/sathyam/media/post_attachments/y4xht1nCKnejcARGHXHE.jpg)
നെന്മാറ: അയിലൂർ പഞ്ചായത്തിലെ കൽച്ചാടി മേഖലയിൽ കാട്ടാനകൾ മൂന്നാം ദിവസവും കൃഷി സ്ഥലങ്ങളിൽ നാശം തുടരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകുന്നേരത്തോടെ പ്രദേശത്തെ കൃഷിയിടങ്ങളിൽ കയറിയിറങ്ങാൻ തുടങ്ങിയ കാട്ടാനകള്‍ ശനിയാഴ്ച രാത്രി നിരങ്ങാൻ പാറ ഭാഗത്ത് കൂടെ വന്ന് മുൻ ദിവസങ്ങളിൽ വന്ന കൃഷിസ്ഥലങ്ങൾ കൂടാതെ കൂടുതൽ കൃഷിയിടങ്ങളിൽ എത്തി നാശനഷ്ടങ്ങള്‍ വരുത്തി.
തോട്ടങ്ങളിലൂടെ വ്യാപകമായി നടന്നും ചവിട്ടിയം വൃക്ഷങ്ങളുടെ കൊമ്പുകൾ ഓടിച്ചും കവുങ്ങ്, ഫലവൃക്ഷങ്ങൾ തുടങ്ങിയവയും നശിപ്പിച്ചു. മാസങ്ങൾക്ക് മുമ്പ് തന്നെ വാഴകളും ചെറിയ തെങ്ങിൻ തൈകളും നശിപ്പിച്ചതിനാൽ തോട്ടങ്ങളിലെ ശേഷിച്ച കൊക്കോ, കുടംപുളി, പ്ലാവ് തുടങ്ങിയ മരങ്ങളെയാണ് ഇപ്പോൾ ഇവ നശിപ്പിച്ചത്.
എം. അബ്ബാസിന്റെ റബ്ബർ തോട്ടത്തിനകത്ത് റബ്ബർ ഷീറ്റ് ഉണങ്ങാനിട്ടിരുന്ന അയ പൊട്ടിച്ച് താഴെയിട്ട് ഷീറ്റുകൾ ചവിട്ടി നാശം വരുത്തിയിട്ടുണ്ട്. റബ്ബർ മരങ്ങളിലെ മഴ മറയും പറിച്ചു കളഞ്ഞു നശിപ്പിച്ചിട്ടുണ്ട്.
തോട്ടങ്ങളിലൂടെ നടന്ന കാട്ടാനകൾ മുൻകാലങ്ങളിൽ വ്യാപകമായി വാഴകൾ നശിപ്പിച്ചതിനെത്തുടർന്ന് പ്രദേശത്ത് വാഴ കൃഷി ഉപേക്ഷിച്ചതോടെ കർഷകരുടെ വരുമാന മാർഗ്ഗങ്ങൾ ഇല്ലാതാവുകയാണ്.
മുള വന്നു തുടങ്ങിയ മഞ്ഞൾ വാരങ്ങൾ മൂന്നുദിവസത്തെ കാട്ടാനയുടെ വരവിലും പോക്കിലും പൂർണ്ണമായും ചവിട്ടിനശിപ്പിച്ചു. കോപ്പം കുളമ്പ് മുരുകന്റെ തെങ്ങ്, ചേവുണ്ണി ഖാദറിന്റെ പ്ലാവ്, പണ്ടിക്കുടി എൽദോസിന്റെ കമുക് തുടങ്ങി നിരവധി കൃഷിക്കാരുടെ വിളകൾ വ്യാപകമായി തിന്നും ചവിട്ടിയും നശിപ്പിച്ചു.
കാട്ടാനകളുടെ സാന്നിധ്യം മൂലം കഴിഞ്ഞ മൂന്ന് ദിവസമായി പ്രദേശത്തെ റബർ ടാപ്പിംഗ് മുടങ്ങിയിരിക്കുകയാണ്. സന്ധ്യയോടെ വൈദ്യുത വേലി തള്ളിയിട്ട് കൃഷി സ്ഥലങ്ങളിൽ എത്തുന്ന കാട്ടാനകൾ രാവിലെ ടാപ്പിംഗ് തൊഴിലാളികളുടെ സാന്നിധ്യം അറിഞ്ഞ ശേഷമാണ് കാട്ടിലേക്ക് മടങ്ങുന്നത്.
സമീപത്തെ വനമേഖലയിൽ പകൽസമയം കഴിച്ചുകൂട്ടുന്ന കാട്ടാനകൾ കൃഷിസ്ഥലങ്ങളിലെ ഫലവൃക്ഷങ്ങൾ ലക്ഷ്യംവച്ച് വീണ്ടും വരികയാണ് ചെയ്യുന്നത്. നെല്ലിയാമ്പതി വനം റേഞ്ചിലെ തിരുവഴിയാട് സെക്ഷനിൽ പെട്ട പ്രദേശമാണ് കൽച്ചാടി.
സമീപപ്രദേശങ്ങളായ പുഞ്ചേരി ഓവുപാറ, ഒലിപ്പാറ പ്രദേശങ്ങളിലും കാട്ടാന കൃഷിയിടങ്ങളിൽ ഇറങ്ങിയിരുന്നു. ഭക്ഷ്യയോഗ്യമല്ലാത്ത റബ്ബർ മരങ്ങൾ വരെ തള്ളിയിട്ട് നശിപ്പിക്കുന്ന പ്രവണത കൂടിയതോടെ കർഷകർ കൃഷിസ്ഥലങ്ങളിൽ കാവൽ ഇരിക്കുന്ന ശീലവും ഉപേക്ഷിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us