/sathyam/media/post_attachments/KXmyCFa2eVVnkLusqgN4.jpg)
നെന്മാറ: പോത്തുണ്ടി വനമേഖലയിൽ നിന്ന് ഇറങ്ങിയ കാട്ടാനക്കൂട്ടം കോതശ്ശേരി, പൂങ്ങോട്, മാട്ടായി, തളിപ്പാടം പ്രദേശങ്ങളിലെ കൃഷിസ്ഥലങ്ങൾക്കും വീടുകൾക്കും സമീപത്തുകൂടെ രാപ്പകൽ ഭേദമന്യേ സഞ്ചാരം തുടരുന്നതായി പ്രദേശവാസികൾ പറയുന്നു.
നെല്ലിയാമ്പതി വനം റേഞ്ചിലെ പോത്തുണ്ടി സെക്ഷനിൽ പെട്ടതാണ് ഈ പ്രദേശം. വിറകു ശേഖരിക്കാൻ പോയ മാട്ടായി പ്രദേശത്തെ വീട്ടമ്മമാരാണ് കാട്ടാനകളുടെ ബഹളവും സാന്നിധ്യവും മേഖലയിൽ ആദ്യം ശ്രദ്ധിച്ചത്.
ഇവർ വിവരം നൽകിയതിന് തുടർന്ന് പ്രദേശത്തെ തോട്ടങ്ങളിലെ ടാപ്പിങ് തൊഴിലാളികൾ ശബ്ദമുണ്ടാക്കിയെങ്കിലും കാട്ടാനക്കൂട്ടം സമീപ പൊന്തക്കാടുകളിൽ മറഞ്ഞു. രണ്ടുദിവസമായിട്ടും കാട്ടാനകൾ ജനവാസ മേഖലയോട് ചേർന്ന് ചുറ്റിപ്പറ്റിത്തിരികുകയാണ്.
വനമേഖലയോട് ചേർന്ന് വൈദ്യുതവേലിയുണ്ടെങ്കിലും പ്രവർത്തനം കാര്യക്ഷമമല്ല. ചിലയിടങ്ങളിൽ വൈദ്യുതവേലി കാട്ടാന ചരിച്ചിട്ടിട്ടുണ്ട്. കാടിനു താഴെ പോത്തുണ്ടി ജലസേചന കനാൽ ബണ്ടിൽ വ്യാപകമായി വാഴയും തീറ്റപ്പുല്ലും കൃഷി ചെയ്തത് കാട്ടാനകളെ ആകർഷിക്കാൻ ഇടയാക്കിയെന്നും പ്രദേശവാസികൾ പറയുന്നു.
ഒരുമാസം മുമ്പ് പോത്തുണ്ടി ചെക്ക് പോസ്റ്റിന് അടുത്ത കനാൽ ബണ്ടിൽ ഒറ്റയാൻ ഇറങ്ങി തീറ്റ പുല്ലും വാഴയും തിന്നു നശിപ്പിച്ചിരുന്നു. ആറുവർഷം മുമ്പ് മാട്ടായി പ്രദേശത്തെ വീട്ടുവളപ്പിലെ ചക്ക തേടിയെത്തിയ ഗർഭിണിയായ കാട്ടാനയും കുട്ടിയാനയും കിണറ്റിൽ വീണ് ചരിഞ്ഞ സംഭവവും പ്രദേശവാസികൾ ചൂണ്ടിക്കാട്ടി.
വനം അധികൃതർ അടിയന്തരമായി കാട്ടാനക്കൂട്ടത്തെ ഉൾവനത്തിലേക്ക് കയറ്റിവിടാൻ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us