ഇടതു സർക്കാരിന്റേത് വർഗ്ഗവഞ്ചക നയം: കെഎസ്‌ടി എംപ്ലോയീസ് സംഘ്

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: പണിയെടുത്ത കെഎസ്ആർടിസി ജീവനക്കാർക്ക് തുടർച്ചയായി ശമ്പളം നിഷേധിക്കുന്ന ഇടതു സർക്കാർ വർഗ്ഗ വഞ്ചക നയമാണ് നടപ്പാക്കുന്നതെന്ന് കെഎസ്‌ടി എംപ്ലോയീസ് സംഘ് സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് എസ്. അജയകുമാർ പറഞ്ഞു. സംഘടനയുടെ പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കെ.എസ്. അനിൽകുമാർ നഗറിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

കെഎസ്ആർടിസിയെ തകർത്ത് പാർട്ടി ബിനാമികൾക്ക് പൊതു ഗതാഗതം തീറെഴുതിക്കൊടുക്കാനുള്ള നീക്കമാണ് ഇടതു ഭരണത്തിൽ നടക്കുന്നത്. എല്ലാ മാസവും 5-ാം തിയതിക്കുള്ളിൽ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകുമെന്ന് പൊതുസമൂഹത്തോട് പറഞ്ഞത് കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാരാണ്.

എന്നാൽ നാളിതുവരെ പറഞ്ഞ വാക്ക് പാലിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. സർക്കാരിന്റെ ദൈനംദിന ചെലവുകൾക്കു വേണ്ടി എല്ലുമുറിയെ പണിയെടുത്ത് ഖജനാവിൽ പണമടയ്ക്കുന്ന തൊഴിലാളികളെ സമൂഹ മധ്യത്തിൽ അപഹാസ്യരാക്കാനാണ് മന്ത്രിമാരും മാനേജ്മെന്റും ശ്രമിക്കുന്നത്.

മെയ് മാസത്തിൽ 193 കോടി രൂപ വരുമാനം കൊണ്ടുവന്നിട്ടും സർക്കാർ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നിഷേധിക്കുകയാണ്. തൊഴിലാളികളുടെ മനോവീര്യം ഇല്ലാതാക്കി, സ്ഥാപനത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെ ശമ്പള പ്രതിസന്ധി സർക്കാർ ബോധപൂർവ്വം സൃഷ്ടിക്കുന്നതാണ്.

സർക്കാരിന്റെയും മാനേജ്മെന്റിന്റെയും ധൂർത്തും കെടുകാര്യസ്ഥതയും അഴിമതിയുമാണ് ശമ്പളം മുടങ്ങാൻ കാരണം. സ്വിഫ്റ്റ് സർവ്വത്ര അഴിമതിയാണ്. അതിൽ 37 ലക്ഷത്തിന്റെ സി.എൻ.ജി. ബസ് 64 ലക്ഷം രൂപയ്ക്ക്  എടുക്കാൻ ശ്രമിച്ചത് ബി.എം.എസ്. ചെറുത്തു.

ഷാമിയാന അഴിമതി മുതൽ സി.എൻ.ജി.വരെ വിളിച്ചു പറയാൻ ബി.എം.എസ് മാത്രമേ ഉള്ളൂ. അതിന്റെ ചൊരുക്കിൽ ശമ്പള പരിഷ്ക്കരണ കരാർ ലംഘിക്കാൻ സർക്കാരിനെ അനുവദിക്കില്ല.

കഴിഞ്ഞ മാസങ്ങളിൽ ഡീസലിന് അധിക വില നൽകി എന്ന് കള്ളം പറഞ്ഞ് തൊഴിലാളികൾക്ക് ശമ്പളം നിഷേധിച്ചവർ ഈ മെയ് മാസത്തെ ശമ്പള നിഷേധത്തെ ന്യായീകരിക്കാൻ ഇരുട്ടിൽ തപ്പുന്നു. സർക്കാർ നടത്തിയ അഴിമതി മൂലം ഉണ്ടായ കടം വീട്ടാൻ തൊഴിലാളികളെ പിഴിയാൻ അനുവദിക്കില്ല.

തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾ തടഞ്ഞുവെച്ചാൽ അത് പിടിച്ചു വാങ്ങുക തന്നെ ചെയ്യുമെന്നും എസ്. അജയകുമാർ പറഞ്ഞു. ജില്ലാ പ്രസിഡൻറ് വി.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു.

ആർ എസ് എസ് ജില്ലാ സഹ സംഘചാലക് കെ.പി.രാജേന്ദ്രൻ , കെ എസ് ടി ഇ എസ് ജില്ലാ സെക്രട്ടറി ടി.വി.രമേഷ്കുമാർ ബി എം എസ് ജില്ലാ വൈസ് പ്രസിഡൻറ് പി.കെ.രവീന്ദ്രനാഥ്, എൻ.ജി.ഒ സംഘ് ജില്ലാ പ്രസിഡൻറ് വിൽസ ദാസ് ,കെ വി എം എസ് ജില്ലാ ജോയിൻറ് സെക്രട്ടറി ആർ.സുനിൽ എന്നിവർ സംസാരിച്ചു.

പ്രവർത്തനറിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അംഗീകരിച്ച സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. ജില്ലാ പ്രസിഡൻറ് വി.ശിവദാസ് , വർക്കിംഗ് പ്രസിഡൻറ് കെ.സുരേഷ് കൃഷ്ണൻ ,സെക്രട്ടറി ടി .വി രമേഷ് കുമാർ ,ട്രഷറർ കെ.സുധീഷ് വൈസ് പ്രസിഡൻറുമാർ പി.ആർ.മഹേഷ്, വി.വിജയൻ ,ശശാങ്കൻ, എൻ.കാളിദാസ് ജോയിൻറ് സെക്രട്ടറിമാർ എം.കണ്ണൻ, എം.അനീഷ്, എൽ. മധു , സി.കെ.സുമതി എന്നിവരെ തെരഞ്ഞെടുത്തു.

തുടർന്ന് പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിലേക്ക് പ്രകടനം നടത്തി. തുടർന്ന് ഡിപ്പോയിൽ നടന്ന പൊതുസമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൽ. രാജേഷ് ഉദ്ഘാടനം ചെയ്തു.

കെഎസ്ആർടിസിയെ സർക്കാർ ഡിപ്പാർട്ട്മെൻറാക്കി പൊതു ഗതാഗതം സംരക്ഷിക്കാൻ ഭരണകൂടം തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിമാരായ കെ രാജേഷ്, പി.കെ. ബൈജു എന്നിവർ സംസാരിച്ചു.

Advertisment