ഐശ്വര്യയുടെയും കുഞ്ഞിന്റെയും മരണം; തങ്കം ആശുപത്രി അധികൃതർ പറഞ്ഞത് പലതും അവാസ്തവമെന്ന് ഐശ്വര്യയുടെ ബന്ധുക്കള്‍

New Update

publive-image

പാലക്കാട്: ഐശ്വര്യയുടെയും കുഞ്ഞിന്റെയും മരണം സംബന്ധിച്ച് തങ്കം ആശുപത്രി അധികൃതർ പറഞ്ഞ പലതും അവാസ്തവമാണെന്ന് മരിച്ച ഐശ്വര്യയുടെ ഭർത്താവ് രഞ്ജിത്ത്. 9 മാസം ഐശ്വര്യയെ പരിശോധിച്ച പ്രിയദർശിനി ഡോക്ടറൊ നിള ഡോക്ടറൊ പ്രസവ സമയത്തില്ലാതിരുന്നത് സംശയത്തിന് ഇടനൽകുന്നതാണെന്നും രഞ്ജിത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Advertisment

ഐശ്വര്യയുടെ പ്രസവ സമയത്തെ അവസ്ഥകൾ കൃത്യമായി ബന്ധുക്കളെ അറിയിച്ചു എന്ന ആശുപത്രി അധികൃതരുടെ വാദം തീർത്തും തെറ്റാണ്. പ്രസവ സമയത്തെ അവസ്ഥ നിരന്തരം ചോദിച്ചിട്ടും പലതും മറച്ചുവെക്കുകയായിരുന്നു.

രക്തം നേരത്തെ ശേഖരിച്ചു വെച്ചിരുന്നുവെന്നും അത് ആശുപത്രി നേരിട്ട് ഏർപ്പെടുത്തുകയായിരുന്നു എന്ന വാദവും തെറ്റാണ്. നിലക്കാത്ത രക്തസ്രാവം നിർത്താനായി ഗർഭപാത്രം നീക്കം ചെയേണ്ടിവരുമെന്ന് വീട്ടുകാരെ അറിയിക്കുന്നതിന് മുമ്പ് തന്നെ നീക്കം ചെയ്തിരുന്നു.

ഐശ്വര്യയുടെ പ്രസവ സമയത്തുണ്ടായിരുന്നത് അജിത്ത് എന്ന ഡോക്ടറാണ്. ഇദ്ദേഹം ഒരിക്കൽ പോലും ഐശ്വര്യയെ പരിശോധിച്ചിട്ടില്ല. അവശത തിരിച്ചറിഞ്ഞ് ഐശ്വര്യതന്നെ സർജറി ആവശ്യപ്പെട്ടിട്ടും നടത്താതിരുന്നതിലും ദുരൂഹതയുണ്ട്.

ആശുപത്രി അധികൃതർ പലസമയങ്ങളിലും നിബന്ധനകളടങ്ങിയ പേപ്പറുകൾ ഒപ്പിട്ടു വാങ്ങിയിരുന്നു. നിബന്ധനകൾ പലതും അംഗീകരിക്കാൻ കഴിയാത്തതാണെങ്കിലും നിസ്സഹായവസ്ഥ കൊണ്ടു മാത്രം ഒപ്പിട്ടു നൽകിയതാണ്.

ഐശ്വര്യയും കുഞ്ഞും മരിക്കാനിടയായതിൽ കുറ്റവാളികളായവർ ശിക്ഷിക്കപ്പെടണമെന്നും രഞ്ജിത്ത് ആവശ്യപ്പെട്ടു. ഐശ്വര്യയുടെ സഹോദരി അശ്വതി, അശ്വതിയുടെ ഭർത്താവ് വിവേക്, രഞ്ജിത്തിന്റെ സഹോദരി രേഷ്മ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Advertisment