ഒറ്റയ്ക്ക് നടന്നുപോകുന്ന സ്ത്രീകളെ സമീപിച്ച് മാല പിടിച്ചുപറിക്കുന്ന സഹോദരങ്ങള്‍ അറസ്റ്റില്‍

New Update

publive-image

പാലക്കാട്: ഒറ്റയ്ക്ക് നടന്നുപോകുന്ന സ്ത്രീകളെ സമീപിച്ച് മാല പിടിച്ചുപറിക്കുന്ന സഹോദരങ്ങള്‍ അറസ്റ്റില്‍. പാലക്കാട് ചന്ദ്രനഗര്‍ കരിങ്കരപ്പുള്ളി കരേക്കാട് പുളിയങ്കാവ് വിഘ്‌നേഷ് (22), സഹോദരന്‍ വിഷ്ണു (26) എന്നിരെയാണ് ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

Advertisment

കഴിഞ്ഞമാസം 20ന് രാവിലെ 8.45 ന് യാക്കര സ്‌കൂളിന് സമീപമുള്ള കനാല്‍ റോഡിലൂടെ നടന്നുപോവുകയായിരുന്ന തോട്ടത്തില്‍ വീട്ടില്‍ ചന്ദ്രന്റെ ഭാര്യ വേശുവിന്റെ (68) മാല പിടിച്ചുപറിച്ച കേസിലാണ് ഇവരെ പിടികൂടിയത്.

വേശു കഴുത്തിലണിഞ്ഞിരുന്ന ഒന്നരപവന്‍ സ്വര്‍ണമാലയാണ് നഷ്ടപ്പെട്ടത്. മോട്ടോര്‍ബൈക്കില്‍ എതിരെ വന്നവര്‍ മാല പൊട്ടിച്ച് കടന്നുകളഞ്ഞെന്നാണ് വേശു പരാതിപ്പെട്ടത്. സംഭവത്തില്‍ കേസെടുത്ത ടൗണ്‍ സൗത്ത് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ സഞ്ചരിച്ച ബൈക്ക് തിരിച്ചറിഞ്ഞു.

കാടാങ്കോട് ഭാഗത്ത് കറങ്ങി നടക്കുന്നതിനിടെ ശനിയാഴ്ച രാത്രിയാണ് ഇവരെ പോലീസ് പിടികൂടിയത്. ബൈക്കിന്റെ നമ്പര്‍ ചുരണ്ടി മാറ്റംവരുത്തിയ നിലയിലായിരുന്നു. ബൈക്കിന്റെ ഉടമയെ കുറിച്ച് അറിയില്ലെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്.

ചോദ്യംചെയ്യലില്‍ മാല പിടിച്ചുപറിച്ചതില്‍ കുറ്റസമ്മതം നടത്തി. തൃശൂര്‍ ജില്ലയിലെ പഴയന്നൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ വില്‍പ്പന നടത്തിയ തൊണ്ടിമുതല്‍ അന്വേഷണ സംഘം കണ്ടെത്തി.

മാല വിറ്റുകിട്ടിയ പണം ഉപയോഗിച്ച് കൊടൈകനാലില്‍ യാത്ര പോയതായും ലഹരിക്കും മറ്റ് ആഡംബര ജീവിതത്തിനുമായി ചെലവിട്ടതായുമാണ് പ്രതികള്‍ നല്‍കിയ മൊഴി. വിശദമായ ചോദ്യംചെയ്യലില്‍ കഴിഞ്ഞ ദിവസം പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപം നടന്നു പോയിരുന്ന ഒരു സ്ത്രീയുടെ കഴുത്തില്‍ നിന്നും സുമാര്‍ ഒരുപവന്‍ തൂക്കം വരുന്ന മാല പൊട്ടിച്ചെടുത്തതായി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

ഈ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയില്‍ വാങ്ങി തുടരന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. പ്രതികള്‍ മാലപൊട്ടിക്കാനെത്തിയ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.

ടൗണ്‍ സൗത്ത് ഇന്‍സ്‌പെക്ടര്‍ ടി. ഷിജു എബ്രഹാം, എസ്ഐമാരായ വി. ഹേമലത, എം. അജാസുദ്ദീന്‍, എസ്.സി.പി.ഒ.മാരായ കെ.സി. പ്രദീപ്കുമാര്‍, എം. സന്തോഷ്, കെ.ബി. രമേഷ്, എം. സുനില്‍, ആര്‍. വിനീഷ്, വി.ആര്‍. രവി, എം. ഷനോസ്, ബി. ഷൈജു, ജി. സൗമ്യ, ഡി. ദിവ്യ എന്നിവരടങ്ങിയ സംഘമാണ് കേസില്‍ അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.

Advertisment