/sathyam/media/post_attachments/ioESsuCB4vmhVbutws62.jpg)
പക്ഷി സർവ്വേയിൽ പങ്കെടുത്തവർ
പാലക്കാട്: ബയോഡൈവേഴ്സ്റ്റി മനേജ്മെന്റ് കമ്മിറ്റി, അകത്തേത്തറ ഗ്രാമ പഞ്ചായത്ത്, വനം വന്യ ജീവി വകുപ്പ് പാലക്കാട് ഡിവിഷന്‍ എന്നിവരുമായി സഹകരിച്ച് നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി ഓഫ് പാലക്കാട് (എൻ.എച്ച്.എസ്.പി), അകത്തേത്തറ പഞ്ചായത്തിലെ വാളയാര്‍ ഫോറെസ്റ്റ് റേഞ്ചിന് കീഴിലുള്ള കാറ്റാടിക്കുന്ന്, ചീക്കുഴി വനമേഖലയില്‍ പക്ഷി സര്‍വേ നടത്തി. സര്‍വേയില്‍ 48 ഇനം പക്ഷികളെ കണ്ടെത്തി.
കേരളത്തില്‍ അപൂര്‍വമായി മാത്രം കണ്ടിട്ടുള്ള ചോരച്ചുണ്ടന്‍ പക്ഷിയെ ഈ സര്‍വേയില്‍ കാണാന്‍ സാധിച്ചു. കേരളത്തില്‍ വളരെ വിരളമായി തമിഴ്നാടിനോട് ചേര്‍ന്ന് കിടക്കുന്ന ഭാഗങ്ങളില്‍ മാത്രമാണ് ഇവയുടെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുള്ളത്. പാലക്കാട്ട് മലമ്പുഴയിലും ഇവയെ കണ്ടിട്ടുണ്ട്. കാറ്റാടിക്കുന്ന് മേഖലയില്‍ ഇവ പ്രജനനം നടത്തുന്നതായി ഇതിന് മുമ്പുള്ള സര്‍വ്വേയില്‍ കണ്ടിരുന്നു.
/sathyam/media/post_attachments/2rL6QNwA3tHCBkV4SgWc.jpg)
കാറ്റാടിക്കുന്ന്, അയ്യപ്പന്‍ ചാല്‍, അഴകമ്പാറ പ്രദേശം ചെംകണ്ണന്‍ തിത്തിരിപ്പക്ഷിയുടെ പ്രജനന മേഖലയാണെന്ന് കണ്ടെത്തുവാന്‍ കഴിഞ്ഞു. തുറസ്സായ പ്രദേശങ്ങളില്‍ നിലത്ത് മുട്ടയിടുന്ന ഇരുപതില്‍ പരം ചെംകണ്ണന്‍ തിത്തിരിപ്പക്ഷികളെ ഇവിടെ കണ്ടെത്തി.
മലമ്പുഴയുടെ ഇടത്തെ റിങ്ങ് റോഡിന്റ്റെ വശത്ത് സ്ഥിതി ചെയ്യുന്ന കൂര്‍മ്പാച്ചി മലയുടെ പടിഞ്ഞാറായിട്ടുള്ള കാറ്റാടിക്കുന്ന് അഴകമ്പാറ കുന്നുകള്‍ നീലഗിരി ബയോസ്പിയര്‍ റിസര്‍വിന്‍റെ തെക്കേ അറ്റമായ വാളയാര്‍ വനമേഖലയുടെ ഭാഗവും, അതീവ ജൈവ വൈവിധ്യ പ്രാധാന്യമുള്ള പ്രദേശവുമാണ്. ഇവിടെ ഉത്ഭവിക്കുന്ന അയ്യപ്പൻചാല്‍ ഒരു വറ്റാത്ത ജല സ്രോതസ്സാണ്. ചീക്കുഴി നീര്‍ത്തടത്തിന്‍റെ ഭാഗമായ ഈ അരുവി, കുന്നിന് താഴെ ഇരുവരി തൊടായി ഒഴുകി പറളിയില്‍ ഭാരതപ്പുഴയില്‍ ചെന്നെത്തുന്നു.
/sathyam/media/post_attachments/W5YbLo1ZYxtj79rRVkvN.jpg)
മുതിര്‍ന്ന പക്ഷി നിരീക്ഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ആര്‍. വേണുഗോപാലന്‍, വനം വന്യജീവി വകുപ്പ് (വൈല്‍ഡ് ലൈഫ് എഡ്യുക്കേഷന്‍) ഡെപ്യൂടി ഡയറക്ടര്‍ മനോജ് ബാലകൃഷ്ണന്‍, എൻ.എച്ച്.എസ്.പി. സെക്രട്ടറി പ്രവീണ്‍ വേലായുധന്‍, മെമ്പര്‍മാരായ രവി കാവുങ്കല്‍, രഞ്ജിത് വി.ജെ, ബയോഡൈവേഴ്സ്റ്റി മനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ സതീഷ് പുളിക്കൽ, അഡ്വ. ലിജോ പനങ്ങാടൻ എന്നിവരുടെ നേതൃതത്തില്‍ പൊതു ജന പങ്കാളിത്തതോടെ നടന്ന സര്‍വേയില്‍ 25 ഓളം പേര്‍ പങ്കെടുത്തു. അകത്തേത്തറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനൻ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us