാംഗങ്ങൾ

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

Advertisment

പാലക്കാട്: അട്ടപ്പാടി മധുകേസിലെ പ്രധാന സാക്ഷികളുടെ വിചാരണ ഈ മാസം 8 ന് തുടങ്ങാനിരിക്കെ സാക്ഷികളെ എല്ലാവരെയും പ്രതികൾ രാഷ്ട്രിയമായോ സാമ്പത്തികമായോ സ്വാധീനിച്ച് കൂറുമാറ്റിയതായി മധുവിൻ്റെ കുടുംബം ആരോപിച്ചു.

ഇവരുടെ ബന്ധുകൂടിയായ പ്രധാന സാക്ഷികളിൽ ഒരാളെ സ്വാധീനിക്കുന്നതിനായി കേസിലെ ഒമ്പതാം പ്രതി നജീബ് സ്വന്തം വാഹനത്തിൽ കയറ്റി മണ്ണാർകാട്ടേക്ക് കൊണ്ടുപോയി. അതുമായി ബന്ധപ്പെട്ട് മധുവിൻ്റെ അമ്മ മല്ലി ജൂൺ 5 ന് അഗളി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

മാത്രമല്ല മധുവിന് വേണ്ടി വാദിക്കാൻ സർക്കാർ നിയമിച്ച രണ്ട് പ്രോസിക്യൂട്ടർമാർക്കും നാളിതുവരെ ആയിട്ടും സർക്കാർ യാതൊരു വിധ അലവൻസുകളോ, മറ്റ് സൗകര്യങ്ങളോ ഒന്നും തന്നെ അനുവദിച്ചില്ല.

ഇതും കേസിൻ്റെ മുന്നോട്ട് പോക്ക് ഇല്ലാതാക്കാനാണ് എന്നാണ് മധുവിൻ്റെ കുടുംബം പറയുന്നത്.  മുൻപ് നിയമിച്ച രണ്ട് പ്രോസിക്യൂട്ടർമാരും സമാന കാരണത്താലാണ് പിൻമാറിയത് എന്നാണ് അവർ പറയുന്നത്. ഇപ്പോഴത്തെ പ്രോസിക്യൂട്ടർമാരോടും സർക്കാർ അതേ സമീപനം തുടരുന്നതിൽ ദുരൂഹതയുണ്ട് .

പ്രതികളുടെ മൊഴിമാറ്റി കേസിനെ അട്ടിമറിക്കാൻ ശ്രമിക്കുമ്പോൾ കൊല്ലപ്പെട്ട മധുവിന് നീതി കിട്ടാൻ ഇനിയും തെരുവിലേക്ക് സമരങ്ങളുമായി ഇറങ്ങേണ്ട ഗതികേടിലേക്ക് പോകേണ്ടി വരുമോ എന്നതാണ് അവരുടെ സർക്കാറിനോടുള്ള ചോദ്യം.

ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കുന്ന പ്രതികളെ രക്ഷിക്കാൻ സർക്കാർ കാണിക്കുന്ന നിലപാടാണ് ഇതെന്നാണ് കുടുംബം ആരോപിക്കുന്നത്. ലക്ഷങ്ങൾ ചിലവിട്ട് കേസുകൾ ഒതുക്കി തീർക്കാൻ പല കേസുകളിലെന്നപോൽ ഇതിലും ശ്രമിക്കുന്നു എന്നും അവർ പറഞ്ഞു.

2018 ഫെബ്രുവരി 22-നാണ് ആദിവാസിയുവാവായ മധുവിനെ ആൾക്കൂട്ട വിചാരണ നടത്തി തല്ലിക്കൊന്നത്. മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച സംഭവം അന്ന് ഏറെ ചർച്ചയായെങ്കിലും കേസിന്റെ നടത്തിപ്പിൽ ബന്ധപ്പെട്ടവർ ശ്രദ്ധചെലുത്തിയില്ലെന്നാണ് നിലവിലെ സ്ഥിതിഗതികൾ ചൂണ്ടിക്കാണിക്കുന്നത്. കേസിനായി ആദ്യം ഒരു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചെങ്കിലും സൗകര്യങ്ങൾ പോരെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു.

പിന്നീട് 2019 ഓഗസ്റ്റിലാണ് വി.ടി. രഘുനാഥിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. പക്ഷേ, ഒരിക്കൽപോലും അദ്ദേഹം മണ്ണാർക്കാട്ടെ കോടതിയിൽ എത്തിയില്ല. അദ്ദേഹത്തിന്റെ ജൂനിയർ അഭിഭാഷകർ മാത്രമാണ് കോടതിയിൽ വന്നത്. എന്നാൽ അദ്ദേഹവും പ്രോസിക്യൂട്ടർ സ്ഥാനം ഒഴിഞ്ഞു.

പിന്നീടാണ് ഇപ്പോഴത്തെ പ്രോസിക്യൂട്ടർമാരായ സി. രാജേന്ദ്രൻ, രാജേഷ് എം. മേനോൻ എന്നിവരെ സ്പെഷ്യൽ പ്രോസിക്യൂട്ടർമാരായി നിയോഗിച്ചതും കേസ് മുന്നോട്ട് പോകുന്നതും. എന്നാൽ ഇപ്പോഴത്തെ പ്രോസിക്യൂട്ടർമാർക്കുള്ള അലവൻസും, മറ്റ് സൗകര്യങ്ങളും നൽകാത്ത സാഹചര്യമാണ് നിലവിലുള്ളത്.

ആയത് അടിയന്തിരമായി  പരിഹരിച്ച്, പ്രതികൾ സാക്ഷികളെ സ്വാധീനിച്ചതിനാൽ കുറുമാറൽ ഉണ്ടാകുന്നുണ്ടെങ്കിൽ അതിനെതിരെ നിയമ നടപടികൾ സ്വികരിച്ച് നീതി ഉറപ്പാക്കണമെന്ന് മധുവിൻ്റെ കുടുംബം പാലക്കാട് പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു .

Advertisment