കെഎസ്ആർടിസിയിൽ പ്രതിസന്ധി സൃഷ്ടിച്ച് പൊതുഗതാഗതം സഹകരണ മേഖലക്ക് കൈമാറാനുള്ള ഭരണപക്ഷ ഗൂഢാലോചന ചെറുത്തു തോൽപ്പിക്കും : മുനിസിപ്പൽ & കോർപ്പറേഷൻ എംപ്ലോയീസ് സംഘ് ക്ഷേത്രീയ സംഘടനാ സെക്രട്ടറി പി.കെ. സാബു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:കെഎസ്ആർടിസിയിൽ മന:പൂർവ്വം പ്രതിസന്ധി സൃഷ്ടിച്ച് പൊതുഗതാഗതം ഇടതുപക്ഷത്തിന് മേധാവിത്വമുള്ള സഹകരണ മേഖലക്ക് തീറെഴുതാനുള്ള ശ്രമമാണ് ഭരണകൂടം നടത്തുന്നതെന്ന് മുനിസിപ്പൽ & കോർപ്പറേഷൻ എംപ്ലോയീസ് സംഘ് ക്ഷേത്രീയ സംഘടനാ സെക്രട്ടറി പി.കെ സാബു പറഞ്ഞു.

Advertisment

കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ടി. എംപ്ലോയീസ് സംഘ് നടത്തുന്ന അനിശ്ചിതകാല പ്രതിഷേധ ധർണ്ണയുടെ പതിനഞ്ചാം ദിവസം പാലക്കാട് ഡിപ്പോയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിൽ പതിനായിരക്കണക്കിന് ജീവനക്കാരെ പിരിച്ചു വിട്ടും തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുന്ന തൊഴിൽ പരീക്ഷണങ്ങൾ നടത്തിയും ജീവനക്കാരുടെ മാനസിക വീര്യം തകർത്ത് തൊഴിൽ മേഖലയിൽ അരാജകത്വം സൃഷ്ടിക്കുകയാണ് ഇടതു ഭരണകൂടം ചെയ്യുന്നത്. തൊഴിലാളി മുന്നേറ്റത്തെ വെല്ലുവിളിക്കുന്നത് ജനാധിപത്യ സർക്കാരിനു ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടതു സർക്കാർ 2016-ൽ അധികാരത്തിലെത്തുമ്പോൾ ഉണ്ടായിരുന്ന ജീവനക്കാരുടെ എണ്ണവും ബസ്സുകളുടെ എണ്ണവും ഏതാണ്ട് നേർ പകുതിയായിരിക്കുന്നു. എന്നാൽ വരുമാനം അതേ നിലയിൽ ലഭിക്കുന്നുമുണ്ട്. നാല്പത്തിയാറായിരം ജീവനക്കാരിൽ നിന്നും പിരിച്ചുവിട്ടവരേയും പെൻഷനായവരേയും കഴിച്ചാൽ ഇപ്പോൾ ഇരുപത്തിയാറായിരം ജീവനക്കാരായി കുറഞ്ഞു.

ബോഡി ബിൽഡിംഗ് യൂണിറ്റ് പൂർണ്ണമായും അടച്ചു പൂട്ടി. വർക്ക്ഷോപ്പുകളും ഓഫീസുകളും ജില്ലാ കേന്ദ്രങ്ങളിൽ മാത്രമാക്കാനുള്ള നടപടികളുമായ ശമ്പളയിനത്തിൽ ലക്ഷങ്ങളുടെ കുറവുണ്ടായി. ആശ്രിത നിയമനം ഉൾപ്പെടെ എല്ലാത്തരം നിയമനങ്ങളും മരവിപ്പിച്ചിട്ട് അഞ്ചു വർത്തിലധികമായി.

2885 ബസ്സുകൾ പാർക്കിംഗ് യാർഡുകളിൽ മാറ്റിയിട്ടിരിക്കുന്നതു കാരണം യാത്രാക്ലേശം രൂക്ഷമാണെങ്കിലും ഡീസൽ ചെലവിൽ ഗണ്യമായ കുറവാണ് ഇപ്പോഴുള്ളത്. ടിക്കറ്റ് കളക്ഷൻ ആറരക്കോടി ലഭിക്കുന്നുമുണ്ട്. എന്നിട്ടും ശമ്പളം നൽകാൻ പണമില്ലെന്ന വാദം അഴിമതിയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

കണക്കറിയാത്ത മന്ത്രിയും, കണക്കപ്പിള്ളയില്ലാത്ത മാനേജ്മെന്റും ചേർന്ന് തൊഴിലാളികളെ വഞ്ചിക്കുകയാണ്. സർക്കാരിന്റെ ഓരോ നീക്കവും സ്ഥാപനത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന ബോധ്യം ജീവനക്കാർക്കുണ്ട്. എംപ്ലോയീസ് സംഘ് -ന് അംഗീകാരം ലഭിച്ചതോടെ അകത്തളങ്ങളിലെ ഒത്തുതീർപ്പുകൾ സാദ്ധ്യമല്ലാതായി.

ചർച്ചകളുടെ വിശദാംശങ്ങൾ ജീവനക്കാരുടെ മുന്നിലും പൊതുവേദികളിലും അവതരിക്കപ്പെട്ടതോടെ അണികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ മറ്റു യൂണിയനുകൾക്കും സമര പ്രഖ്യാപനം നടത്തേണ്ടി വരുന്നു.

പത്തു വർഷം ശമ്പള പരിഷ്ക്കരണത്തിനായി മിണ്ടാട്ടമില്ലാതിരുന്ന ഇക്കൂട്ടർ സർക്കാരിന്റെ എല്ലാ കൊള്ളരുതായ്മകൾക്കും ഓശാന പാടി. കെ എസ് ആർ ടി സിയുടെ വിഷയങ്ങളിൽ ശാശ്വത പരിഹാരമല്ലാതെ ഇനിയൊരു ഒത്തുതീർപ്പിനില്ല എന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ വർക്കിംഗ് പ്രസിഡൻറ് കെ.സുരേഷ്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.സുധീഷ്, യു. തുളസീദാസ്, എം.കണ്ണൻ എന്നിവർ സംസാരിച്ചു.

Advertisment