പാലക്കാട് പ്രഭാത സവാരിക്കാരനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് എൽഡിഎഫിന്‍റെ നേതൃത്വത്തിൽ ഫോറസ്റ്റ് ഡിവിഷണൽ ഓഫീസ് ഉപരോധിച്ചു

New Update

publive-image

പാലക്കാട്: പ്രഭാതസവാരിക്കിറങ്ങിയ പതിനൊന്നംഗ സംഘത്തിലെ ഒരാളെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് എൽഡിഎഫിന്‍റെ നേതൃത്വത്തിൽ ഫോറസ്റ്റ് ഡിവിഷണൽ ഓഫീസ് ഉപരോധിച്ചു.

Advertisment

പാൽ, പത്രം, പള്ളിയിലേക്ക് വരുന്നവർ, അതിരാവിലെ ജോലിക്കു പോകുന്നവർ തുടങ്ങി ഒട്ടേറെ പേർ പോകുന്ന സമയമാണ്. ഇത്തരത്തിലുള്ള ആനശല്യത്തിനെതിരെ പല തവണ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ശക്തമായ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ജനവാസ മേഖലയായ ധോണി പൈറ്റാം കുന്നം സെൻ്റ് ജയിംസ് കത്തോലിക്ക പള്ളിക്കു സമീപം ഇന്ന് രാവിലെ 5-20 നായിരുന്നു സംഭവം. ധോണി പെരുന്തുരുത്തിക്കളം ശിവരാമൻ (60) ആണ് കാട്ടാനയുടെ ആക്രമണത്തിൽ അതിദാരുണമായി കൊല്ലപ്പെട്ടത്. ബാബു, രാജേഷ്, ശിവരാമൻ തുടങ്ങി പതിനൊന്നംഗ സംഘമാണ് ദിവസേന ഈ വഴി നടക്കാറുള്ളത്.

ശിവരാമനും ശശിയും അൽപം വേഗത്തിൽ നടക്കുന്നവരാണ്. ഇന്നും അതുപോലെ മുന്നിൽ വേഗത്തിൽ നടക്കുന്നതിനിടയിൽ ആനയുടെ ചിന്നം വിളി കേട്ടു. കൂടെയുണ്ടായിരുന്നവർ ഒച്ചയുണ്ടാക്കിയപ്പോൾ ആന നിശബ്ദമായി നടന്നു നീങ്ങി.

publive-image

സംഘം നേരേ മുന്നോട്ട് ചെന്നപ്പോൾ പാടത്തിനരികിൽ പേടിച്ചു ഇരിക്കുന്ന ശശിയെയാണ് കണ്ടത്. അദ്ദേഹത്തിനൊന്നും സംസാരിക്കാൻ കഴിയുന്നില്ല. തൊട്ടപ്പുറത്തെ പാടത്ത് നോക്കിയപ്പോൾ കാൽ മാത്രം ഉയർന്നു നിൽക്കുന്നതു കണ്ടു. ചെളിയില്‍നിന്നും വലിച്ചെടുത്തെങ്കിലും ആളെ മനസ്സിലായില്ല.

അതു വഴി വന്ന പോലീസുകാരൻ്റെ കൈയ്യിൽ നിന്നും വെള്ളം വാങ്ങി മുഖം കഴുകി നോക്കിയപ്പോഴാണ് ആളെ മനസ്സിലായത്. പോലീസുകാരൻ പൾസ് നോക്കി. ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാൻ പറഞ്ഞതനുസരിച്ച് അതുവഴി വന്ന ഓട്ടോറിക്ഷയിൽ കയറ്റി പാലക്കാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് സഹയാത്രികനായ ബാബു സങ്കടത്തോടെ പറഞ്ഞു.

publive-image

വന്യമൃഗങ്ങളെ സംരക്ഷിക്കണമെന്നും ക്വാറികളുടെ പ്രവർത്തനം നിർത്തണമെന്നാവശ്യപ്പെട്ടും കുടുംബസമേതംസമരം നടത്തുന്ന വ്യക്തിയായിരുന്നു ശിവരാമൻ എന്ന് നാട്ടുകാർ ഓർമ്മിച്ചു.

ആർഡിഒ, ഫോറസ്റ്റ്, പോലീസ് തുടങ്ങി ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. എംഎൽഎ പ്രഭാകരനടക്കം ജനപ്രതിനിധികളും സ്ഥലത്ത് എത്തിയിരുന്നു.

Advertisment