/sathyam/media/post_attachments/4bJ6UUqzARWmgoHcMvv5.jpg)
പാലക്കാട്: കെഎസ്ആർടിസിയിലെ തൊഴിലാളികളുടെ മെയ് മാസത്തെ ശമ്പളം ജൂൺ 27 ആയിട്ടും നൽകാത്ത സർക്കാർ കേരളത്തിനു തന്നെ അപമാനമാണെന്ന് പെൻഷനേഷ്ഴ്സ് സംഘ് ജില്ലാ പ്രസിഡൻറ് കെ.നാരായണൻ പറഞ്ഞു.
കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന അനിശ്ചിത കാല പ്രതിഷേധ ധർണ്ണയുടെ ഇരുപത്തൊന്നാം ദിവസം പാലക്കാട് ഡിപ്പോയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിനു വേണ്ടി സേവനം ചെയ്യുന്ന ജീവനക്കാരെ ശമ്പളം നൽകാതെ പീഡിപ്പിക്കുന്ന നടപടി പരിഷ്കൃത സമൂഹത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്. ശമ്പളം ഉൾപ്പടെയുള്ള ദൈനം ദിന ചെലവിനുള്ള വരുമാനം കണ്ടെത്തുന്ന കെഎസ്ആർടിസി ജീവനക്കാരുടെ നേരെ ഇത്തരത്തിലുള്ള സമീപനം സ്വീകരിക്കുന്ന സർക്കാർ നടപടി ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല. സർക്കാർ ഇത്തരത്തിലുള്ള നയം തുടർന്നാൽ ഇത് വെച്ചുപൊറുപ്പിക്കാനാവില്ല എന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
കെഎസ്ആർടിസിയെ തകർത്ത് പകരം കെ-സ്വിഫ്റ്റ് കമ്പനിയുണ്ടാക്കി പൊതുഗതാഗതം വീതിച്ചു നൽകാനും അതിലൂടെ കോടികൾ തട്ടാമെന്ന മോഹം നടക്കില്ല. കെഎസ്ആർടിസിക്ക് അർഹതപ്പെട്ട ഫണ്ട് വിനിയോഗിച്ച് കമ്പനിക്കായി ബസ്സുകൾ വാങ്ങുന്നു. ജനങ്ങൾക്ക് ലാഭനഷ്ടം നോക്കാതെ കെഎസ്ആർടിസി നടത്തിയിരുന്ന സൗജന്യ സേവനങ്ങളെല്ലാം അവസാനിക്കുകയാണ്.
കെഎസ്ആർടിസി ജീവനക്കാർക്കു പോലും യാത്രാ പാസ് അനുവദിച്ചിട്ടില്ലാത്ത സ്വിഫ്റ്റ് കമ്പനി വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ എല്ലാ സൗജന്യങ്ങളും നിർത്തലാക്കും. ലാഭം മാത്രം ലക്ഷ്യമിടുന്ന കമ്പനി തിരക്കേറിയ സമയങ്ങളിൽ മാത്രം സർവീസ് നടത്തും. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും കടമെടുക്കാൻ വേണ്ടി മാത്രം തട്ടിക്കൂട്ടിയ കെ-സ്വിഫ്റ്റ് കമ്പനി എത്രയും വേഗം കെഎസ്ആർടിസിയിൽ ലയിപ്പിക്കണം.
2016 മുതൽ പൊതുതാഗതത്തെ തകർക്കാനുള്ള പദ്ധതികൾ മാത്രമാണ് സർക്കാർ നടപ്പാക്കിയത്. സ്വകാര്യവത്കരണ വിദഗ്ദൻ സുശീൽ ഖന്നയുടെ റിപ്പോർട്ട് ഇടതു നയങ്ങൾക്കു വിരുദ്ധമായിരുന്നിട്ടും അപ്പടി നടപ്പാക്കി സ്ഥാപനത്തെ തകർക്കുകയാണ്. മനസാക്ഷിയില്ലാത്ത മാർക്സിസ്റ്റ് യൂണിയനും ഖന്നക്കു വേണ്ടി നിലകൊണ്ടതോടെ സർക്കാരിന് പദ്ധതി എളുപ്പമായി. ആർ ടി സിക്ക് നാളിതുവരെ അനുവദിച്ച ഫണ്ടുകളെല്ലാം പലിശയും പിഴപലിശയും ബാധകമായ വായ്പയാണെന്ന് ഗതാഗത വകുപ്പ് തന്നെ കോടതിയിൽ പറഞ്ഞിരിക്കുന്നു.
ഡീസൽ നികുതിയിനത്തിൽ തന്നെ പ്രതിമാസം കോടികൾ ഖജനാവിലെത്തിക്കുന്നതും സർക്കാർ നിർദ്ദേശിക്കുന്ന പ്രകാരം കെ എസ് ആർ ടി സി ഏറ്റെടുക്കുന്ന മറ്റു സേവനങ്ങളുമെല്ലാം വെള്ളത്തിലെ വരകളായി മാറി. ജീവനക്കാരെ പ്രകോപിതരാക്കി സമര പ്രഖ്യാപനം പ്രതീക്ഷിക്കുന്ന സർക്കാരിന് ആർ ടി സിയുടെ അന്ത്യത്തിനായി രഹസ്യ അജണ്ടയാണുള്ളത്.
ജീവനക്കാരുടെ പട്ടിണിസമരത്തിനു ശേഷമുള്ള പടയോട്ടത്തിൽ സർക്കാരിന് മുട്ടുമടക്കേണ്ടി വരും. കെ എസ് ടി എംപ്ലോയീസ് സംഘ് ജില്ലാ ട്രഷറർ കെ.സുധീഷ് അദ്ധ്യക്ഷത വഹിച്ചു. ഗസറ്റഡ് എംപ്ലോയീസ് സംഘ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ , ബി എം എസ് ജില്ലാ സമിതി അംഗം ആർ.ഹരിദാസ് , പെൻഷനേഴ്‌സ്‌സംഘ് ജില്ലാ സെക്രട്ടറി എം.കെ.വാസുദേവൻ, കെ. ശങ്കരനാരായണൻ , കെ.കൃഷ്ണൻ , ശ്രീകുമാരൻ മാസ്റ്റർ, സി.പ്രമോദ് എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us